പക്ഷിപ്പനി,​ നഷ്ടപരിഹാരം ഇനിയും അകലെ

Monday 17 June 2024 1:50 AM IST

ആലപ്പുഴ: പക്ഷിപ്പനിയെ തുടർന്ന് കള്ളിംഗ് നടത്തിയ താറാവുകൾക്കുള്ള നഷ്ടപരിഹാരം ഇനിയും അകലെ. കോഴിയും താറാവും ഉൾപ്പെടെ വിവിധ ഘട്ടങ്ങളായി 80139ൽ അധികം പക്ഷികളെയാണ് കൊന്നൊടുക്കിയത്. ഇതിന്റെ നഷ്ടപരിഹാരമായി കാൽകോടിയോളം രൂപയാണ് കർഷകർക്ക് കിട്ടാനുള്ളത്. എന്നാൽ,​ വിതരണനടപടികൾ ഇനിയും ആരംഭിച്ചിട്ടില്ല.

മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ കള്ളിംഗ് (കൊന്നു കത്തിച്ച) നടത്തിയ താറാവുകളുടെ നഷ്ടപരിഹാരത്തുകയെ സംബന്ധിച്ച അവ്യക്ത തുടരുന്നതാണ് വിതരണനടപടികൾ വൈകാൻ കാരണം.

തുകയിൽ അവ്യക്തതുടരുന്നു

1.ജില്ലയിൽ ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. 2014ൽ നിശ്ചയിച്ച നഷ്ടപരിഹാരത്തുക കർഷകർക്ക് നൽകുമെന്ന് മന്ത്രി പറഞ്ഞെങ്കിലും തുടർ നടപടികൾ എങ്ങുമെത്തിയില്ല.

2.ധനവകുപ്പ് ഫണ്ട് അനുവദിക്കാത്തതിനാൽ മൃഗസംരക്ഷണ വകുപ്പിന് വ്യക്തമായ നിർദ്ദേശം നൽകാൻ കഴിയാത്തതും വിതരണനടപടികൾ വൈകാൻ കാരണമായിട്ടുണ്ട്. നഷ്ടപരിഹാരത്തിന്റെ 60 ശതമാനം സംസ്ഥാനവും 40 ശതമാനം കേന്ദ്രവുമാണ് നൽകുന്നത്.

3.കർഷകർ പലിശയ്ക്കും സ്വകാര്യ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തുമാണ് പ്രതീക്ഷയോടെ താറാവുകളെ വളർത്തിയത്. അടിക്കടിയുണ്ടുകുന്ന പക്ഷിപ്പനി വലിയ സാമ്പത്തിക ബാദ്ധ്യതയാണ് കർഷകർക്കുണ്ടാക്കുന്നത്

4. 60 ദിവസം പ്രായമായ താറാവിന് 100 രൂപയും അതിന് മുകളിലുള്ളവയ്ക്ക് 200 രൂപയുമാണ് നഷ്ടപരിഹാരം തീരുമാനിച്ചത്. എന്നാൽ,​ ഒരു ദിവസം പ്രായമായ താറാവിന് വില 23ൽ നിന്ന് 34 ആയി. തീറ്റയ്ക്കും വാക്‌സിനും വില കൂടി. അതിനാൽ നഷ്ടപരിഹാരം യഥാക്രമം 125ഉം 250ഉം രൂപയാക്കണമെന്നതാണ് ആവശ്യം

കള്ളിംഗ്

പക്ഷികൾ: 80139

നഷ്ടപരിഹാരം: 25ലക്ഷം

Advertisement
Advertisement