കാഫിർ പോസ്റ്റ് പിൻവലിച്ച് കെ കെ ലതിക,​ ഫേസ്‌ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്തു

Sunday 16 June 2024 8:38 PM IST

കോഴിക്കോട് : വിവാദമായ കാഫിർ സ്ക്രീൻഷോട്ട് പങ്കുവച്ച പോസ്റ്റ് പിൻവലിച്ച് മുൻ എം.എൽ.എയും സി.പി.എം സംസ്ഥാന സമിതി അംഗവുമായ കെ.കെ. ലതിക. കെ.കെ. ലതികയെ അറസ്റ്റ് ചെയ്യണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പോസ്റ്റ് പിൻവലിച്ചത്. ഫേസ്‌ബുക്ക് പ്രൊഫൈലും ലതിക ലോക്ക് ചെയ്തിട്ടുണ്ട്.

നേരത്തെ കെ.കെ. ലതികയിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. ഫോൺ സൈബർ സെൽ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. വിവാദ സന്ദേശം പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കം ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടപ്പോഴും കെ.കെ. ലതികയുടെ പേജിൽ നിന്ന് സന്ദേശം നീക്കിയിരുന്നില്ല.

അതേസമയം പോസ്റ്റ് പിൻവലിച്ചതോടെ കെ.കെ. ലതികയുടെ പങ്ക് കൂടുതൽ വ്യക്തമായെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നും കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ ആവശ്യപ്പെട്ടു. കെ.കെ. ലതികയെ അറസ്റ്റ് ചെയ്യാനുള്ള ധൈര്യം പൊലീസ് കാണിക്കണം. നടപടി വൈകിയാൽ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം നടത്തുമെന്നും പ്രവീൺ കുമാർ മുന്നറിയിപ്പ് നൽകി.

യൂത്ത് ലീഗ് നിടുമ്പ്രമണ്ണ എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ എം.എസ്.എഫ് ജില്ലാ സെക്രട്ടറി പി.കെ.മുഹമ്മദി കാസിം പോസ്റ്റ് ചെയ്ത സന്ദേശം എന്ന പേരിലാണ് വ്യാജസന്ദേശം ഏപ്രിൽ 25ന് പ്രചരിച്ചത്. എന്നാൽ കാസിമിന്റെ ഫോണിൽ നിന്ന് ഇത്തരമൊരു സന്ദേശം പോസ്റ്റ് ചെയ്യുകയോ പങ്കുവയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.എം അനുകൂല സൈബർ പേജുകളിലേക്ക് അന്വേഷണം നീണ്ടത്. അമ്പാടിമുക്ക് സഖാക്കൾ എന്ന പേജിലാണ് ആദ്യം ഈ പോസ്റ്റ് വന്നതെന്നാണ് ആരോപണം. ഇക്കാര്യത്തിൽ വ്യക്തത തേടി പൊലീസ് ഫേസ്‌ബുക്കിനെ സമീപിച്ചിട്ടുണ്ട്.

Advertisement
Advertisement