ഇലോൺ മസ്കിന്റെ വാദം ഏറ്റെടുത്ത് അഖിലേഷ് യാദവ്, തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിൽ നടത്തണമെന്ന് എസ്‌പി നേതാവ്
ന്യൂഡൽഹി : ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഉപയോഗം നിറുത്തലാക്കണമെന്ന ഇലോൺ മസ്കിന്റെ വാദം ഏറ്റെടുത്ത് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. ഇനിയുള്ള തിരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പറിൽ നടത്തണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ലോകത്തെ പ്രമുഖരായ സാങ്കേതിക വിദഗ്ദ്ധർ പോലും ഇവിഎമ്മിൽ ക്രമക്കേട് സാദ്ധ്യമാണെന്ന് പറയുന്നു. എന്തിനാണ് ഇ.വി.എം അടിച്ചേൽപ്പിക്കുന്നതെന്ന് ബി.ജെ.പി വിശദീകരിക്കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഉപയോഗം നിറുത്തലാക്കണമെന്നാണ് ടെസ്‌ല, സ്പേസ് എക്സ് സി.ഇ.ഒ ഇലോൺ മസ്ക് തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചത്. 'ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഒഴിവാക്കണം. ചെറുതാണെങ്കിലും മനുഷ്യരോ എഐയോ മെഷീനുകൾ ഹാക്ക് ചെയ്യപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്'- അടുത്തിടെ പ്യൂർട്ടോ റീക്കോയിലുണ്ടായ തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് മസ്കിന്റെ പോസ്റ്റ്. ഇ. വിഎം മെഷീനുകളുടെ സുരക്ഷയെച്ചൊല്ലി ലോകമെമ്പാടും ചർച്ചകൾ ഉയരുന്നതിനിടെയാണ് മസ്‌കിന്റെ സമൂഹമാദ്ധ്യമ പോസ്റ്ര് പുറത്തുവന്നിരിക്കുന്നത്
ഇതിനിടെ ഇലോൺ മസ്‌കിന് വിശദീകരണവുമായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. സത്യസന്ധമല്ലാത്ത പൊതുവത്കരണമാണ് മസ്‌കിന്റെ കുറിപ്പെന്ന് രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.'ആർക്കും സുരക്ഷിതമായ ഹാർഡ്‌വെയറുകൾ നിർമിക്കാൻ സാധിക്കില്ലെന്ന് പ്രസ്‌താവിക്കുന്ന തരത്തിലുള്ള ഒരു പ്രസ്‌താവനയാണിത്. ഇത് തെറ്റാണ്.ഇന്റർനെറ്റ് കണക്ഷനുള്ള വോട്ടിംഗ് മെഷീനുകൾ നിർമിക്കാൻ സാധാരണയായുള്ള കമ്പ്യൂട്ട് പ്ളാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്ന യുഎസ് പോലുള്ള രാജ്യങ്ങളിലാണ് മസ്‌കിന്റെ പ്രസ്‌താവന ബാധകമാവുന്നത്. എന്നാൽ ഇന്ത്യൻ ഇവിഎമ്മുകൾ മികച്ച രീതിയിൽ ഡിസൈൻ ചെയ്‌തവയാണ്. നെറ്റ്‌വർക്കുകളിൽ നിന്നും മീഡിയയിൽ നിന്നും ഒറ്റപ്പെട്ടും സുരക്ഷിതമായും നിലകൊള്ളുന്നവയാണ്. അതിൽ യാതൊരു തരത്തിലെ കണക്‌ടിവിറ്റിയോ, ബ്ളൂടൂത്തോ, വൈഫൈയോ ഇന്റർനെറ്റോ ഇല്ല. അതിനുള്ളിൽ കടക്കാൻ യാതൊരുവഴിയുമില്ല.റീപ്രോഗ്രാം ചെയ്യാൻ സാധിക്കാത്ത ഫാക്‌ടറി പ്രോഗ്രാം ചെയ്യപ്പെട്ട കൺട്രോളുകളാണ് അതിലുള്ളത്. ഇന്ത്യ നിർമിച്ചതുപോലെ ശരിയായ രീതിയിൽ ഇവിഎം മെഷീനുകൾ നിർമിക്കാൻ സാധിക്കും. ഇതുസംബന്ധിച്ച ഒരു ട്യൂട്ടോറിയൽ നടത്താൻ പോലും ഞങ്ങൾക്ക് സന്തോഷമേയുള്ളൂ ഇലോൺ'- രാജീവ് ചന്ദ്രശേഖർ മസ്‌കിന് മറുപടിയായി കുറിച്ചു.
എന്നാൽ എന്തും ഹാക്ക് ചെയ്യാമെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിനോടുള്ള മസ്കിന്റെ പ്രതികരണം. ആ വാദം സാങ്കേതികമായി ശരിയാണെങ്കിലും ബാലറ്റിലെ വോട്ടിംഗിനെക്കാൾ എത്രയോ വിശ്വാസ്യതയും സുരക്ഷിതത്വവും ഇ.വി.എമ്മിനുണ്ടെന്നും രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കി.