പെരുങ്കടവിള പഴമല വാർഡിൽ ഇങ്ങനെയും ഒരു റോഡുണ്ട്..!

Monday 17 June 2024 1:26 AM IST

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര താലൂക്കിലെ പെരുങ്കടവിള പഞ്ചായത്തിലെ പഴമലവാർഡിലെ റോഡ് കുണ്ടും കുഴിയുമായിട്ടും നവീകരിക്കാൻ നടപടിയില്ല. കഴിഞ്ഞ നാലുവർഷത്തോളമായി റോ‌ഡ് പൊട്ടിപൊളിഞ്ഞു കിടക്കുന്നത്. പഴമലയിൽനിന്നും നെയ്യാറ്റിൻകരയിലേക്ക് നടത്തിയിരുന്ന ബസ് സർവീസ് ആറുമാസക്കാലം നിർത്തിവച്ചിരുന്നു. വീണ്ടും ബസ് സർവീസ് പുനരാരംഭിച്ചെങ്കിലും സർവീസ് നടത്താൻ ബുദ്ധിമുട്ടുണ്ടെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വാദം.രാവിലെയും വൈകിട്ടും ജോലിക്ക് പോകുന്നവരാണ് ബസിനെ കൂടുതലും ആശ്രയിക്കുന്നത്. വാട്ടർ അതോറിട്ടി ജലവിതരണത്തിനായി കുഴിച്ച കുഴിയാണ് റോഡിൽ കുണ്ടും കുഴിയുമാക്കിയത്.

പഴമല വാർഡ്

പെരുങ്കടവിള ആശുപത്രി ജംഗ്ഷനിൽ നിന്നും ഉള്ളിലോട്ടുള്ള സ്ഥലമാണ് പഴമല. വാർഡിലെ പല പ്രദേശങ്ങളിലും റോഡ് പൂർണമായും ഇല്ല. ചെറിയ മഴയിലും യാത്ര ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. സ്കൂൾ ബസുകൾ കുട്ടികളെയും കൊണ്ട് പോകുന്നതും അപകടാവസ്ഥയിലൂടെയാണ്. സ്കൂട്ടർ യാത്രക്കാർക്കും അപകടം ഉണ്ടാകുന്നതും പതിവാണ്.

ദുരവസ്ഥ

പെരുങ്കടവിള ഗ്രാമപഞ്ചായത്തിൽ ഒന്നാമത്തെ വാർഡാണ് പഴമല. പെരുങ്കടവിളയും പഴമലയും സംഗമിക്കുന്ന സ്ഥലത്തിനാണീ ദുരവസ്ഥ. റോഡിന്റെ ശോചനീയാവസ്ഥയിൽ മാറ്റം വരുത്തുവാൻ അധികൃതർ തയ്യാറാകുന്നില്ല. പൈപ്പ്ലൈൻ കുഴിച്ചതാണ് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണം.

ബസ് വന്ന് പോകാനും ഇടമില്ല

ബസ് വന്നാൽ തിരിഞ്ഞ് പോകാനുള്ള സ്ഥലമില്ലാത്തതുകാരണം പഴമല ക്ഷേത്രത്തിന്റെ അടുക്കൽ വന്നാണ് തിരിഞ്ഞു പോകുന്നത്. ബസിന്റെ ചെളിയും തെറിപ്പിച്ചുള്ള യാത്ര മറ്റ് സഞ്ചാരികൾക്കും ബുദ്ധിമുട്ടാണ്.

ഓട്ടം വിളിച്ചാലും വരില്ല

റോഡ് പൊട്ടിപൊളിഞ്ഞതു കാരണം പഴമല റൂട്ടിൽ ഓട്ടം വിളിച്ചാൽപോലും വരാൻ ടാക്സിക്കാർ പോലും തയ്യാറാകുന്നില്ല. പ്രത്യേകിച്ചും ഓട്ടോക്കാർ. ഇവിടെ കൂടുതലും കൃഷി കൊണ്ട് ഉപജീവനം കഴിയുന്നവരാണുള്ളത്. ഇവർക്ക് കാർഷിക ഉത്പ്പന്നങ്ങൾ ചന്തയിലെത്തിക്കാൻ പോലും ബുദ്ധിമുട്ടാണ്. സ്കൂൾ കുട്ടികൾക്കും സ്കൂളിൽ പോകാൻ കഴിയുന്നില്ല.

Advertisement
Advertisement