ആവശ്യത്തിന് ഡോക്ടർമാരില്ലാതെ സർക്കാർ ആശുപത്രികൾ; മുപ്പത് സെക്കൻഡ് പരിശോധന

Sunday 16 June 2024 9:43 PM IST

സ്റ്റാഫ് പാറ്റേൺ പുതുക്കാതെ ആരോഗ്യവകുപ്പ്

കണ്ണൂർ:അറുപത്തിമൂന്ന് വർഷം മുമ്പുള്ള സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കാത്ത നിലപാടിനെ തുടർന്ന് സർക്കാർ ആശുപത്രികളിലെത്തുന്ന രോഗികൾക്ക് കൃത്യമായ ചികിത്സ നൽകാൻ കഴിയാതെ ഡോക്ടർമാർ.പ്രാഥമികാരോഗ്യകേന്ദ്രം തൊട്ട് മെഡിക്കൽ കോളേജ് വരെയുള്ള ആശുപത്രികളിൽ കാര്യമായ പരിശോധനയില്ലാതെ ലക്ഷണം കേട്ട് മരുന്ന് നൽകി വിടുന്ന സ്ഥിതിയാണ് അധികവും.

മഴക്കാലം കൂടി എത്തിയതോടെ പകർച്ച പനിയുൾപ്പെടെയുള്ള രോഗങ്ങൾ ബാധിച്ച് ദിനംപ്രതി പതിനായിരത്തോളം പേർ ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ഒ.പികളിൽ ദിനംപ്രതി എത്തുന്നുണ്ട്. വെറും മുപ്പത് സെക്കൻഡ് മാത്രമാണ് ഒരു രോഗിയ്ക്ക് നൽകാൻ സാധിക്കുന്ന സമയം. സംശയം തോന്നുന്നവരെ എലിപ്പനി,​ഡങ്കിപ്പനി എന്നിവയുടെ പരിശോധനയ്ക്ക് വിടുകയാണ് ഡോക്ടർമാർ.

ആർദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി.സൗകര്യങ്ങൾ വർദ്ധിപ്പിച്ചപ്പോൾ കൂടുതൽ പേരും സർക്കാർ ആശുപത്രികളെ ആശ്രയിക്കാനും തുടങ്ങി. എന്നാൽ ആവശ്യത്തിന് നഴ്സുമാരെയും ഡോക്ടർമാരെയും നിയമിക്കാത്തത് ഈ ആശുപത്രികളുടെ പ്രവർത്തനങ്ങൾക്ക് തടസമാകുകയാണ്. ലാബ് സൗകര്യമുണ്ടെങ്കിലും ലാബ് ടെക്നീഷ്യൻ നിയമനങ്ങൾ നടക്കുന്നില്ല. നിലവിലെ ലിസ്റ്റിലുള്ളവരെ നിയമിക്കാനുള്ള നടപടികളും എങ്ങുമെത്തിയിട്ടില്ല. താൽകാലിക നിയമനം നടത്തിയാണ് പലയിടത്തും ആശുപത്രിയിലെ ലാബുകൾ നടത്തിക്കൊണ്ടുപോകുന്നത്.

സ്റ്റാഫ് പാറ്റേൺ 1961ലേത്

നിലവിൽ 1961ലെ സ്റ്റാഫ് പാറ്റേൺ പ്രകാരമാണ് സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും നിയമിച്ചിട്ടുള്ളത്. അന്നത്തെ ആവശ്യത്തിന് മാത്രം ഉതകുന്ന സ്റ്റാഫ് പാറ്റേൺ ഇപ്പോൾ ആരോഗ്യരംഗത്തെ പിന്നോട്ട് വലിക്കുന്നതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രോഗികളുടെ എണ്ണം പതിൻമടങ്ങ് വർദ്ധിച്ചെങ്കിലും ഡോക്ടർമാരുടെയും ജീവനക്കാരുടെയും പുതിയ തസ്തികകൾ സൃഷ്ടിച്ചിട്ടില്ല. ഇത് നിലവിലുള്ള ജീവനക്കാരുടെ ജോലി ഭാരം വർദ്ധിപ്പിക്കുന്നു. താൽക്കാലിക ഡോക്ടർമാരായി നിയമനം തേടുന്നവരിൽ അധികവും പി.ജി വിദ്യാർത്ഥികളായിരിക്കും. ഇവർ ജോലിയിൽ പ്രവേശിച്ച് ഉടൻ പഠനാവശ്യത്തിന് തിരിച്ച് പോകുന്നതാണ് പതിവ്.എൻ.എച്ച്.എം, ആശുപത്രി വികസന സമിതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ കീഴിലാണ് ഇപ്പോൾ നിയമനങ്ങൾ നടത്തുന്നത്. ഇവർക്ക് മറ്റ് ആനുകൂല്യങ്ങൾ കൊടുക്കണ്ടാ എന്നതിനാൽ സർക്കാരിന് ബാധ്യത കുറവാണ്. നിയമിക്കപ്പെടുന്നവർക്കും നിശ്ചിത സമയം കഴിഞ്ഞാൽ ഉത്തരവാദിത്വം ഇല്ലാത്ത അവസ്ഥയാണ്.

പ്രതിവർഷം പുതുതായി 3500 ഡോക്ടർമാർ

ഡോക്ടർമാരുടെ കാര്യത്തിൽ സമ്പന്നമാണ് കേരളം. പ്രതിവർഷം 3500 പേരാണ് കേരളത്തിൽ നിന്നുമാത്രം ഡോക്ടർമാരാകുന്നത്. ഇതിനു പുറമേയാണ് കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തും നിന്ന് പഠിച്ച് തിരിച്ചുവരുന്നവരുടെ എണ്ണം.

ആവശ്യത്തിന് നഴ്സുമാരുമില്ല

കിടത്തി ചികിത്സയ്ക്കുള്ള കിടക്കകളുടെ എണ്ണത്തിന് ആനുപാതികമായി നഴ്സുമാരുടെ കുറവുണ്ട്. പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ നിയമനം മുടങ്ങിയിട്ട് വർഷങ്ങളായി. വിവിധ സർക്കാർ ആശുപത്രികളിലായി നൂറുകണക്കിന് ഒഴിവുകൾ ഈ തസ്തികയിലുണ്ട്. ജീവനക്കാരുടെ ജോലിഭാരം കൂടുതലായിട്ടും ഒഴിവുകൾ നികത്താൻ നടപടിയുണ്ടായിട്ടില്ല.

Advertisement
Advertisement