അരുന്ധതീ റോയിക്കെതിരായ പ്രോസിക്യൂഷൻ; വ്യാപക പ്രതിഷേധം

Sunday 16 June 2024 1:16 AM IST

ന്യൂഡൽഹി: എഴുത്തുകാരി അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ.സക്‌സേനയുടെ നടപടിയിൽ വ്യാപക പ്രതിഷേധം. 2010 ഒക്ടോബർ 21ന് ഡൽഹി എൽ.ടി.ജി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'ആസാദി - ദ ഒൺലി വേ" എന്ന പരിപാടിയിൽ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിലാണ് അരുന്ധതിക്കും കാശ്‌മീർ സെൻട്രൽ യൂണിവേഴ്‌സിറ്റി മുൻ ഇന്റർനാഷണൽ ലോ പ്രൊഫസർ ഡോ. ഷെയ്ഖ് ഷൗക്കത്ത് ഹുസൈനുമെതിരെ നടപടിക്ക് ശുപാർശ.

2010ൽ നടന്ന സംഭവത്തിൽ പത്ത് വർഷമായി കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ മിണ്ടാതിരുന്നത് എന്തുകൊണ്ടാണെന്ന് ശിവസേന(ഉദ്ധവ്) നേതാവ് പ്രിയങ്കാ ചതുർവേദി ചോദിച്ചു. തിരിച്ചെത്തിയെന്ന് തെളിയിക്കാനാണ് ബി.ജെ.പിയുടെ നീക്കമെങ്കിൽ അതു നടപ്പില്ലെന്നും ഇത്തരത്തിലുള്ള ഫാസിസത്തിനെതിരെയാണ് ജനങ്ങൾ വോട്ടു ചെയ്‌തതെന്നും തൃണമൂൽ എം.പി മഹുവ മൊയ്‌ത്ര പറഞ്ഞു.

നടപടിയിൽ ജമ്മു കാശ്‌മീർ പാർട്ടികളായ നാഷണൽ കോൺഫറൻസും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും വിയോജിപ്പ് പ്രകടിപ്പിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഓരോ പൗരന്റെയും മൗലികാവകാശം ഉയർത്തിപ്പിടിക്കേണ്ടതുണ്ടെന്നും ഭിന്നാഭിപ്രായങ്ങൾ അടിച്ചമർത്താൻ പ്രസംഗത്തെ ക്രിമിനൽ നടപടിയാക്കുന്നത് ആശങ്കാജനകമാണെന്നും നാഷണൽ കോൺഫറൻസ് പ്രതികരിച്ചു.

ഫാസിസത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന ലോകപ്രശസ്ത എഴുത്തുകാരിയും ധീരവനിതയുമായ അരുന്ധതി റോയിക്കെതിരായ നടപടി ഞെട്ടിക്കുന്നതാണെന്ന് പി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്‌തി പറഞ്ഞു.

ന്യൂഡൽഹി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെ തുടർന്ന് അരുന്ധതിക്കും ഹുസൈനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ‌്തതിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ ശുപാർശ.

Advertisement
Advertisement