മൂവാറ്റുപുഴയാറിന്റെ തീരത്ത് പട്ടാപ്പകൽ മാലിന്യം തള്ളി,​ ടിപ്പർ ലോറി പിടികൂടി

Monday 17 June 2024 1:50 AM IST

തലയോലപ്പറമ്പ്: വെള്ളൂർ പഞ്ചായത്തിൽ വരിക്കാംകുന്ന് പുലിമുഖം പാലത്തിനു സമീപം മൂവാറ്റുപുഴയാറിന്റെ തീരത്ത് പട്ടാപ്പകൽ മാലിന്യം തള്ളിയ ടിപ്പർ ലോറി നാട്ടുകാരും പഞ്ചായത്ത് ജീവനക്കാരും ചേർന്ന് തടഞ്ഞു. ലോറി തലയോലപ്പറമ്പ് പൊലീസിന് കൈമാറി. വെള്ളൂർ സ്വദേശികളായ ബിനോയി നിവാസിൽ ബിനോയി, മുത്തേടത്ത് പ്രതാപൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മാലിന്യം തള്ളിയത്. വെള്ളിയാഴ്ച രാത്രി മുതൽ രണ്ട് ടിപ്പർ ലോറികളിലായി ഏകദേശം പത്തോളം ലോഡ് മാലിന്യം തള്ളിയതായി ഗ്രാമപഞ്ചായത്തംഗം കെ.എൻ.സോണിക പറഞ്ഞു. അധികം വാഹന സഞ്ചാരം ഇല്ലാത്ത റോഡിൽ രാത്രിയിൽ ഇടവിട്ട് ടിപ്പർ ലോറി വന്നു പോകുന്നത് കണ്ട് നാട്ടുകാർ നോക്കിയപ്പോഴാണ് മാലിന്യം തള്ളിയത് ശ്രദ്ധയിൽ പെട്ടത്. ഇന്നലെ രാവിലെ നാട്ടുകാർ സംഭവം പഞ്ചായത്തിൽ അറിയിച്ചു. തുടർന്ന് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ജീവനക്കാർ എത്തി പരിശോധന നടത്തുന്നതിനിടെ വീണ്ടും മാലിന്യവുമായി ടിപ്പർ ലോറി എത്തി. ആളുകളെ കണ്ടതോടെ ലോറി തിരിച്ചു പോകാൻ ശ്രമം നടത്തിയെങ്കിലും ജീവനക്കാരും നാട്ടുകാരും പിൻതുടർന്ന് ടിപ്പർ പിടികൂടുകയായിരുന്നു. റബർ, പ്ലാസ്റ്റിക് എന്നിവ അടങ്ങിയ മാലിന്യമാണ് നിക്ഷേപിച്ചത്. എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ നിന്നും കൊണ്ടുവന്ന മാലിന്യമാണ് എന്നാണ് ലോറിയിലുണ്ടായിരുന്നവർ പൊലീസിനോട് പറഞ്ഞത്. മാലിന്യം തള്ളിയവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് വെള്ളൂർ പഞ്ചായത്ത് അധികൃതർ തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകി.
മൂവാറ്റുപുഴയാറ്റിൽ ജലനിരപ്പ് ഉയർന്നാൽ മാലിന്യം തള്ളിയ സ്ഥലത്ത് വെള്ളം കയറും. ഇത് സമീപ പ്രദേശങ്ങളിലേക്ക് ഒഴുകി വ്യാപിക്കും. അതിനു മുമ്പ് മാലിന്യം ഇവിടെ നിന്നും നീക്കം ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കണം. സംഭവവുമായി ബന്ധപ്പെട്ട് ടിപ്പർ ലോറിയുടെ ഡ്രൈവർ അഖിലിനെതിരെ കേസ് എടുത്തതായി തലയോലപ്പറമ്പ് പൊലീസ് പറഞ്ഞു. സ്ഥലമുടമകളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Advertisement
Advertisement