'അതിരുവിട്ടാൽ പിടിവീഴും, അണികളെ ചേർത്തുപിടിക്കും'

Sunday 16 June 2024 9:21 PM IST
കൗമുദി വാർത്ത

  • ഡി.സി.സി പ്രസിഡന്റായി വി.കെ. ശ്രീകണ്ഠൻ ചുമതലയേറ്റു

തൃശൂർ: പരിധി വിട്ടാൽ മുതിർന്ന നേതാക്കൾക്കെതിരെ പോലും നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകി വി.കെ. ശ്രീകണ്ഠൻ തൃശൂർ ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. താത്കാലിക പ്രസിഡന്റായാണ് ചുമതലയെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെയെങ്കിലും ഈവിധം മുന്നോട്ടുകൊണ്ടുപോകാനുള്ള നീക്കത്തിലാണ് കെ.പി.സി.സി നേതൃത്വം.

തദ്ദേശ തിരഞ്ഞെടുപ്പിനായി പാർട്ടിയെ ഒരുക്കാൻ മുതിർന്ന നേതാവ് ഒ. അബ്ദു റഹിമാൻ കുട്ടി, എ.ഐ.സി.സി അംഗം അനിൽ അക്കര എന്നിവർക്ക് ചുമതല നൽകിയിട്ടുണ്ട്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുകയും നേതാക്കൾക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റിടുകയും ചെയ്താൽ കർശന നടപടി ഉണ്ടാകുമെന്ന് ചുമതലയേറ്റ ശേഷം വിളിച്ച മുതിർന്ന നേതാക്കളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും യോഗത്തിൽ ശ്രീകണ്ഠൻ മുന്നറിയിപ്പ് നൽകി. കെ.പി.സി.സിയുടെ പിന്തുണയും ഇതിനുണ്ട്.

കെ. മുരളീധരൻ അടക്കമുള്ളവരോട് ആശയ വിനിമയം നടത്തിയ ശേഷമാണ് ഡി.സി.സി പ്രസിഡന്റിന്റെ ചുമതലയേൽക്കാൻ ശ്രീകണ്ഠൻ എത്തിയത്.

ഗ്രൂപ്പ് മറന്നു, നേതാക്കളെത്തി
ഒരാഴ്ചയിലേറെയായി കലുഷിതമായ കോൺഗ്രസ് രാഷ്ടീയം കലങ്ങിത്തെളിയുന്നതിന്റെ സൂചനയായി വി.കെ. ശ്രീകണ്ന്റെ സ്ഥാനാരോഹണച്ചടങ്ങും തുടർന്ന് നടന്ന യോഗങ്ങളും. മുതിർന്ന നേതാക്കളടക്കം ഭൂരിഭാഗം പേരും ചുമതലയേൽക്കൽ ചടങ്ങിലും വൈകിട്ട് നടന്ന .ോഗത്തിലും പങ്കെടുത്തു.

കെ.പി.സി.സി സംഘടനാ ജനറൽ സെക്രട്ടറി ടി.യു. രാധകൃഷ്ണൻ, ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗങ്ങൾ നടന്നത്. കെ. മുരളീധരന്റെ തോൽവിക്ക് കാരണം ഡി.സി.സി പ്രസിഡന്റും ടി.എൻ. പ്രതാപൻ എം.പിയുമാണെന്ന ആരോപണവും തുടർന്നുണ്ടായ കോലഹലങ്ങളുമാണ് ജില്ലയ്ക്ക് പുറത്ത് നിന്നൊരാളെ ഡി.സി.സി നേതൃത്വത്തിലേക്ക് കൊണ്ടുവരാനിടയാക്കിയത്.

തേറമ്പിൽ രാമകൃഷ്ണൻ, ഒ. അബ്ദു റഹിമാൻ കുട്ടി, ടി.വി. ചന്ദ്രമോഹൻ, കെ.കെ. കൊച്ചുമുഹമ്മദ്, ടി.എൻ. പ്രതാപൻ, കെ.പി.സി.സി ഭാരാവാഹികൾ തുടങ്ങിയ മുതിർന്ന നേതാക്കൾ എല്ലാവരും എത്തിയിരുന്നു.

സംഘടനാ നടപടികൾ പിൻവലിച്ചേക്കും
തോൽവിയുമായി ബന്ധപ്പെട്ട് ജില്ലയിലുണ്ടായ സംഘർഷങ്ങളും മറ്റ് പ്രതിഷേധങ്ങളെയും തുടർന്ന് പാർട്ടി സസ്‌പെൻഡ് ചെയ്തവർക്കെതിരെയുള്ള നടപടി പിൻവലിച്ചേക്കും. തോൽവിയുമായി ബന്ധപ്പെട്ട വികാരപ്രകടനങ്ങളാണ് സംഘർഷത്തിലേക്ക് നീങ്ങിയതെന്നാണ് വിലയിരുത്തൽ. അതിനാൽ ഇരുവിഭാഗത്തെയും വിളിച്ചിരുത്തി ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന തന്ത്രമാകും വി.കെ. ശ്രീകണ്ഠൻ പരീക്ഷിക്കുക. കേസുകൾ പിൻവലിക്കുന്നതിനെക്കുറിച്ച് വരുംദിവസങ്ങളിൽ ചർച്ചകൾ നടന്നേക്കും.

Advertisement
Advertisement