യുക്രെയിൻ സമാധാന ഉച്ചകോടി: സംയുക്ത പ്രഖ്യാപനത്തിൽ നിന്ന് ഇന്ത്യ പിന്മാറി

Monday 17 June 2024 7:03 AM IST

ജനീവ: റഷ്യ - യുക്രെയിൻ സംഘർഷം പരിഹരിക്കുന്നതിനായി സ്വിറ്റ്‌സർലൻഡിൽ നടന്ന സമാധാന ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിന്റെ ഭാഗമാകില്ലെന്ന് ഇന്ത്യ. റഷ്യയെ പങ്കെടുപ്പിക്കാതെയായിരുന്നു ഉച്ചകോടി. പ്രശ്ന പരിഹാരത്തിന് ഇരുകക്ഷികൾക്കും സ്വീകാര്യമായ അഭിപ്രായങ്ങൾ പരിഗണിക്കണമെന്നും ഇതിലൂടെ മാത്രമേ സ്ഥിരമായ സമാധാനം കൈവരിക്കാനാകൂ എന്നും വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (വെസ്റ്റ് ) പവൻ കപൂർ പ്രതികരിച്ചു. അതിനാൽ, ഉച്ചകോടിയിൽ ഉയർന്ന സംയുക്ത പ്രസ്താവനയോ മറ്റേതെങ്കിലും രേഖകളുമായോ ഉള്ള ബന്ധം ഒഴിവാക്കാൻ തങ്ങൾ തീരുമാനിച്ചെന്നും അദ്ദേഹം ഇന്നലെ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. പ്രശ്നപരിഹാരത്തിന് ഇരുപക്ഷവുമായി ചർച്ചകൾ തുടരും. ചർച്ചകളും നയതന്ത്രവുമാണ് ഏക ഹരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച തുടങ്ങിയ ദ്വിദിന ഉച്ചകോടിയിൽ 92 രാജ്യങ്ങളാണ് പങ്കെടുത്തത്. ബഹ്‌റൈൻ, സൗദി അറേബ്യ, യു.എ.ഇ, ബ്രസീൽ, കൊളംബിയ, മെക്സിക്കോ തുടങ്ങിയ മറ്റ് 12 രാജ്യങ്ങളും സംയുക്ത പ്രസ്താവനയുടെ ഭാഗമാകില്ല. നാറ്റോയിൽ ചേരാനുള്ള നീക്കം ഉപേക്ഷിക്കാനും തങ്ങൾ പിടിച്ചെടുത്ത ഡൊണെസ്‌ക്, ലുഹാൻസ്‌ക്, ഖേഴ്സൺ, സെപൊറീഷ്യ എന്നിവിടങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനും യുക്രെയിൻ തയാറായാൽ ആ നിമിഷം വെടിനിറുത്തൽ നടപ്പാക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞിരുന്നു. തൊട്ടടുത്ത ദിവസം സമാധാന ചർച്ചകൾ തുടങ്ങാമെന്നും പുട്ടിൻ വ്യക്തമാക്കി. എന്നാൽ,​ പുട്ടിന്റെ നിർദ്ദേശത്തെ ഉച്ചകോടിയിൽ യുക്രെയിനും പാശ്ചാത്യ രാജ്യങ്ങളും തള്ളി. റഷ്യൻ സൈന്യം യുക്രെയിൻ മണ്ണിൽ നിന്ന് പിന്മാറിയാലേ ചർച്ചയ്ക്കുള്ളൂ എന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ഇന്നലെ വ്യക്തമാക്കി. ഇതിനിടെ, യുക്രെയിന് യു.എസ് 150 കോടി ഡോളറിന്റെ സഹായ പാക്കേജ് പ്രഖ്യാപിച്ചു.

Advertisement
Advertisement