 നാവായിക്കുളത്തെ ക്ഷേത്ര പ്രവേശന വിളംബര സ്‌തൂപം മാറ്റിസ്ഥാപിക്കും ചരിത്രസ്മാരകം സംരക്ഷിക്കും

Sunday 16 June 2024 1:30 AM IST

കല്ലമ്പലം: ഒരു കാലഘട്ടത്തിന്റെ ഓർമയായി നിലകൊള്ളുന്ന നാവായിക്കുളത്തെ ചരിത്ര സ്‌മാരകമായ ക്ഷേത്ര പ്രവേശന വിളംബരം സ്‌തൂപം മാറ്റി സ്ഥാപിച്ച് സംരക്ഷിക്കും. ദേശീയപാതയിലെ പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഭാവിയിൽ മറ്റ് തടസ്സങ്ങൾ വരാൻ സാദ്ധ്യതയില്ലാത്ത ഭാഗത്ത് മാറ്റി സ്ഥാപിക്കുമെന്ന് ദേശീയപാത അതോറിട്ടി എൻജിനിയർ അറിയിച്ചു. ഇപ്പോൾ സ്ഥിതി ചെയ്യുന്ന ഭാഗത്ത് നിന്നും പഴയ ദേശീയപാതയിൽ കിഴക്ക് ഭാഗത്ത് പുതിയ ദേശീയപാതയ്ക്ക് അഭിമുഖമായി മാറ്റി സ്ഥാപിക്കാനാണ് തീരുമാനം. ഇതിനുള്ള സ്ഥലം കണ്ടെത്തി. സമീപത്തെ ഓടയുടെ പണി പൂർത്തിയായാലുടൻ മാറ്റി സ്ഥാപിക്കാനാണ് തീരുമാനം.

 ആശങ്കയ്ക്ക് വിരാമം

ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ പഴയ ദേശീയ പാതയോരത്താണ് വിളംബര സ്തൂപം സ്ഥിതി ചെയ്യുന്നത്. റോഡ് നിർമാണം തുടങ്ങിയപ്പോൾ മുതൽ നാട്ടുകാരും സംരക്ഷണ സമിതിയും മലയാളവേദിയും ഇതിനെ ഉചിതമായ സ്ഥലത്ത് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. എന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൗനം എല്ലാവരേയും ആശങ്കയിലാക്കിയെങ്കിലും വൈകി വന്ന നടപടിയിൽ സന്തോഷിയ്ക്കുകയാണ് നാവായിക്കുളം നിവാസികൾ.

സ്തൂപം സ്ഥാപിച്ചത്....... 1937ൽ

ഉയരം......... 10 അടി

 ഇത് ചരിത്ര ശേഷിപ്പ്

1936 നവംബർ 12ന് തിരുവിതാംകൂർ ചിത്തിര തിരുനാൾ രാമവർമയാണ് ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചു. അതിൽ ആവേശ ഭരിതനായ കോമലേഴത്ത് കരുണാകരൻ സ്വന്തം ചെലവിൽ നാവായിക്കുളത്തെ എതുക്കാട് കവലയിൽ 1937 ഫെബ്രുവരി 24നാണ് ചരിത്രസ്മാരകമായ ക്ഷേത്രപ്രവേശന വിളംബ സ്തൂപം അനാവരണം ചെയ്തത്. അന്നത്തെ പ്രശസ്‌ത ശില്പികളായ ചിന്നു, വേലു ആചാരി എന്നിവരായിരുന്നു ഇതിന്റെ ശില്പികൾ. ജില്ലയിൽ തിരുവനന്തപുരത്തിന് പുറമേ നാവായിക്കുളത്ത് മാത്രമാണ് ഇത്തരത്തിൽ ഒരു സ്മാരക ശില ഉള്ളത്. 10അടി ഉയരമുള്ള സ്തൂപത്തിന് മുകളിൽ ക്ഷേത്രപ്രവേശന വിളംബര സ്തൂപം എന്ന് മലയാളത്തിലും ഇംഗ്ലിഷിലും കൊത്തി വച്ചിട്ടുണ്ട്. മഹാരാജാവിനോടുള്ള ആദരസൂചകമായി വിളംബരത്തിന് മുകളിൽ പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹമായ അനന്തശയനവും കൊത്തിവച്ചിട്ടുണ്ട്.

 ദേശീയപാതാ വികസനത്തിന്റെ പേരിൽ ഏറെ ചരിത്ര പ്രാധാന്യമുള്ള ഈ സ്തൂപം സംരക്ഷിക്കപ്പെടണമെന്ന ആവശ്യം ഉയർന്നിരുന്നു. സ്തൂപം സംരക്ഷിക്കപ്പെടാൻ വേണ്ടി കോമലേഴത്ത് കരുണാകരന്റെ ബന്ധുക്കളും അധികൃതർക്ക് നിരവധി നിവേദനങ്ങൾ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്തൂപം മാറ്റിസ്ഥാപിക്കാൻ തീരുമാനമായത്.

Advertisement
Advertisement