അതുപോലൊരു കഥാപാത്രം മോഹന്‍ലാലിന് വേറെയില്ല, അതൊരു ക്ലാസ് മൂവിയെന്ന് സംവിധായകന്‍ ജോഷി

Monday 17 June 2024 3:05 PM IST

നടന്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ പുകഴ്ത്തി സംവിധായകന്‍ ജോഷി. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്ക് നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍ കൂടിയാണ് അദ്ദേഹം. സംവിധായകന്‍ മണിരത്‌നത്തെ കുറിച്ചും ഒപ്പം മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയെക്കുറിച്ചും സംസാരിക്കുകയാണ് ജോഷി. ഒരു സ്വകാര്യ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെയാണ് ജോഷി പ്രശംസിച്ചത്. അതുപോലൊരു കഥാപാത്രം മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ വേറെ ഇല്ലെന്നും ജോഷി പറയുന്നു. ഇന്ത്യയിലെ സകല സംവിധായകരുടേയും ലൈബ്രറികളിലും മണിരത്‌നത്തിന്റെ സിനിമകള്‍ കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്രതലത്തില്‍ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിക്കാന്‍ കഴിയുന്ന ഏക സംവിധായകന്‍ മണിരത്‌നമാണെന്നും മറ്റാര്‍ക്കും അത്തരത്തിലൊരു കഴിവ് അവകാശപ്പെടാന്‍ കഴിയില്ലെന്നും ജോഷി പറയുന്നു. പൊന്ന്യന്‍ സെല്‍വം എന്ന സിനിമ മാത്രം കണ്ടാല്‍ അക്കാര്യം മനസ്സിലാകുമെന്നും ജോഷി കൂട്ടിച്ചേര്‍ത്തു.

മണിരത്‌നത്തെ സംബന്ധിച്ച് അദ്ദേഹത്തിന്റേതായ ഓരോ സിനിമയും ഒരു പാഠപുസ്തകമാണ്. അദ്ദേഹത്തിന്റെ സിനിമകളെ സസൂക്ഷ്മം നിരീക്ഷിച്ചാല്‍ ഇക്കാര്യം മനസ്സിലാക്കാന്‍ കഴിയുമെന്നും ജോഷി പറഞ്ഞു. മണിരത്‌നത്തിന്റെ ജീവിതകഥയും സിനിമയും പറയുന്ന പുസ്തകം തന്റെ മകന്റെ കൈവശം പോലും ഉണ്ടെന്നും എല്ലാവര്‍ക്കും അദ്ദേഹമൊരു റോള്‍ മോഡലാണെന്നും ജോഷി പറഞ്ഞുനിര്‍ത്തി.