ദേശീയപാതയിൽ മലയാളി യാത്രക്കാരെ ആക്രമിച്ച് കവർച്ചാശ്രമം; സൈനികനടക്കം നാലുപേർ അറസ്റ്റിൽ

Sunday 16 June 2024 5:54 PM IST

കൊച്ചി: ദേശീയപാതയിൽ മലയാളി യാത്രക്കാരെ ആക്രമിച്ച് കവർച്ചാശ്രമം. സേലം- കൊച്ചി ദേശീയപാതയിലാണ് മലയാളി യാത്രക്കാർക്കുനേരെ ആക്രമണമുണ്ടായത്. മൂന്ന് വാഹനങ്ങളിലായെത്തിയ മുഖംമൂടി സംഘം കാർ അടിച്ചുതകർത്ത് കവർച്ചാശ്രമം നടത്തുകയായിരുന്നു. വെള്ളിയാഴ്‌ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. സംഭവത്തിൽ നാലുപേർ അറസ്റ്റിലായി.

എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്‌ലം സിദ്ദിഖ്, ചാൾസ് റെജി, രണ്ട് സഹപ്രവർത്തകർ എന്നിവരാണ് ആക്രമണത്തിനിരയായത്. കോയമ്പത്തൂർ മധുക്കര സ്റ്റേഷൻ പരിധിയിലെ എൽ ആന്റ് ടി ബൈപ്പാസിനുസമീപത്താണ് ആക്രമണമുണ്ടായത്. ബംഗളൂരുവിൽ നിന്ന് കമ്പ്യൂട്ടറുകൾ വാങ്ങിയതിനുശേഷം മടങ്ങുകയായിരുന്നു യുവാക്കൾ. റെഡ് സിഗ്നലിൽ വാഹനം നിർത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്.

അക്രമികൾ ഉപദ്രവിക്കാൻ ശ്രമിച്ചെങ്കിലും അതിവേഗം കാറോടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് യുവാക്കൾ പറയുന്നു. തുടർന്ന് ചെക്ക് പോസ്റ്റിലും മധുക്കര പൊലീസ് സ്റ്രേഷനിലുമെത്തി പരാതി നൽകുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ കാറിന്റെ ഡാഷ് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ചിറ്റൂർ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാർ (24) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം പാലക്കാടുനിന്നാണ് ഇവർ അറസ്റ്റിലായത്. പ്രതികളെ റിമാൻഡ് ചെയ്തു. മറ്റുപ്രതികൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

പ്രതികളിലൊരാളായ വിഷ്ണു മദ്രാസ് റെജിമെന്റിൽ സൈനികനാണ്. ഏപ്രിൽ നാലിന് അവധിക്ക് നാട്ടിൽ വന്നതിനുശേഷം തിരിച്ചുപോയിരുന്നില്ല. അതിനിടെയാണ് സംഘത്തിനൊപ്പം ചേർന്ന് കവർച്ചക്കിറങ്ങിയത്. കുഴൽപ്പണവുമായി വരുന്നവരെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പ്രതികൾ കവർച്ചക്കുപയോഗിച്ച രണ്ട് കാറുകളും പിടിച്ചെടുത്തു.