ഓസ്ട്രേലിയയ്ക്ക് ചൈനയുടെ 'പാണ്ട" സമ്മാനം

Monday 17 June 2024 7:04 AM IST

ബീജിംഗ് : ഓസ്ട്രേലിയയ്ക്ക് രണ്ട് പാണ്ടകളെ കൈമാറുമെന്ന് ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാംഗ്. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലെ അഡലെയ്ഡ് മൃഗശാല സന്ദർശിക്കവെയായിരുന്നു ക്വിയാംഗിന്റെ പ്രഖ്യാപനം. നിലവിൽ വാംഗ് വാംഗ്, ഫോ നി എന്നീ രണ്ട് ചൈനീസ് പാണ്ടകൾ ഓസ്ട്രേലിയയിലുണ്ട്. നിശ്ചിത കാലയളവിലേക്ക് പാട്ടത്തിന് നൽകിയ ഇവയെ ഈ വർഷം അവസാനത്തോടെ ചൈനയ്ക്ക് മടക്കി നൽകണം.

ഇതിന് പകരമായാണ് പുതിയ രണ്ട് പാണ്ടകളെ ചൈന നൽകുക. ഏഴ് വർഷത്തിന് ശേഷമാണ് ഒരു ചൈനീസ് നേതാവ് ഓസ്ട്രേലിയയിലെത്തുന്നത്. നാല് ദിവസത്തെ സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് ക്വിയാംഗ് ഓസ്ട്രേലിയയിലെത്തിയത്. ഇരുരാജ്യങ്ങൾക്കുമിടെയിലെ നയതന്ത്ര ഭിന്നതയുടെ മഞ്ഞുരുക്കൽ കൂടിയാണ് ക്വിയാംഗിന്റെ വരവിന്റെ ലക്ഷ്യം. തെക്കൻ പസഫിക് ദ്വീപുകളിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന സാന്നിദ്ധ്യത്തോട് ഓസ്ട്രേലിയൻ സർക്കാർ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലെ ഭിന്നത രൂക്ഷമായി. മഹാമാരിയുടെ ഉത്ഭവം തേടി ചൈനയിൽ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് അന്നത്തെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞിരിന്നു. ഓസ്ട്രേലിയൻ വൈൻ അടക്കമുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുത്തനെ ഉയർത്തിയായിരുന്നു ചൈനയുടെ മറുപടി. 2022ൽ ആന്റണി ആൽബനീസിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടി അധികാരത്തിലെത്തിയതോടെയാണ് ഇരുരാജ്യങ്ങൾക്കിടെയിലെ നയതന്ത്രബന്ധം മെച്ചപ്പെട്ട് തുടങ്ങിയത്.

ക്വിയാംഗ് ഇന്ന് ആൽബനീസുമായി കൂടിക്കാഴ്ച നടത്തും. അതേ സമയം, സൗഹൃദത്തിന്റെ അടയാളമായി രാജ്യങ്ങൾക്ക് പാണ്ടകളെ സമ്മാനിക്കുന്ന ചൈനയുടെ നയം ' പാണ്ട നയതന്ത്രം" എന്നാണ് അറിയപ്പെടുന്നത്. ചൈനയിൽ മാത്രം സ്വാഭാവികമായി കാണപ്പെടുന്ന ജീവികളാണ് പാണ്ടകൾ.

1941 മുതൽ 1984 വരെ ചൈനീസ് സർക്കാർ പാണ്ടകളെ മറ്റ് രാജ്യങ്ങൾക്ക് സമ്മാനമായി നൽകിയിരുന്നു. 1984ന് ശേഷം നിശ്ചിത കാലയളവിലേക്ക് പാട്ടത്തിന് നൽകുന്നു. ഏകദേശം 1,860 ജയന്റ് പാണ്ടകളാണ് ലോകത്ത് സ്വാഭാവിക ആവാസ വ്യവസ്ഥയിൽ അവശേഷിക്കുന്നത്. ഏകദേശം 600 എണ്ണം വിവിധ പാണ്ട സെന്ററുകളിലും മൃഗശാലകളിലും പാർക്കുകളിലുമായി ജീവിക്കുന്നു.

Advertisement
Advertisement