മക്കളുടെ സംരക്ഷണമില്ല; വൃദ്ധയ്ക്ക് അഭയവുമായി സാമൂഹ്യനീതി വകുപ്പ്

Monday 17 June 2024 12:46 AM IST

ആലപ്പുഴ : മക്കൾ സംരക്ഷിക്കാത്ത വൃദ്ധമാതാവിന് സംരക്ഷണമൊരുക്കി സാമൂഹ്യ നീതി വകുപ്പ്. പൊള്ളേത്തൈ കാട്ടുങ്കൽ സ്വദേശി സുലോചന(84)യെയാണ് വയോജന സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയത്.

അമ്മയെ സംരക്ഷിക്കാൻ പെൺമക്കൾ തയ്യാറാകാത്ത സാഹചര്യത്തിൽ, രോഗിയായ മരുമകൾ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി. വെരിക്കോസ്, ഗർഭാശയ രോഗങ്ങളാൽ ശാരീരിക അസ്വസ്ഥത നേരിടുന്ന തനിക്ക് കിടപ്പുരോഗിയായ ഭർതൃമാതാവിനെ പരിചരിക്കുന്നതിന് സാധിക്കില്ലെന്നായിരുന്നു മരുമകൾ അറിയിച്ചത്.

സാമൂഹ്യനീതി വകുപ്പ് നടത്തിയ പരിശോധനയിൽ അപേക്ഷയിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് ബോദ്ധ്യപ്പെട്ടു. സുലോചനയ്ക്ക് മൂന്നു പെൺമക്കളും രണ്ട് ആൺമക്കളുമുണ്ട്. മൂത്തമകനൊപ്പമായിരുന്നു താമസിച്ചിരുന്നത്. അമ്മയുടെ സംരക്ഷണം ഏറ്റെടുക്കുന്നതിന് പെൺമക്കൾ താൽപര്യം കാട്ടിയില്ലെന്ന് മൂത്ത മകന്റെ ഭാര്യ നൽകിയ അപേക്ഷയിൽ പറയുന്നു. മുതിർന്നപൗരയായ സുലോചനയെ സംരക്ഷിക്കാത്ത മക്കൾക്കെതിരെ മെയിന്റനൻസ് ട്രിബ്യൂണൽ മുഖാന്തരം നിയമ നടപടികൾക്കായി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ എ.ഒ.അബീൻ, ജില്ലാ വയോജന കൗൺസിൽ അംഗം ബി.ശ്രീലത, ഓർഫനേജ് കൺട്രോൾ ബോർഡ് കൗൺസിലർമാരായ ജൂനിയർ സൂപ്രണ്ട് എസ്.സി.സലീഷ്, ഓർഫനേജ് കൺട്രോൾ ബോർഡ് കൗൺസിലർമാരായ രശ്മി, സോഷ്യൽ വർക്കർ തെരേസ, ആരോഗ്യപ്രവർത്തകൻ സജീർ എന്നിവുൾപ്പെട്ട സംഘമാണ് സുലോചനയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയത്.

Advertisement
Advertisement