രക്ഷിക്കാൻ കഴിയാത്തതിന്റെ കുറ്റബോധം കരുഞ്ഞുതീർക്കുകയാണ് നിയാസ്

Monday 17 June 2024 2:55 AM IST

ആലപ്പുഴ: ''ഉമ്മ മരിച്ചെന്ന് കരുതി വാപ്പയ്ക്ക് വയ്യാണ്ടായാൽ ചികിത്സ തരില്ലെന്ന് കരുതരുത്....'' പുന്നപ്ര അഞ്ചിൽ അബ്ദുൾ ഖാദറിന്റെ കാലിൽ പിടിച്ച് മകൻ നിയാസ് കരഞ്ഞുപറഞ്ഞു. ഉമ്മയ്ക്ക് ചികിത്സ ഉറപ്പാക്കാൻ നെട്ടോട്ടമോടിയിട്ടും ജീവൻ രക്ഷിക്കാൻ കഴിയാതെ പോയതിന്റെ വേദനയും കുറ്റബോധവുമാണ് നിയാസിന്റെ കണ്ണുകളിൽ നിന്ന് അണപൊട്ടിയൊഴുകിയത്.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർമാർ ദിവസങ്ങളോളം ജീവൻ പന്താടിയ ഉമൈബയുടെ (70) മകനാണ് നിയാസ്. പരിചയസമ്പന്നരായ ഡോക്ടർമാരുടെ ചികിത്സ ഉറപ്പാക്കാമെന്ന പ്രത്യാശയിലാണ് പനി ബാധിതയായ ഉമൈബയെ നിയാസും കുടുംബവും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. വിവിധ ഘട്ടങ്ങളായി ഇരുപത് ദിവസത്തോളം ആശുപത്രിയിൽ കിടക്കേണ്ടി വന്നു. കേസ് ഷീറ്റിൽ പേര് രേഖപ്പെടുത്തിയിരുന്ന സീനിയർ ഡോക്ടറുടെ സാന്നിദ്ധ്യം ഒരു ദിവസം പോലുമുണ്ടായിട്ടില്ലെന്ന് കുടുംബം തറപ്പിച്ച് പറയുന്നു. ജോലി ഭാരത്താൽ മാനസിക സമ്മർദ്ദത്തിന് അടിപ്പെട്ട് നിൽക്കുന്ന ജൂനിയർ ഡോക്ടർമാരുടെ കൈകളിലായിരുന്നു ഉമൈബ അടക്കമുള്ള രോഗികളുടെ ജീവൻ. പനിയും ചൂടും കടുത്ത് പല തവണ അപസ്മാരം വന്നു. തുടർച്ചയായി മൂത്രം പോയ്ക്കൊണ്ടിരുന്നു. സ്കാനിങ്ങോ, രക്തപരിശോധനയോ നടത്താതെ, പാർക്കിൻസൺസോ, മെനിഞ്ചൈറ്രിസോ ആണെന്ന് ഡോക്ടർമാർ തറപ്പിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. തുടർ പരിശോധനകളിൽ ഈ രോഗങ്ങളൊന്നുമല്ലെന്ന് വ്യക്തമായി.

ഒരു ദിവസം പുലർച്ചെ 5.30ന് ഉമൈബ ബോധരഹിതയായി. പല തവണ അറിയിച്ചിട്ടും ഡോക്ടർമാർ‌ ഗൗനിച്ചില്ല. മകനെത്തി സൂപ്രണ്ടിനെ നേരിൽകണ്ട് പരാതി പറഞ്ഞതോടെ വൈകിട്ട് 3.30ന് സൂപ്പ‌ർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ന്യൂറോ ഐ.സി.യുവിലേക്ക് മാറ്റി. അന്നേ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് ഉമ്മയ്ക്ക് ഒരു തുള്ളി വെള്ളം കൊടുക്കാനായതെന്ന് നിയാസ് വേദനയോടെ പറയുന്നു. ഇതോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറാൻ തീരുമാനിച്ചു. പിറ്റേദിവസം ഉച്ചയ്ക്ക് കോട്ടയത്ത് എത്തിച്ചെങ്കിലും അടുത്ത ദിവസം രാത്രി എട്ട് മണിയോടെ ഉമൈബയ്ക്ക് ജീവൻ നഷ്ടമായി. തുടർച്ചയായ അപസ്മാരത്തെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് ഉമൈബയുടെ ജീവനെടുത്തതെന്ന് കോട്ടയത്തെ ഡോക്ടർമാർ

ബന്ധുക്കളെ അറിയിച്ചു. ഇതോടെ,​ അന്നേ ദിവസം രാത്രി തന്നെ മൃതദേഹവുമായി കുടുംബവും നാട്ടുകാരും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി പ്രതിഷേധിച്ചു.

ഉമ്മ മരിച്ചതല്ല, കൊന്നതാണ് !

സീനിയർ ഡോക്ടർമാർ നേരിട്ടെത്തി ചികിത്സ ഉറപ്പാക്കിയിരുന്നെങ്കിൽ തുടർച്ചയായ അപസ്മാരങ്ങൾ തടയാനാകുമായിരുന്നെന്ന് നിയാസ് പറയുന്നു. ജൂനിയർ ഡോക്ടർമാർക്ക് ജോലി ഭാരമുണ്ടെങ്കിൽ അവർ മേൽ ഉദ്യോഗസ്ഥരോട് പരാതി പറയണം. രോഗിയുടെ ജീവൻ ബലിനൽകേണ്ട സാഹചര്യമൊരുക്കരുത്. ഉമ്മ ഒരു പി.ജി ‌‌ഡോക്ടറുടെ കൈ പിടിച്ച് കേണു പറഞ്ഞതാണ് തീരെ വയ്യെന്ന്..ആരും ഗൗനിച്ചില്ല. ജീവിതത്തിന്റെ നല്ല കാലമത്രയും കഷ്ടപ്പാടുകളിൽ വേദനിച്ച സ്ത്രീയാണ്. പ്രായമായ കാലത്ത് സന്തോഷവും സുഖവും അനുഭവിച്ച് തുടങ്ങവെയാണ് ജീവൻ നഷ്ടമായത്. ഉമ്മയുടെ വിയോഗത്തോടെ, വാപ്പയുടെ മുഖത്ത് നോക്കാൻ പോലും സാധിക്കാത്ത വിധം മനസ് തകർ‌ന്നുപോയെന്ന് നിയാസ് പറയുന്നു. ശ്വാസം കിട്ടാതെ പിടയുന്ന രോഗിക്ക് ഓക്സിജൻ മാസ്ക്ക് വച്ച ശേഷം മെഷീൻ ഓ‌ൺ ചെയ്യാതെ ഡോക്ടർ പോയ സംഭവമടക്കം പലതിനും നിയാസ് ഇതിനിടെ സാക്ഷിയായി. രോഗിയുടെ പിടച്ചിൽ നിൽക്കാത്തതിനെ തുടർന്ന് മറ്റൊരു മെഡിക്കൽ സ്റ്റാഫിനെ വിളിച്ച് പരിശോധിച്ചപ്പോഴാണ് ഓക്സിജൻ സിലിണ്ട‌ർ ഓണാക്കിയില്ലെന്ന് വ്യക്തമായത്. ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ലെങ്കിൽ മറ്റൊരു, ഹൃദയാഘാതമായി ആ ജീവനും അവസാനിക്കുമായിരുന്നു!

Advertisement
Advertisement