ലോക്‌സഭാ സ്പീക്കര്‍ ദക്ഷിണേന്ത്യയില്‍ നിന്ന്? ബിജെപി എംപിയെ സഭാനാഥനാക്കാതിരിക്കാന്‍ 'ഇന്ത്യ' മുന്നണിയും

Monday 17 June 2024 11:30 AM IST

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും കഴിഞ്ഞു. ഒറ്റയ്ക്ക് കേവലഭൂരിപക്ഷം കിട്ടാത്ത ബിജെപിക്ക് ടിഡിപി, ജെഡിയു പിന്തുണയോടെയാണ് മൂന്നാം മോദി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞത്. മന്ത്രിസഭാ രൂപീകരണം വലിയ പ്രതിസന്ധിയില്ലാതെ കടന്ന് പോയത് ബിജെപിക്ക് ആശ്വാസമാണ്. എന്നാല്‍ ജൂണ്‍ 26ന് നടക്കാനിരിക്കുന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പ് അങ്ങനെയാകില്ലെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

സ്പീക്കര്‍ സ്ഥാനം ബിജെപി തീരുമാനിക്കുന്നതില്‍ നിതീഷ് കുമാറിന്റെ ജെഡിയുവിന് എതിര്‍പ്പില്ല. എന്നാല്‍ ടിഡിപി മുന്നോട്ട് വച്ച ആവശ്യങ്ങളില്‍ ഒന്നാണ് സ്പീക്കര്‍ സ്ഥാനം. ഇതിനെ ഇന്ത്യ സഖ്യം പിന്തുണച്ച് രംഗത്ത് വന്നതോടെയാണ് ബിജെപി ആശയക്കുഴപ്പത്തിലായത്. എന്‍ഡിഎ മുന്നണിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ആദ്യത്തെ അവസരമായിട്ടാണ് ഇന്ത്യ മുന്നണി സ്പീക്കര്‍ തിരഞ്ഞെടുപ്പിനെ കാണുന്നത്. ടിഡിപി അംഗത്തെ സ്പീക്കറാക്കിയാല്‍ പിന്തുണയ്ക്കുമെന്നാണ് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞത്.

സ്പീക്കര്‍ പദവി ബിജെപിക്കു ലഭിച്ചാല്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ടിഡിപി, ജെഡിയു, എല്‍ജെപി, ആര്‍എല്‍ഡി എന്നീ പാര്‍ട്ടികളെ പിളര്‍ത്താനിടയുണ്ടെന്നു സഞ്ജയ് റാവുത്ത് പറഞ്ഞു. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ടിഡിപി സ്പീക്കര്‍ പദവി എടുത്തശേഷം സര്‍ക്കാരിനു പുറത്തുനിന്നു പിന്തുണ നല്‍കുകയായിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിനു നല്‍കിയില്ലെങ്കില്‍ ഇന്ത്യാ സഖ്യം സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കുമെന്നും അഭ്യൂഹമുണ്ട്. ഇക്കാര്യത്തില്‍ സഖ്യം നിലപാട് വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ വസതിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗത്തില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചയായെന്നാണ് വിവരം. അമിത് ഷാ, ജെ.പി.നഡ്ഡ, ചിരാഗ് പാസ്വാന്‍, രാജീവ് രഞ്ജന്‍ സിങ് തുടങ്ങിയവര്‍ ഈ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അതേസമയം സഭയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ സ്പീക്കര്‍ പദവി നിര്‍ണായകമാണ്. പദവിയുടെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമായി അറിയുന്ന ബിജെപി സ്പീക്കര്‍ സ്ഥാനം വിട്ടുകൊടുക്കാന്‍ തയ്യാറല്ല.

അതേസമയം ടിഡിപിയെ ഒപ്പം നിര്‍ത്തി തന്നെ വിഷയം പരിഹരിക്കാന്‍ ആന്ധ്രയില്‍ നിന്ന് തന്നെ സ്പീക്കര്‍ എന്ന ഫോര്‍മുലയാണ് ബിജെപി മുന്നേട്ട് വയ്ക്കുന്നത്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരാള്‍ക്ക് ഈ പദവി നല്‍കിയാല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നു. ആന്ധ്ര പ്രദേശ് ബിജെപി സംസ്ഥാന അദ്ധ്യക്ഷ ദഗുബട്ടി പുരന്ദേശ്വരിയുടെ പേരാണ് ബിജെപി മുന്നോട്ട് വയ്ക്കുന്നത്. എന്‍ടിആറിന്റെ മകളും എംപിയുമായ പുരന്ദേശ്വരിയെ സ്പീക്കര്‍ സ്ഥാനത്തേക്ക് കൊണ്ടുവന്നാല്‍ ടിഡിപിയുടെ വിയോജിപ്പ് മാറുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. നിലവിലെ സ്പീക്കര്‍ ഓം ബിര്‍ളയും പരിഗണനയിലുണ്ട്.