കണ്ണിൽ മുളക് സ്‌പ്രേ അടിച്ച ശേഷം കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ

Sunday 16 June 2024 1:49 AM IST

കൊല്ലം: കണ്ണിൽ മുളക് സ്‌പ്രേ അടിച്ച ശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. ഭരണിക്കാവ് പുലിപ്പുരതെക്കതിൽ വീട്ടിൽ അൻസാരി (26) ആണ് തെക്കുംഭാഗം പൊലീസിന്റെ പിടിയിലായത്. മുൻവൈരാഗ്യമാണ് കാരണം. ഇക്കഴിഞ്ഞ മേയ് 6 ന് രാത്രി 9.30ന് ആയിരുന്നു സംഭവം .

തേവലക്കര സ്വദേശി ഷംനാദിനെ ( 32 ) ആണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. തേവലക്കര പാലയ്ക്കലുള്ള ബന്ധുവീടിന് സമീപം നിൽക്കുകയായിരുന്ന ഷംനാദിനെ പ്രതിയും സംഘവും ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കണ്ണിൽ മുളക് സ്‌പ്രേ അടിച്ച ശേഷം വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇരുമ്പ് കമ്പി ഉപയോഗിച്ച് തലയ്ക്കും അടിച്ചു. ഇരുകൈകളിലും വലതു കാൽമുട്ടിലുമാണ് വെട്ടേറ്റത്.

തെക്കുംഭാഗം പൊലീസ് ഇൻസ്‌പെക്ടർ പ്രസാദിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ അനീഷ്, അഫ്‌സൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.

Advertisement
Advertisement