മനുഷ്യന്റെ വിരലിന് പിന്നാലെ ഓൺലൈനിൽ ഓർഡർ ചെയ്ത ഐസ്‌ക്രീമിൽ പഴുതാര; പരാതി

Sunday 16 June 2024 4:50 PM IST

നോയിഡ: ഓൺലൈൻ വഴി ഓർഡർചെയ്ത ഐസ്ക്രീമിൽ മനുഷ്യന്റെ വിരൽ ലഭിച്ച വാർത്ത വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. മുംബയിലെ ഡോക്ടറായ ഇരുപത്തേഴുകാരിക്കാണ് ബട്ടർ സ്കോച്ച് ഐസ്ക്രീമിൽ നിന്ന് വിരൽ ലഭിച്ചത്. ഇപ്പോഴിതാ നോയിഡ സ്വദേശി ഓൺലൈനിൽ ഓർഡർ ചെയ്ത ഐസ്‌ക്രീമിൽ നിന്ന് പഴുതാരയെ കണ്ടെത്തിയതായുള്ള വാർത്തയാണ് പുറത്തുവരുന്നത്.

നോയിഡ സ്വദേശിയായ ദീപ ദേവി ബ്ളിൻകിറ്റ് വഴി ഓർഡർ ചെയ്ത അമുൽ വാനില മാജിക് ഐസ്‌ക്രീമിൽ നിന്നാണ് പഴുതാരയെ ലഭിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ദീപ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത് വലിയ വിമർശനങ്ങൾക്കിടയാക്കുകയാണ്. ഇതിനെത്തുടർന്ന് യുവതി ബ്ളിൻകിറ്റിൽ പരാതി നൽകുകയും ഇ- കൊമേഴ്‌സ് പ്ളാറ്റ്ഫോം 195 രൂപ റീഫണ്ട് ചെയ്യുകയും ചെയ്തു. വിവരം അമുലിനെ അറിയിച്ചതായും ബ്ലിൻകിറ്റ് പറയുന്നു.

മുംബയിലെ ഡോക്‌ടർക്ക് ഐസ്‌ക്രീമിൽ നിന്ന് വിരൽ ലഭിച്ചതിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി മുംബയ് പൊലീസ് അറിയിച്ചു. ഡോക്ടറുടെ സഹോദരിയാണ് 'സെപ്‌റ്റോ' എന്ന ആപ്പുവഴി ഐസ്ക്രീമും മറ്റുചില പലചരക്ക് സാധനങ്ങളും ഓർഡർ ചെയ്തത്. ലഭിച്ച ഐസ്ക്രീമിൽ ഒന്നാണ് ഡോക്ടർ കഴിച്ചത്.

കഴിച്ചുതുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ നാവിൽ എന്തോ തടയുന്നതായി തോന്നിയെന്നും പരിശോധിച്ചപ്പോഴാണ് അത് വിരലാണെന്ന് മനസിലായതെന്നുമാണ് ഡോക്ടർ പറഞ്ഞത്. എന്നാൽ രുചിവ്യത്യാസം അനുഭവപ്പെട്ടില്ലെന്നും അവർ പറഞ്ഞു. വിരലിന്റെ ഭാഗം കണ്ടെത്തുമ്പോഴേക്കും ഐസ്ക്രീമിന്റെ പകുതിയോളം കഴിക്കുകയും ചെയ്തിരുന്നു. സംഭവം ഉടൻതന്നെ പൊലീസിനെ അറിയിക്കുകയും വിരലിന്റെ ഭാഗവും ശേഷിച്ച ഐസ്ക്രീമും തെളിവിനായി കൈമാറുകയും ചെയ്തു. ഐസ്ക്രീമിൽ നിന്ന് ലഭിച്ചത് വിരലിന്റെ ഭാഗമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

Advertisement
Advertisement