അനീഷിന്റെ കവിത ഇനി അകക്കണ്ണാൽ ആയിഷ വായിക്കും

Monday 17 June 2024 1:44 AM IST

തിരുവനന്തപുരം: അനീഷിന്റെ 29 കവിതകൾ ഇനി ആയിഷയ്ക്കും മറ്റു കാഴ്ചപരിമിതർക്കും വായിക്കാം. വെഞ്ഞാറമൂട് സ്വദേശിയും കവിയുമായ അനീഷ് സ്‌നേഹയാത്ര, ബ്രയിൽ ലിപിയിൽ പുറത്തിറക്കിയ 'പിന്നിട്ട വഴികളും വരികളും' എന്ന പുസ്തകം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ചടങ്ങിൽ എ.എ.റഹീം എം.പി പ്രകാശനം ചെയ്തു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (കെ.എൽ.എഫ്)​ കാഴ്ചപരിമിതർക്കായി പുസ്തകങ്ങൾ ഇല്ലാതിരുന്നതിന്റെ സങ്കടം കോഴിക്കോട് സ്വദേശിയും പത്താംക്ലാസുകാരിയുമായ ആയിഷ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചപ്പോഴാണ് ബ്രെയിൽ ലിപിയിൽ പുസ്തകം പുറത്തിറക്കണമെന്ന് അനീഷിന് മോഹമുദിച്ചത്. അനീഷ് ഡിസംബറിൽ പ്രകാശനം ചെയ്ത ആദ്യ കവിതാസമാഹാരമാണ് ബ്രെയിൽ ലിപിയിലേയ്ക്ക് മാറ്റി പ്രസിദ്ധീകരിച്ചത്. ആയിഷയും ചടങ്ങിൽ പങ്കെടുത്തു. കേരള ഫെഡറേഷൻ ഒഫ് ദി ബ്ലൈൻഡ്സിന്റെ സഹകരണത്തോടെ ഒരു മാസമെടുത്താണ് പുസ്തകം അച്ചടിച്ചത്. ഡി.കെ.മുരളി എം.എൽ.എ, ഗായിക വൈക്കം വിജയലക്ഷ്മി, ഗായിക അവനി, ഡോ.രജിത അനീഷ്, ഫിറോസ് എ.അസീസ്, സുമി, ജയരാജ്, ജ്യോതിർഗമയ ഫൗണ്ടേഷൻ സ്ഥാപക ടിഫാനി ബ്രാർ, വിഷ്ണു, ജിഷ്ണുദേവ് വെഞ്ഞാറമൂട് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement