തമ്മിലടി, ആത്മഹത്യ : എന്ത് പറ്റി പൊലീസിന്

Monday 17 June 2024 12:43 AM IST

കോട്ടയം : തുടർച്ചയായ ആത്മഹത്യകൾ, തിരോധാനം, തമ്മിലടി... ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ് സേനയ്ക്കുള്ളിൽ എന്തൊക്കെയോ നീറിപ്പുകയുകയാണ്. അമിത ജോലിഭാരവും കുടുംബത്തിനോടൊപ്പം സമയം ചെലവഴിക്കാനാകാത്ത അവസ്ഥയും പലരെയും മാനസിക സമ്മർദ്ദത്തിലേക്ക് തള്ളവിടുകയാണ്. രാഷ്ട്രീയ അതിപ്രസരവും, ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ എണ്ണം കൂടിയതും സേനയെ ചെന്നെത്തിക്കുന്നത് നാണക്കേടിന്റെ പടുകുഴിയിലേക്കാണ്. കഴിഞ്ഞ ദിവസം ചിങ്ങവനം സ്റ്റേഷനിൽ പൊലീസുകാ‌ർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാളുടെ തലപൊട്ടി. ബൈക്ക് പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കമെന്നാണ് സംസാരമെങ്കിലും യഥാർത്ഥ കാരണം ഒതുക്കുന്നുവെന്നാണ് ആക്ഷേപം. ഇതിനിടെ ആത്മഹത്യയും പെരുകുന്നത് സേനയ്ക്കുള്ളിൽ ആശങ്കയ്ക്ക് ഇടയാക്കുകയാണ്. വിഴിഞ്ഞം സ്റ്റേഷനിൽ എസ്.ഐ ആയിരുന്ന കുരുവിള ജോർജ് കുടുംബപ്രശ്‌നത്തെ തുടർന്ന് കോട്ടയത്തെ വീട്ടിൽ ജീവനൊടുക്കിയത് അടുത്തിടെയാണ്. കഴിഞ്ഞ ദിവസം കുമളിയിലും സമാന രീതിയിൽ സംഭവമുണ്ടായി. ഇതിനു പിന്നാലെയാണ് ഇന്നലെ വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ.രാജേഷിന്റെ തിരോധാനം.

അയവില്ലാത്ത ജോലി, താങ്ങാനാകാതെ സമ്മർദ്ദം

ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് മാസങ്ങളിൽ പൊലീസ് സേനാംഗങ്ങൾ ഏറെ ജോലി സമ്മർദ്ദം നേരിട്ടിരുന്നു. മദ്ധ്യവേനലവധിക്കാലത്ത് സ്‌കൂളുകൾ അടച്ചപ്പോൾ കുട്ടികളും കുടുംബവുമായി കഴിയാനോ ഉല്ലസിക്കാനോ സാധിക്കാത്തതുൾപ്പെടെയുള്ള പ്രശ്നങ്ങൾ പലരെയും അലട്ടി. തിരഞ്ഞെടുപ്പ് കാലമായതിനാൽ അടിയന്തര മെഡിക്കൽ സാഹചര്യങ്ങളിലൊഴികെ അവധിയും അനുവദിച്ചിരുന്നില്ല. ഇത്തരം സാഹചര്യങ്ങൾ സേനാംഗങ്ങളെയാകെ മാനസിക ബുദ്ധിമുട്ടിലാക്കിയിരുന്നു. പലരും വിഷാദരോഗത്തിനടിമപ്പെട്ട് ആത്മഹത്യ തിരഞ്ഞെടുക്കുകയായിരുന്നു.

പ്രശ്നങ്ങൾ അനവധി

മേലുദ്യോഗസ്ഥരുടെ പീഡനം

അനാവശ്യ സ്ഥലംമാറ്റം

24 മണിക്കൂറും തുടരുന്ന ഡ്യൂട്ടി

കുടുംബപ്രശ്‌നങ്ങൾ

സാമ്പത്തിക ബാദ്ധ്യത

''പൊലീസ് സേനയ്ക്കുള്ളിൽ നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുന്നുണ്ട്. പലരും ദു:ഖം ഉള്ളിലൊതുക്കി ആത്മഹത്യയിൽ അഭയം പ്രാപിക്കുകയാണ്. ഇതിന് പുറമെയാണ് ചേരിപ്പോരും, തമ്മിലടിയും മുൻപെങ്ങുമില്ലാത്ത വിധം കൂടുതൽ. അടിയന്തരമായി സർക്കാർ ഇക്കാര്യത്തിൽ ഇടപെട്ട് പരിഹാരം കാണണം.

-പൊതുപ്രവർത്തകർ

Advertisement
Advertisement