ഭക്ഷണത്തിൽ ബ്ലെയ്‌ഡ്, വൃത്തിയില്ലാത്ത ജീർണിച്ച സീറ്റ്; ദുരനുഭവം പങ്കുവച്ച് എയർ ഇന്ത്യ യാത്രക്കാർ

Monday 17 June 2024 3:07 PM IST

ന്യൂഡൽഹി: എയർ ഇന്ത്യ ബിസിനസ് ക്ലാസിൽ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് യാത്രക്കാരൻ. വിനീത് എന്നയാളാണ് ഡൽഹിയിൽ നിന്നും ന്യൂയോർക്കിലേക്കുള്ള യാത്രക്കിടെ ഉണ്ടായ മോശം അനുഭവത്തെക്കുറിച്ച് എക്‌സിൽ കുറിച്ചത്.

ഒരു പേടിസ്വപ്‌നം പോലെയായിരുന്നു ആ യാത്ര എന്നാണ് വിനീത് കുറിച്ചിരിക്കുന്നത്. പാചകം ചെയ്യാത്ത ഭക്ഷണവും ജീർണിച്ച സീറ്റുമാണ് തനിക്ക് ലഭിച്ചതെന്നാണ് അദ്ദേഹത്തിന്റെ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. ഏകദേശം അഞ്ച് ലക്ഷം രൂപയാണ് ഈ യാത്രയ്‌ക്കായി ചെലവഴിക്കേണ്ടി വന്നതെന്നും വിനീത് കുറിച്ചു.

'കുറച്ച് വർഷങ്ങളായി എമിറേറ്റ്സ് ഫ്ലൈറ്റിലാണ് യാത്ര ചെയ്യുന്നത്. എന്നാൽ, ഡയറക്‌ട് ഫ്ലൈറ്റുകൾ ഉള്ളതിനാലാണ് എയർ ഇന്ത്യയിൽ യാത്ര ചെയ്യാമെന്ന് തീരുമാനിച്ചത്. ഇന്നലത്തെ എന്റെ യാത്ര ഒരു പേടിസ്വപ്‌നത്തിന് തുല്യമായിരുന്നു. ഒഫീഷ്യൽ ട്രിപ്പിനായി ബിസിനസ് ക്ലാസായിരുന്നു ബുക്ക് ചെയ്‌തത്. സീറ്റുകൾ ഒട്ടും വൃത്തിയില്ലാത്തും ജീർണിച്ചതുമായിരുന്നു. 35ൽ അഞ്ച് സീറ്റുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. '

'വിമാനം പുറപ്പെട്ടതും 25 മിനിട്ട് വൈകിയാണ്. ഒന്ന് ഉറങ്ങാൻ നോക്കിയപ്പോൾ എന്റെ സീറ്റ് ഫ്ലാറ്റ് ബെഡ് ആക്കി മാറ്റാൻ സാധിച്ചില്ല. പിന്നീട് മറ്റൊരു സീറ്റിലേക്ക് മാറിയിരിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ വേവിക്കാത്തതും പഴകിയതുമായ ഭക്ഷണം തന്നു. ടിവി കാണാനുള്ള സൗകര്യമുണ്ടായിരുന്നെങ്കിലും അത് പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ' - വിനീത് കുറിച്ചു.

കുറഞ്ഞ നിരക്കിൽ ഇത്തിഹാദ് എയർലൈൻസ് ഉണ്ടായിട്ടും നേരിട്ട് സര്‍വീസ് ഉള്ളതുകൊണ്ടാണ് എയര്‍ ഇന്ത്യ തിരഞ്ഞെടുത്തതെന്നും യാത്രക്കാരൻ പറഞ്ഞു. സീറ്റുകളുടെയും ഭക്ഷണത്തിന്റെയും ചിത്രങ്ങളും ഒപ്പം എയർ ഇന്ത്യയിൽ നിന്ന് ലഭിച്ച പ്രതികരണത്തിന്റെ സ്‌ക്രീൻഷോട്ടും വിനീത് പങ്കുവച്ചിട്ടുണ്ട്. ഈ പോസ്റ്റിന് താഴെ നിരവധിപേരാണ് തങ്ങൾക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്.

അതേസമയം, ബാംഗ്ലൂരിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തിൽ നിന്ന് മെറ്റൽ ബ്ലേഡ് കണ്ടെത്തിയതിന്റെ ചിത്രങ്ങളും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഭക്ഷണം ചവച്ചപ്പോഴാണ് ഇത് കണ്ടതെന്നും യാത്രക്കാരൻ എക്‌സിൽ കുറിച്ചു. ഒരു കുട്ടിക്കായിരുന്നു ഈ ഭക്ഷണം ലഭിച്ചിരുന്നതെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു. എയർ ഇന്ത്യയുടെ പ്രതിച്ഛായ തന്നെ ഈ സംഭവത്തിലൂടെ കളങ്കപ്പെട്ടു എന്നും യാത്രക്കാരൻ കുറിച്ചു.

സംഭവത്തിൽ ക്ഷമാപണവുമായി എയർ ഇന്ത്യ രംഗത്തെത്തിയിരുന്നു. കാറ്ററിംഗ് പാർട്‌ണറുടെ ഭാഗത്ത് നിന്നുണ്ടായ പ്രശ്‌നമാണെന്നും, പച്ചക്കറി മുറിക്കുന്ന യന്ത്രത്തിനുണ്ടായ തകരാറ് കാരണമാണ് ഭക്ഷണത്തിൽ ബ്ലെയ്‌ഡ് വീണതെന്നും എയർ ഇന്ത്യ അധികൃതർ പറഞ്ഞു.

Advertisement
Advertisement