കുന്നംകുളം നഗരസഭാ കൗൺസിലിൽ സംഘർഷം

Monday 17 June 2024 7:20 AM IST

കുന്നംകുളം: ചെറുകഥാകൃത്ത് സി.വി. ശ്രീരാമന്റെ പേരിൽ കുന്നംകുളം നഗരസഭാ സ്മാരക കെട്ടിടം നിർമ്മിക്കുന്നതിനെ ചൊല്ലി കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൂട്ടയടി. ഉന്തും തള്ളിലും വനിതാ കൗൺസിലർമാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ബി.ജെ.പി അംഗം ഗീത ശരി, കോൺഗ്രസ് അംഗം ലീല ഉണ്ണിക്കൃഷ്ണൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വോട്ടെടുപ്പ് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതോടെ അജണ്ടകൾ പാസാക്കിയതായി പ്രഖ്യാപിച്ച് ചെയർപേഴ്‌സൺ സീത രവീന്ദ്രൻ കൗൺസിൽ യോഗം പിരിച്ചുവിട്ട് പുറത്തേക്ക് പോകാന ശ്രമിക്കുന്നതിനിടെ, പ്രതിപക്ഷ അംഗങ്ങൾ കൗൺസിൽ ഹാളിന്റെ വാതിൽ ഉള്ളിൽ നിന്നും പൂട്ടി ഭരണപക്ഷത്തെയും ഉദ്യോഗസ്ഥരെയും മാദ്ധ്യമ പ്രവർത്തകരെയും ബന്ദികളാക്കി. തുടർന്നാണ് ഉന്തും തള്ളും കൂട്ടയടിയും അരങ്ങേറിയത്.

പ്രതിപക്ഷം വനിതാ കൗൺസിലർമാരെ മുന്നിൽ നിറുത്തിയാണ് കൗൺസിൽ ഹാൾ പൂട്ടിയിട്ടത്. പിന്നീട് നേതാക്കൾ തമ്മിലുള്ള ചർച്ചകൾക്കൊടുവിലും തീരുമാനമാകാത്ത സാഹചര്യത്തിൽ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ കൗൺസിൽ ഹാളിൽ നിന്ന് പുറത്തു കടന്നു.. ഇതിനിട ഭരണ - പ്രതിപക്ഷാംഗങ്ങൾ തമ്മിൽ ഉന്തുംതള്ളുമുണ്ടായി. കൗൺസിൽ ഹാളിൽ പ്രതിപക്ഷ അംഗങ്ങൾ രാപ്പകൽ സമരം ആരംഭിച്ചു.

കൾച്ചറൽ സെന്റർ നിർമ്മാണത്തിന് എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ നിന്നും 80 ലക്ഷം രൂപ അനുവദിച്ചിരുന്നു. നഗരസഭാ സെക്രട്ടറിയുടെ പേരിലായിരിക്കും സെന്റർ രജിസ്റ്റർ ചെയ്യുകയെന്ന് ചെയർപേഴ്‌സൺ സീത രവീന്ദ്രൻ വ്യക്തമാക്കി. എന്നാൽ സർക്കാർ ചെലവിൽ സി.പി.എം ഭൂമി തട്ടിയെടുക്കാനുള്ള ശ്രമം പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചെയർപേഴ്സൺ അജണ്ട പാസായതായി പ്രഖ്യാപിച്ച് അടുത്ത അജണ്ടയിലേക്ക് കടന്നതോടെയാണ് ബഹളമായത്..

Advertisement
Advertisement