സ്മാര്‍ട്ട്‌ഫോണുകള്‍ളെ കുറിച്ച് ഭൂരിഭാഗം പേര്‍ക്കും അറിയാത്ത കാര്യം, പക്ഷേ ഒരു കമ്പനികളും നിങ്ങളോട് ഇത് പറയില്ല

Monday 17 June 2024 12:08 PM IST

നമ്മള്‍ വില കൊടുത്ത് വാങ്ങുന്ന ഏതൊരു സാധനത്തിനും എക്സപയറി ഡേറ്റ് ഉണ്ട്. എന്നാല്‍ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങളിലും ഭക്ഷണ സാധനങ്ങളിലും മാത്രമാണ് നമ്മളെല്ലാവരും എക്സ്പയറി ഡേറ്റ് സൂക്ഷ്മമായി പരിശോധിക്കുന്നത്. എന്നാല്‍ നമ്മുടെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാന്‍ കഴിയാത്ത വസ്തുവായ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും എക്‌സ്പയറി ഡേറ്റ് ഉണ്ടെന്ന കാര്യം അധികമാര്‍ക്കും അറിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഒരു നിര്‍മാണ കമ്പനികളും ഇത് നിങ്ങളോട് പറയുകയുമില്ല.

ഒരു ഫോണ്‍ വാങ്ങിയാല്‍ അത് എത്രനാള്‍ ഉപയോഗിക്കാന്‍ കഴിയും? ഇതിനേക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുകയാണ് ഫോക്‌സ് ന്യൂസ്. ഏത് കമ്പനിയുടേതാണെങ്കിലും ചെറിയ വിലയ്ക്കുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ എക്‌സ്പയറി പരമാവധി രണ്ട് വര്‍ഷം മാത്രമാണ്. മൂന്ന് മുതല്‍ നാല് വര്‍ഷം വരെ ഉപയോഗിക്കാന്‍ പാകത്തിലാണ് ഫോണുകള്‍ നിര്‍മിക്കുന്നത്. രണ്ട് വര്‍ഷം എക്‌സ്പയറി ഡേറ്റ് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ഈ കാലാവധി കഴിഞ്ഞാല്‍ ഫോണ്‍ ഉപേക്ഷിക്കണമെന്നല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫോണിന്റെ എക്‌സ്പയറി ഡേറ്റ് എങ്ങനെ പരിശോധിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എക്‌സ്പയറി ഡേറ്റ് വരെയെങ്കിലും ഫോണിന്റെ ഹെല്‍ത്ത് എങ്ങനെ നിലനിര്‍ത്താം തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്. പുതിയതായി ഒരു ഫോണ്‍ വാങ്ങിയാല്‍ അത് കേടാകുന്നതിന് മുന്നോടിയായുള്ള കൗണ്ട്ഡൗണ്‍ അന്ന് മുതല്‍ തന്നെ ആരംഭിക്കും. യഥാര്‍ത്ഥത്തില്‍ നിര്‍മാണം പൂര്‍ത്തിയാകുന്നത് മുതല്‍ തന്നെ ഈ കൗണ്ട്ഡൗണും ആരംഭിക്കും.

ഫോണ്‍ നിര്‍മിച്ച തീയതി പാക്കറ്റിന് പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ടാകും എന്നാല്‍ എക്‌സ്പയറി ഡേറ്റ് അതില്‍ രേഖപ്പെടുത്തില്ല. സെറ്റിങ്‌സിലുള്ള 'എബൗട്ട്' ചെക്ക് ചെയ്താല്‍ നിര്‍മ്മാണ തീയതിയോ, സീരിയല്‍ നമ്പറോ ലഭിക്കും. മിക്ക ഫോണ്‍ നിര്‍മ്മാതാക്കളും നിര്‍മ്മാണ തിയതി ഈ സീരിയല്‍ നമ്പറില്‍ ഒളിപ്പിക്കുകയാണ് ചെയ്യുന്നത്. ലഭിച്ച സീരിയല്‍ നമ്പര്‍ https://nsdeep.info/en എന്ന വെബ്‌സൈറ്റ് ഉപയോഗിച്ച് പരിശോധിച്ചാല്‍ വിവരങ്ങള്‍ ലഭിക്കും. ചില ഫോണുകളില്‍ *#06# ഡയല്‍ ചെയ്താലും സീരിയല്‍ നമ്പര്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

https://endoflife.date/iphone എന്ന വെബ്സൈറ്റ് വഴി പരിശോധിച്ചാലും മതിയാകും. സെക്കന്‍ഡ് ഹാന്‍ഡായി എന്തെങ്കിലും വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രയോജനകരമായ വെബ്‌സൈറ്റാണിത്. ഒരു ഉപകരണത്തിന്റെ പ്രവര്‍ത്തന കാലാവധി തീരാറായെങ്കില്‍ അത് വാങ്ങിക്കാതിരിക്കുകയാണ് ഉചിതമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

എക്‌സപയറി ഡേറ്റ് കഴിഞ്ഞതിന് ശേഷവും സ്മാര്‍ട്‌ഫോണുകള്‍ കോടാകാതെ ഉപയോഗിക്കാന്‍ കഴിയും എന്നാല്‍ പുതിയ അപ്‌ഡേറ്റുകള്‍ ലഭ്യമാകില്ലെന്നതാണ് പ്രശ്‌നം. ഫോണിന്റെ സുരക്ഷയെയും ഇത് ബാധിക്കും. ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ ഡിവൈസിലേക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയുമെന്നതാണ് മറ്റൊരു അപകടം. അതോടൊപ്പം തന്നെ ഫോണില്‍ സൂക്ഷിച്ചിട്ടുള്ള വ്യക്തിവിവരങ്ങള്‍, ചിത്രങ്ങള്‍ പോലുള്ളവയുടെ സ്വകാര്യതയേയും ഇത് ബാധിക്കാന്‍ ഇടയുണ്ട്.

Advertisement
Advertisement