സിവിൽ സപ്ലൈസ് ഔട്ട്‌ലെറ്റ് കുത്തിപ്പൊളിച്ച് കവർച്ച; നാലംഗ സംഘം അറസ്റ്റിൽ

Sunday 16 June 2024 5:31 AM IST

നെടുമങ്ങാട്: ഇരിഞ്ചയം സിവിൽ സപ്ലൈസ് ഔട്ട്‌ലെറ്റിൽ ഷട്ടർ കുത്തിപ്പൊളിച്ച് 18,000 രൂപയും സി.സി ടിവി കാമറകളും കമ്പ്യൂട്ടറുകളും നശിപ്പിച്ച കേസിൽ നാല് യുവാക്കളെ പൊലീസ് പിടികൂടി. മൂന്നുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കേസ്. ഇക്കഴിഞ്ഞ 14ന് പുലർച്ചെ രണ്ടോടെയാണ് കവർച്ച നടന്നത്.

റൂറൽ എസ്.പി കിരൺ നാരായണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും നെടുമങ്ങാട് പൊലീസും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരിഞ്ചയം കണ്ണൻകോട് പടിഞ്ഞാറ്റിൻകര പുത്തൻവീട്ടിൽ കണ്ണൻ എന്ന രാജേഷ് (26),ചെല്ലാംകോട് വാറുവിളാകത്ത് പുത്തൻവീട്ടിൽ അനന്ദു (19),കരിങ്കട കുളവിയോട് കിഴക്കുംകര സജി ഭവനിൽ സജി (19),പൂവത്തൂർ പളയത്തുംമുകൾ അശ്വതി ഭവനിൽ അച്ചു (26) എന്നിവരാണ് പിടിയിലായത്. വേങ്കവിള ക്ഷീരോത്പാദക സഹകരണ സംഘം ഓഫീസ് കുത്തിത്തുറന്ന് 60,500 രൂപ കവർന്നതും എട്ടാംകല്ല് കിഴക്കേല ശിവക്ഷേത്രത്തിൽ നിന്ന് 5,000 രൂപയും മൊബൈൽ ഫോണും വെങ്കല വിളക്കുകളും മോഷ്ടിച്ചതും നിരവധി ക്ഷേത്രങ്ങളിൽ കാണിക്കവഞ്ചിയും നിലവിളക്കുകളും അപഹരിച്ചതും ഈ സംഘമാണെന്ന് പൊലീസ് പറയുന്നു. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തി തൊണ്ടിമുതലുകൾ കണ്ടെടുക്കും.സബ് ഇൻസ്പെക്ടർമാരായ ധന്യ.കെ.എസ്,രവീന്ദ്രൻ,സുരേഷ് കുമാർ,എസ്.സി.പി.ഒ ബിജു, ശ്രീജിത്ത്‌,പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ ഷിബു, സജു, എസ്.സി.പി.ഒമാരായ സതികുമാർ, ഉമേഷ്‌ ബാബു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement
Advertisement