അമ്മയുടെ വിളി കേൾക്കാൻ തൃധാര എത്തിയില്ല

Sunday 16 June 2024 12:53 AM IST

ആലപ്പുഴ: അച്ഛനും അമ്മയും കുഞ്ഞിനായി ഒരുപേര് കരുതിവച്ചു, 'തൃധാര'. വീട്ടിൽ ധ്വനിയെന്ന് വിളിക്കാം. രണ്ട് മുറിയും അടക്കളയും മാത്രമുണ്ടായിരുന്ന വീട്ടിൽ അവളെ കാണാനെത്തുന്നവർക്ക് സൗകര്യമായി പുതിയ ഹാളും പണിതുതുടങ്ങി. കുഞ്ഞെത്തുമ്പോൾ അണിയാനുള്ള കുഞ്ഞുടുപ്പുകളും വാങ്ങിവച്ചു. എന്നാൽ,​ പ്രസവ ശേഷം ഒറ്റയ്ക്ക് വീട്ടിലെത്താനായിരുന്നു വണ്ടാനം വൃക്ഷവിലാസം തോപ്പിൽ മനുവിന്റെ ഭാര്യ സൗമ്യയുടെ (26) വിധി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏറ്റവും ഒടുവിലത്തെ അനാസ്ഥയുടെ ഇരയാണ് മനുവിന്റെയും സൗമ്യയുടെയും എട്ട് ദിവസം മാത്രം ആയുസുണ്ടായിരുന്ന പെൺകുഞ്ഞ്.

മേയ് 28ന് മൂത്രത്തിനൊപ്പം നേരിയ രക്തമയം കണ്ടതോടെയാണ് ഒരാഴ്ചനേരത്തെ സൗമ്യ,​ അമ്മ സന്ധ്യയെും കൂട്ടി ആശുപത്രിയിലെത്തിയത്. ഉള്ള് പരിശോധനയടക്കം നടത്തി. മൂത്രത്തിലെ പഴുപ്പിനും ഗ്യാസിനും ചികിത്സ നൽകി. ശരീരത്തിൽ നിന്ന് നിറവ്യത്യാസമുള്ള വെള്ളം ധാരാളം പോയിത്തുടങ്ങിയിട്ടും, വയറുവേദന കലശലായിട്ടും, പ്രസവവേദനയാണെന്ന് ഡ്യൂട്ടി ഡോക്ടർമാർ സമ്മതിച്ചില്ല. വെളുപ്പിനെ അഞ്ച് മണിയോടെ വേദന കലശലായപ്പോൾ നടത്തിയ പരിശോധനയിലാണ് ഉടൻ പ്രസവം നടക്കുമെന്ന് അവർക്ക് ബോദ്ധ്യപ്പെട്ടത്. പ്രസവമുറിയിലെ ടേബിളിലേക്ക് മാറ്റി 15 മിനിട്ടിനകം സൗമ്യ പെൺകുഞ്ഞിന് ജന്മം നൽകി. അവളെ ആദ്യമായും അവസാനമായും ജീവനോടെ നേരിൽ കണ്ടു. ശ്വാസതടസം നേരിട്ട കുഞ്ഞിനെ പീഡിയാട്രിക് ഐ.സി.യുവിലേക്ക് മാറ്റി. പിന്നീട് എട്ട് ദിനങ്ങൾ പോരാട്ടത്തിന്റേതായിരുന്നു. വയറ്റിൽ കിടന്ന് അഴുക്ക് വെള്ളം ഉള്ളിൽ ചെന്ന് കുഞ്ഞിന് അണുബാധയേറ്റെന്ന് ഡോക്ടർമാരിൽ നിന്ന് മനസിലാക്കി. പക്ഷെ,​ പറഞ്ഞിട്ടെന്ത് കാര്യം!

ഒരു സീനിയർ ഉണ്ടായിരുന്നെങ്കിൽ...

വേദന കലശലായ സമയം ഒരു സീനിയർ ഡോക്ടറെങ്കിലും ലേബർ റൂമിലുണ്ടായിരുന്നെങ്കിൽ, പ്രസവ വേദനയെന്ന് തിരിച്ചറിഞ്ഞ് കുഞ്ഞിനെ അണുബാധയേൽക്കാതെ രക്ഷിക്കാൻ സാധിക്കുമായിരുന്നെന്ന് സൗമ്യ ഉറച്ച് വിശ്വസിക്കുന്നു. കഴിഞ്ഞ മാസം 17ന് രാത്രിയിൽ ഉറക്കത്തിൽ വെള്ളം പോയത് പോലെ അനുഭവപ്പെട്ടതിനാൽ സൗമ്യ ആശുപത്രിയിലെത്തിയിരുന്നു. അഡ്മിറ്റാക്കിയ ശേഷം നടത്തിയ വിശദപരിശോധനയിൽ അമ്മയ്ക്കും കുഞ്ഞിനും യാതൊരു കുഴപ്പവുമില്ലെന്നും, മൂത്രമാണ് പോയതെന്നും വ്യക്തമായി. വെളുപ്പിനെ മൂന്ന് മണിക്കായിരുന്നു ആശുപത്രിയിലെത്തിയത്. ആരോഗ്യപ്രശ്നങ്ങളില്ലാത്തതിനാൽ ആശുപത്രിക്ക് സമീപമുള്ള വീട്ടിലേക്ക് പോകാൻ സൗമ്യ അനുവാദം തേടി. അഡ്മിഷൻ കേസായതിനാൽ ഉടൻ വിടാനാകില്ലെന്നും, പോകണമെങ്കിൽ സമ്മതപത്രം എഴുതാനും ഡോക്ടർ ആവശ്യപ്പെട്ടു. അന്ന് എഴുതി നൽകിയ സമ്മതപത്രം, കുഞ്ഞിന്റെ മരണശേഷം വിവാദമായതോടെ ആശുപത്രി അധികൃതർ നിലനിൽപ്പിനായി ഉപയോഗിച്ചു.

ഒരുക്കിയതെല്ലാം

വെറുതെയായി

പ്രസവത്തിയതിക്ക് ഒരുമാസം കൂടിയുണ്ടെങ്കിലും, കുഞ്ഞിനെ കിടത്താനുള്ള ബെഡ് അടക്കം സൗമ്യ ഓൺലൈനിൽ വരുത്തിയിരുന്നു. അതേ ബെഡിൽ കിടത്തി, വാങ്ങിവച്ചിരുന്ന കുഞ്ഞുടുപ്പും സോക്സും ധരിപ്പിച്ചാണ് അവളെ അവസാനമായി യാത്രയാക്കിയത്. ഒരു നേരം പോലും കുഞ്ഞിന് മുലപ്പാൽ നൽകാനായില്ല. മൂക്കിൽ ട്യൂബിട്ട് കിടക്കുന്ന കുഞ്ഞിനെ കാണാനുള്ള ത്രാണിയില്ലാത്തതിനാൽ സൗമ്യ പ്രസവശേഷം കുഞ്ഞിനെ പിന്നീട് നേരിൽ കണ്ടിട്ടില്ല. വീട്ടിലെ ഭിത്തിയിലെ കലണ്ടറിൽ കുറിച്ചിട്ട, ആൺകുഞ്ഞെങ്കിൽ ഇടാനാരിരുന്ന 'ത്രിക്ഷിക്ത്', പെൺകുഞ്ഞെങ്കിൽ ഇടാനിരുന്ന 'ത്രിധാര' എന്നീ പേരുകൾ മായാതെ കിടപ്പുണ്ട്. സുഖമില്ലാത്ത കുഞ്ഞുവാവയെ ആശുപത്രിക്ക് കൊടുത്തെന്ന വാക്ക് വിശ്വസിച്ച് കാത്തിരിക്കുകയാണ് ആറുവയസുകാരി ചേച്ചി തൃതീയ.

Advertisement
Advertisement