അന്ന് ഭൂചലനങ്ങളിൽ ഞെട്ടിവിറച്ചു, വെറുതെയൊരു ഭൂചലന നിരീക്ഷണകേന്ദ്രം

Sunday 16 June 2024 1:00 AM IST

തൃശൂർ: മൂന്ന് പതിറ്റാണ്ട് മുൻപേ തുടർച്ചയായ ഭൂചലനങ്ങളുണ്ടായിരുന്ന വരവൂർ ദേശമംഗലം തലശ്ശേരി ആറങ്ങോട്ടുകര മേഖല പിന്നീട് ഭീതിയിൽ നിന്നൊഴിഞ്ഞെങ്കിലും വീണ്ടും ആ സ്ഥലങ്ങളിൽ ആശങ്ക. ഇന്നലെ രാവിലെയുണ്ടായ ഭൂചലനം ആ സ്ഥലങ്ങളോട് ചേർന്നയിടങ്ങളിലായിരുന്നു. പക്ഷേ, അവിടുത്തെ ഭൂചലന നിരീക്ഷണ കേന്ദ്രമാണെങ്കിൽ ഇപ്പോഴും നോക്കുകുത്തി. തീർത്തും അശാസ്ത്രീയമായി പാതയോരത്ത് സ്ഥാപിച്ച ഭൂകമ്പ മാപിനിയിൽ വാഹനങ്ങൾ കടന്ന് പോകുമ്പോൾ വരെ പ്രകമ്പനം രേഖപ്പെടുത്തും. ഇതോടെ ലക്ഷ്യം അകലെയായി. ജനങ്ങളുടെ ആശങ്ക കൂട്ടുന്ന ഉപകരണമായി സീസ്‌മോ ഗ്രാഫ് മാറിയതോടെ ഭൗമശാസ്ത്രജ്ഞരായ സി.പി.രാജേന്ദ്രനും കുശലാ രാജേന്ദ്രനും സ്ഥലം സന്ദർശിച്ച് ഉപകരണങ്ങൾ 2000 ൽ പീച്ചിയിലേക്ക് മാറ്റി. അങ്ങനെ കെട്ടിടം അനാഥമായി. സാമൂഹ്യവിരുദ്ധരുടെ താവളമായി. ജനങ്ങൾക്ക് ഗുണപ്രദമായ ഒരിടമാക്കി കെട്ടിടത്തെ മാറ്റണമെന്ന ജനകീയ മുറവിളി ശക്തമായെങ്കിലും ഒന്നും നടന്നില്ല. ഭയാശങ്കയിൽ കഴിഞ്ഞിരുന്ന ആ പഴയ കാലം മറന്ന് വരുന്നതിനിടയിലാണ് വീണ്ടും ഭൂചലനമുണ്ടായത്.

കാൽനൂറ്റാണ്ടിന്റെ സ്മാരകം

ഭൂചലന നിരീക്ഷണകേന്ദ്രം സ്ഥാപിച്ച് 25 വർഷം കഴിഞ്ഞു. നിരന്തരമായ ഭൂചലനമുണ്ടായപ്പോൾ അതിന്റെ പ്രഭവകേന്ദ്രം തലശ്ശേരിയിലാണെന്ന് കണ്ടെത്തിയതോടെയാണ് 1998ൽ തലശ്ശേരിയിൽ സ്ഥിതി ചെയ്തിരുന്ന ബാക്ട് ക്ലബ്ബ് പൊളിച്ചുനീക്കിയാണ് അവിടെ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. താൽകാലിക ജീവനക്കാരനെയും നിയമിച്ചു.

ചെലവ്:5 ലക്ഷം രൂപ
നിർമ്മിച്ചത് : തൃശൂർ നിർമ്മിതികേന്ദ്രം

നിർദ്ദേശിച്ചത് വിദഗ്ദ്ധ സംഘം

മൂന്ന് പതിറ്റാണ്ട് മുമ്പ് തുടർച്ചയായി ചലനം അനുഭവപ്പെട്ടപ്പോൾ സ്ഥിതിഗതികൾ പഠിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ സംഘം പഠന പ്രവർത്തനങ്ങൾക്കായി ദേശമംഗലത്തെത്തി. ഒട്ടേറെ നിർദ്ദേശം അവർ മുന്നോട്ട് വെച്ചു. അതിലൊന്നായിരുന്നു ഭൂചലന നിരീക്ഷണ കേന്ദ്രം. 1998 ഡിസംബർ 26ന് അന്നത്തെ എം.പിയായിരുന്ന എസ്.അജയകുമാറാണ് ഉദ്ഘാടനം ചെയ്തത്. കളക്ടറായിരുന്ന രാജു നാരായണസ്വാമിയായിരുന്നു അദ്ധ്യക്ഷൻ. മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണനും പങ്കെടുത്തിരുന്നു.

കെട്ടിടം ഉപയോഗിക്കാം ഇങ്ങനെ

ദേശമംഗലം തലശ്ശേരി മേഖലയിൽ നിരവധി സർക്കാർ ഓഫീസുകളും തലശ്ശേരി ഗ്രാമീണ വായനശാലയുമൊക്കെ ഇപ്പോഴും പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. ഇവിടെ പൊലീസ് ഔട്ട് പോസ്റ്റോ, വില്ലേജ് ഓഫീസോ പ്രവർത്തിപ്പിക്കണം.


2018ൽ പ്രളയമുണ്ടായപ്പോൾ ദേശമംഗലം പള്ളത്ത് ഉരുൾപൊട്ടി ജീവനും വീടും നഷ്ടപെട്ടവർക്ക് ക്യാമ്പ് ഒരുക്കാൻ പോലും ഈ ഇരുനില കെട്ടിടം ഭരണകൂടം വിനിയോഗിച്ചില്ല. വായനശാലയ്ക്ക് വിട്ടുനൽകണമെന്ന ആവശ്യമുണ്ട്.

Advertisement
Advertisement