ഇസ്രയേലി ഗ്രൂപ്പിന് യു.എസിന്റെ ഉപരോധം

Sunday 16 June 2024 6:49 AM IST

ടെൽ അവീവ് : ഇസ്രയേലിലെ തീവ്ര വലതുപക്ഷ സംഘടനയായ ' സാവ് 9'ന് ഉപരോധമേർപ്പെടുത്തി യു.എസ്. ഗാസയിലേക്ക് പോകുന്ന സഹായ സംഘങ്ങളെ ആക്രമിക്കുന്നെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. സാവ് 9ന് യു.എസിലുള്ള ആസ്തികൾ കണ്ടുകെട്ടും. മാസങ്ങളായി ഇവർ ഗാസയിലേക്ക് സഹായമെത്തിക്കുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ട്. മേയിൽ വെസ്റ്റ് ബാങ്കിൽ വച്ച് ധാന്യങ്ങളുമായി വന്ന സഹായ ട്രക്കുകളെ സംഘടനയിലെ അംഗങ്ങൾ ആക്രമിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. വാഹനങ്ങൾ ഇവർ തീയിടുകയും സഹായ പാക്കുകൾ കടത്തിക്കൊണ്ടു പോവുകയും ചെയ്തു. അതേ സമയം, ചില അംഗങ്ങളുടെ പ്രവൃത്തി തങ്ങളുടെ മൂല്യങ്ങളുമായി ഒത്തുചേരുന്നതല്ലെന്ന് സാവ് 9 പ്രതികരിച്ചു. എന്നാൽ സഹായ ട്രക്കുകളെ തടയുന്നതിനെ ഇവർ ന്യായീകരിച്ചു. അവസാന ബന്ദിയേയും ഹമാസ് മോചിപ്പിക്കും വരെ ഗാസയിലേക്ക് സഹായം കടത്തിവിടാൻ പാടില്ലെന്നാണ് ഇവരുടെ നിലപാട്. പാലസ്തീൻ വംശജരെ ആക്രമിക്കുന്നതിന്റെ പേരിൽ വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ വംശജർക്കും യു.എസ് നേരത്തെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഗാസയിലേക്ക് അടിയന്തരമായി കൂടുതൽ സഹായവിതരണം നടത്തിയില്ലെങ്കിൽ ജൂലായ് പകുതിയോടെ 10 ലക്ഷം മനുഷ്യർ പട്ടിണിയിലേക്ക് വഴുതി വീഴുമെന്ന് ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പ് നൽകി. 37,200ലേറെ പേരാണ് ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടത്.

Advertisement
Advertisement