തോക്കുമായി പിടിയിലായ നായാട്ടുസംഘത്തിന് ജാമ്യം

Sunday 16 June 2024 10:44 PM IST

□ഹൈക്കോടതിയെ സമീപിക്കാൻ എക്സൈസ്

കാസർകോട് : റാണിപുരം പാറക്കടവ് റോഡിന് സമീപത്തെ കാട്ടിൽ നിന്നും കള്ളത്തോക്കും തിരകളും ഥാർ ജീപ്പുമായി പനത്തടി സെക്ഷൻ ഓഫീസർ ബി.സേസപ്പയും സംഘവും പിടി കൂടിയ അഞ്ചംഗ നായാട്ടു സംഘത്തിന് കീഴ്ക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് ഹൈക്കോടതിയിലേക്ക്. പതിമൂന്നിന് രാത്രിയിൽ പിടിയിലായ സംഘത്തെ പതിനാലിന് വൈകിട്ട് വസതിയിൽ ഹാജരാക്കിയപ്പോഴാണ് ഹോസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ടേറ്റ് ജാമ്യം അനുവദിച്ചത്.
ജാമ്യക്കാരുടെ നികുതി രേഖ ഹാജരാക്കാത്തതിനാൽ പ്രതികൾ 15നാണ് പുറത്തിറങ്ങിയത്. കാട്ടിൽ അതിക്രമിച്ച് കടക്കൽ, നിയമ വിരുദ്ധമായി മൃഗങ്ങളെ വേട്ടയാടി പിടിക്കൽ, കള്ളത്തോക്കും തിരകളും കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. 22 ദിവസമെങ്കിലും റിമാൻഡിൽ കഴിയേണ്ട വകുപ്പുകളാണ് ഇവയെല്ലാം.

തോക്കും ആറു തിരകളും രണ്ട് ബൈക്കുകളുമായി റാണിപുരം വനമേഖലയിൽ വച്ചു തന്നെ നേരത്തെ പിടിയിലായ മൂന്നംഗ സംഘം ഇപ്പോഴും റിമാൻഡിൽ കഴിയുകയാണ്.

കോളിച്ചാൽ പുത്തൻപുരയിൽ ജെന്റിൽ ജോർജ് (35),കോളിച്ചാൽ പുന്നത്താനത്ത് അജു മാത്യു(35), പനത്തടി ഞാറക്കാട്ട് ഹൗസിൽ സോണി തോമസ്(53) പനത്തടി പുത്തൻപുരയിൽ ഹൗസിൽ ജോസ് ജോസഫ് (40), തൃശ്ശൂർ കണ്ണാറ മൂപ്പാട്ടിൽ ഹൗസിൽ സ്വദേശി റിച്ചാർഡ് എൽദോസ് (28) എന്നിവരെയാണ് എക്സൈസ് ഒരു തോക്കും ഏഴ് തിരകളും കർണാടക രജിസ്‌ട്രേഷനിലുള്ള മഹീന്ദ്ര ഥാർ വാഹനവുമടക്കം കസ്റ്റഡിയിലെടുത്തത്.

പിടിയിലായ നായാട്ട് സംഘം എളുപ്പം ജാമ്യത്തിൽ ഇറങ്ങിയതിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

-കെ. അഷ്‌റഫ്‌ ( കാസർകോട് ഡി.എഫ്.ഒ )

Advertisement
Advertisement