പ്രധാനമന്ത്രിയുടെയും മാർപാപ്പയുടെയും കൂടിക്കാഴ്ചയെ പരിഹസിച്ചെന്ന് ബിജെപി; മാപ്പ് പറഞ്ഞ് കോൺഗ്രസ്

Monday 17 June 2024 12:19 PM IST

ന്യൂഡൽഹി: ഇറ്റലിയിൽ നടന്ന ജി 7 ഉച്ചക്കോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയെ പരിഹസിച്ച കോൺഗ്രസ് പിന്നാലെ മാപ്പുപറഞ്ഞു. എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് കേരള ഘടകം കോൺഗ്രസ് മോദിയെയും മാർപാപ്പയെയും പരിഹസിച്ചത്.

മോദിയും മാർപാപ്പയും ഒരുമിച്ചുള്ള ചിത്രത്തിൽ 'ഒടുവിൽ മാർപ്പാപ്പയ്ക്ക് ദെെവത്തെ കാണാൻ അവസരം ലഭിച്ചു' എന്ന അടിക്കുറിപ്പ് ഉണ്ടായിരുന്നു. തുടന്ന് കോൺഗ്രസിനെതിരെ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. ഇത് ക്രിസ്ത്യൻ സമുദായത്തെ അപമാനിക്കുന്നതാണെന്നാണ് ബിജെപി ആരോപിച്ചത്. സംഭവത്തിനെതിരെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.

മാർപാപ്പയെയും ക്രിസ്ത്യൻ സമുദായത്തെയും പരിഹസിക്കുന്ന നിലപാടാണ് കോൺഗ്രസ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. പിന്നാലെ കോൺഗ്രസ് കേരള ഘടകം പോസ്റ്റ് ഡീലിറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്തു.

ഒരു മതത്തെയും മതപുരോഹിതന്മാരെയും ആരാധനാമൂർത്തികളെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പാരമ്പര്യമല്ലെന്ന് ഈ നാട്ടിലെ ജനങ്ങൾക്ക് മുഴുവനും അറിയാം. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ചേർത്ത് പിടിച്ച് സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ ജനങ്ങളെ മുന്നോട്ടു നയിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസെന്നും കേരള ഘടകം വ്യക്തമാക്കി.

പോസ്റ്റിന്റെ പൂർണരൂപം

ഒരു മതത്തെയും മതപുരോഹിതന്മാരെയും ആരാധനാമൂർത്തികളെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പാരമ്പര്യമല്ലെന്ന് ഈ നാട്ടിലെ ജനങ്ങൾക്ക് മുഴുവനും അറിയാം. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ചേർത്ത് പിടിച്ച് സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ ജനങ്ങളെ മുന്നോട്ടു നയിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികൾ ദൈവതുല്യനായി കാണുന്ന മാർപാപ്പയെ അവഹേളിക്കുക എന്ന വിദൂര ചിന്ത പോലും കോൺഗ്രസിന്റെ ഒരു പ്രവർത്തകനും ഉണ്ടാകില്ല.

എന്നാൽ, സ്വയം ദൈവമാണെന്ന് പറഞ്ഞു ഈ നാട്ടിലെ വിശ്വാസികളെ അപമാനിക്കുന്ന നരേന്ദ്രമോദിയെ പരിഹസിക്കാൻ കോൺഗ്രസിന് ഒരു മടിയുമില്ല. ആ തരത്തിൽ നരേന്ദ്രമോദിയുടെ നാണംകെട്ട രാഷ്ട്രീയ കളികളെ പരിഹസിച്ചതിനെ മാർപാപ്പയെ അപമാനിച്ചതായി ചിത്രീകരിക്കുവാനുള്ള സുരേന്ദ്രന്റെയും മോദി പരിവാരത്തിൻ്റെയും വർഗീയ മനസ്സ് ജനങ്ങൾക്ക് മനസ്സിലാകും.

വർഗീയ വിഷം കുത്തിവച്ചാലുടൻ അത് പടർത്താൻ നടക്കുന്ന ആത്മാഭിമാനം ഇല്ലാത്ത ജനവിഭാഗമായി ക്രിസ്തുമത വിശ്വാസികളെ തരം താഴ്ത്താനാണ് സുരേന്ദ്രനും കൂട്ടരും ശ്രമിക്കുന്നത്. ക്രിസ്തീയ സമൂഹത്തോട് ആത്മാർത്ഥമായ സ്നേഹമുണ്ടെങ്കിൽ അവരുടെ ദേവാലയങ്ങൾ മണിപ്പൂരിൽ തീയിട്ടു നശിപ്പിച്ചപ്പോൾ മൗനം പാലിച്ച മോദിയും കൂട്ടരും ആദ്യം ക്രിസ്തീയ സമൂഹത്തോട് നിരുപാധികം മാപ്പ് പറയണം. ഈ ഒര് പോസ്റ്റ്‌ ക്രിസ്തുമത വിശ്വാസികൾക്ക് ഏതെങ്കിലും തരത്തിൽ വൈകാരികമോ മാനസികമോ ആയ വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നിരുപാധികം ഞങ്ങൾ ക്ഷമ ചോദിക്കുന്നു.

"വിവേകത്തോടെ പ്രവർത്തിക്കുകയും നർമത്തിലൂടെ പറയുകയും, അതിലൂടെ ഒരാളുടെയെങ്കിലും ചുണ്ടിൽ ചെറുപുഞ്ചിരി വിടർത്താൻ നിങ്ങൾക്ക് കഴിയുകയും ചെയ്താൽ, നിങ്ങൾ ദൈവത്തെപ്പോലും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമാണ് ചെയ്യുന്നത്." -ഫ്രാൻസിസ് മാർപാപ്പ 2024 ജൂൺ 14, വെള്ളിയാഴ്ച (നരേന്ദ്ര മോദി മാർപ്പാപ്പയെ സന്ദർശിച്ച അതേ ദിവസം പറഞ്ഞത്)

Advertisement
Advertisement