ടിക്ടോക് ഭ്രമം അതിരുവിട്ടു, സ്റ്റേഷനിൽ വീഡിയോയെടുത്ത പൊലീസുകാരിക്ക് കിട്ടിയത് മുട്ടൻപണി

Thursday 25 July 2019 12:43 PM IST

അഹമ്മദാബാദ്: പൊലീസ് സ്റ്റേഷനിൽ ടിക്ടോക് വീഡിയോ ചിത്രീകരിച്ച പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെ‌ൻഷൻ. അർപ്പിത ചൗധരി എന്ന പൊലീസ് ഓഫീസർക്കെതിരെയാണ് നടപടി. മെഹ്‌സാന ജില്ലയിലെ ലംഗ്നജ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. യൂണിഫോം ധരിക്കാതെ ലോക്കപ്പിന് മുന്നിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചത്.

ജൂലായ് 20ന് ചിത്രീകരിച്ച വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. 'അർപ്പിത ചൗധരിയുടേത് ചട്ട ലംഘനമാണ്. ഡ്യൂട്ടി സമയത്ത് യൂണിഫോം ധരിച്ചില്ല, പൊലീസ് സ്റ്റേഷന്റെ അകത്ത്‌ വ‌ച്ച് വീഡിയോ പകർത്തി പ്രചരിപ്പിച്ചു ഇവയാണ് അർപ്പിത ചൗധരിക്കെതിരെയുള്ള കുറ്റം. പൊലീസുകാർ അച്ചടക്കം പാലിക്കണം,അതവർ ചെയ്യാത്തത് കൊണ്ടാണ് സസ്പെൻഡ് ചെയ്തത്'-ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മഞ്ജിത വൻസാര വ്യക്തമാക്കി. 2016ലാണ് അർപ്പിത ചൗധരി സർവീസിലേക്ക് പ്രവേശിച്ചത്. 2018ലാണ് മെഹ്സാനയിലേക്ക് സ്ഥലംമാറി വന്നത്.