കടലിനെ വിറപ്പിച്ച ഫാന്റം !

Monday 17 June 2024 7:10 AM IST

കാൻബെറ: ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഓസ്ട്രേലിയയിൽ നിലനിന്നിരുന്ന എറോമാൻഗ കടലിന് മുകളിലൂടെ പറന്നുനടന്നിരുന്ന റ്റെറോസോർ കുടുംബത്തിലെ ഭീമൻ പറക്കും ഉരഗത്തിന്റെ ഫോസിൽ കണ്ടെത്തി. ദിനോസറുകൾക്കൊപ്പം ക്രിറ്റേഷ്യസ് യുഗത്തിന്റെ പ്രാരംഭഘട്ടത്തിൽ ജീവിച്ചിരുന്ന 'ഹാലിസ്കിയ പീറ്റർസെനി" എന്ന സ്പീഷീസിലെ റ്റെറോസോർ ഫോസിലാണ് കണ്ടെത്തിയത്. ഓസ്ട്രേലിയയിൽ ഇതുവരെ ലഭ്യമായിട്ടുള്ളതിൽ വച്ച് ഏറ്റവും പൂർണമായ റ്റെറോസോർ ഫോസിൽ കൂടിയാണിത്. 'സീ ഫാന്റം ' അഥവാ ' കടലിലെ ഭൂതം' എന്നാണ് ഹാലിസ്കിയ എന്ന വാക്കിനർത്ഥം. അതിവിദഗ്ദ്ധരായ വേട്ടക്കാരായിരുന്ന ഇക്കൂട്ടർ കടലിന് മുകളിലൂടെ പറന്ന് ഇരകളെ അകത്താക്കിയിരുന്നു. ചിറകുകൾ തമ്മിൽ 15 അടി നീളമുണ്ടായിരുന്നു. ഏകദേശം 10 കോടി വർഷങ്ങൾക്ക് മുമ്പായിരുന്നു ഇവ ജീവിച്ചിരുന്നത്.

ഭൂമിയിലെ നട്ടെല്ലുള്ള ജീവികളിൽ പറക്കാനുള്ള കഴിവ് ആദ്യമായി ആർജ്ജിച്ചെടുത്തവയാണ് റ്റെറോസോറുകൾ. ഭൂമുഖത്തുണ്ടായിരുന്നതിൽ ഏറ്റവും വലിയ പക്ഷിയും റ്റെറോസോർ ആണെന്നാണ് ഗവേഷകരുടെ നിഗമനം. അസാധാരണ വലിപ്പമുള്ള തലയും നീണ്ട കഴുത്തുമാണ് ഇവയുടെ പ്രത്യേകത.