ഇവിഎം ഉപേക്ഷിക്കണമെന്ന് മസ്‌ക്; ഇന്ത്യയ്ക്ക് നന്നായി നിർമിക്കാൻ അറിയാമെന്നും ട്യൂഷൻ എടുക്കണോയെന്നും രാജീവ് ചന്ദ്രശേഖർ

Sunday 16 June 2024 12:31 PM IST

ന്യൂഡൽഹി: ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) ഉപയോഗം നിർത്തലാക്കണമെന്ന് ടെസ്‌ല, സ്‌പേക്‌സ് എക്‌സ് സിഇഒ ഇലോൺ മസ്‌ക്. ഇവ ഹാക്ക് ചെയ്യപ്പെടാനുള്ള സാദ്ധ്യത ചൂണ്ടിക്കാട്ടിയാണ് വിശദീകരണം. ഇവിഎം മെഷീനുകളുടെ സുരക്ഷയെച്ചൊല്ലി ലോകമെമ്പാടും ചർച്ചകൾ ഉയരുന്നതിനിടെയാണ് മസ്‌കിന്റെ സമൂഹമാദ്ധ്യമ പോസ്റ്ര് പുറത്തുവന്നിരിക്കുന്നത്.

'ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഒഴിവാക്കണം. ചെറുതാണെങ്കിലും മനുഷ്യരോ എഐയോ മെഷീനുകൾ ഹാക്ക് ചെയ്യപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്'- അടുത്തിടെ പ്യൂർട്ടോ റീക്കോയിലുണ്ടായ തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി മസ്‌ക് എക്‌സിൽ കുറിച്ചു.

അതേസമയം, ഇന്ത്യയിൽ എം3 ഇവിഎം എന്നറിയപ്പെടുന്ന മൂന്നാം തലമുറ ഇവിഎം മെഷീനുകളാണ് ഉപയോഗിക്കുന്നത്. 'ടാംപർ പ്രൂഫ്' ആയി രൂപകൽപന ചെയ്‌തവയാണ് ഈ ഉപകരണങ്ങൾ. ഏതെങ്കിലും തരത്തിലെ കൃത്രിമത്വം കണ്ടെത്തിയാൽ ഇവ സുരക്ഷാ മോഡിലേയ്ക്ക് പോവുകയും പ്രവർത്തനരഹിതമാവുകയും ചെയ്യും.

ഇതിനിടെ ഇലോൺ മസ്‌കിന് വിശദീകരണവുമായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. സത്യസന്ധമല്ലാത്ത പൊതുവ‌ത്കരണമാണ് മസ്‌കിന്റെ കുറിപ്പെന്ന് രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.

'ആർക്കും സുരക്ഷിതമായ ഹാർഡ്‌വെയറുകൾ നിർമിക്കാൻ സാധിക്കില്ലെന്ന് പ്രസ്‌താവിക്കുന്ന തരത്തിലുള്ള ഒരു പ്രസ്‌താവനയാണിത്. ഇത് തെറ്റാണ്.

ഇന്റർനെറ്റ് കണക്ഷനുള്ള വോട്ടിംഗ് മെഷീനുകൾ നിർമിക്കാൻ സാധാരണയായുള്ള കമ്പ്യൂട്ട് പ്ളാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്ന യുഎസ് പോലുള്ള രാജ്യങ്ങളിലാണ് മസ്‌കിന്റെ പ്രസ്‌താവന ബാധകമാവുന്നത്. എന്നാൽ ഇന്ത്യൻ ഇവിഎമ്മുകൾ മികച്ച രീതിയിൽ ഡിസൈൻ ചെയ്‌തവയാണ്. നെറ്റ്‌വർക്കുകളിൽ നിന്നും മീഡിയയിൽ നിന്നും ഒറ്റപ്പെട്ടും സുരക്ഷിതമായും നിലകൊള്ളുന്നവയാണ്. അതിൽ യാതൊരു തരത്തിലെ കണക്‌ടിവിറ്റിയോ, ബ്ളൂടൂത്തോ, വൈഫൈയോ ഇന്റർനെറ്റോ ഇല്ല. അതിനുള്ളിൽ കടക്കാൻ യാതൊരുവഴിയുമില്ല.

റീപ്രോഗ്രാം ചെയ്യാൻ സാധിക്കാത്ത ഫാക്‌ടറി പ്രോഗ്രാം ചെയ്യപ്പെട്ട കൺട്രോളുകളാണ് അതിലുള്ളത്. ഇന്ത്യ നിർമിച്ചതുപോലെ ശരിയായ രീതിയിൽ ഇവിഎം മെഷീനുകൾ നിർമിക്കാൻ സാധിക്കും. ഇതുസംബന്ധിച്ച ഒരു ട്യൂട്ടോറിയൽ നടത്താൻ പോലും ഞങ്ങൾക്ക് സന്തോഷമേയുള്ളൂ ഇലോൺ'- രാജീവ് ചന്ദ്രശേഖർ മസ്‌കിന് മറുപടിയായി കുറിച്ചു.

Advertisement
Advertisement