നീറ്റിൽ ക്രമക്കേട് നടന്നു: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

Monday 17 June 2024 12:00 AM IST

ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട് ചില ക്രമക്കേടുകൾ പുറത്തുവന്നിട്ടുണ്ടെന്നും എൻ.ടി.എയുടെ ഭാഗത്ത് പിഴവുണ്ടായെന്ന് തെളിഞ്ഞാൽ കടുത്ത നടപടിയുണ്ടാകുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ.

രണ്ടിടങ്ങളിൽ ക്രമക്കേടുകൾ പുറത്തുവന്നിട്ടുണ്ട്. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം 1,563 വിദ്യാർത്ഥികൾക്ക് പുനഃപരീക്ഷ നടത്താൻ ഉത്തരവിട്ടിട്ടുണ്ട് .നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഉദ്യോഗസ്ഥരുടെ ഭാഗത്തു പിഴവുണ്ടായതായി കണ്ടെത്തിയാൽ ഏത് ഉന്നതനായാലും വെറുതെ വിടില്ല. ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുമെന്നും ഒഡീഷയിലെ ചടങ്ങിൽ മന്ത്രി വ്യക്തമാക്കി. മത്സര പരീക്ഷകൾ നടത്താൻ ചുമതലയുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ മാറ്റങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം സമ്മതിച്ചു.

1,563 വിദ്യാർത്ഥികൾക്ക് നൽകിയ ഗ്രേസ് മാർക്ക് റദ്ദാക്കിയതായി കേന്ദ്രവും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിന് മാത്രമേ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാൻ കഴിയൂ എന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.

Advertisement
Advertisement