യുവാക്കൾ സ്വപ്‌നം കണ്ട ജോലി, യോഗ്യത ബിരുദം മതി, ഈ മാസം 27ന് മുമ്പ് അപേക്ഷിക്കൂ

Monday 17 June 2024 4:38 PM IST

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ട്രേഡ് ഫിനാൻസ് ഓഫീസർ, മിഡിൽ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയിൽ - II എന്നീ തസ്‌തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് ആരംഭിച്ചു. സ്‌പെഷ്യൽ കേഡർ ഓഫീസറുടെ (എസ്‌സിഒ) കീഴിലാണ് നിയമനം.

യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് sbi.co.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. ജൂൺ 27 ആണ് അവസാന തീയതി.

നിലവിൽ 150 ഒഴിവുകളാണുള്ളത്. ഇതിൽ 61 തസ്‌തികകൾ അൺ റിസർവ്‌ഡ് വിഭാഗത്തിനും 38 പിന്നാക്ക വിഭാഗങ്ങളിൽപ്പെടുന്നവർക്കും 25 പട്ടികജാതിക്കാർക്കും 15 സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും 11 എണ്ണം പട്ടികവർഗക്കാർക്കുമാണ്.

യോഗ്യത

ഉദ്യോഗാർത്ഥികൾ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം. ഡോക്യുമെന്ററി ക്രെഡിറ്റ് സ്‌പെഷ്യലിസ്റ്റ് (സിഡിസിഎസ്) ട്രേഡ് ഫിനാൻസ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇന്റർനാഷണൽ ബാങ്കിംഗിൽ സർട്ടിഫിക്കറ്റ് എന്നിവ കൈവശമുള്ളവർക്ക് മുൻഗണന. 23നും 32നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. ഏതെങ്കിലും ഷെഡ്യൂൾഡ് വാണിജ്യ ബാങ്കിൽ സൂപ്പർവൈസറി റോളിൽ എക്സിക്യൂട്ടീവായി ട്രേഡ് ഫിനാൻസ് പ്രോസസ്സിംഗിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം ഉണ്ടായിരിക്കണം. ആശയവിനിമയത്തിലും അവതരണത്തിലും മികച്ച കഴിവുള്ളവരായിരിക്കണം.

അപേക്ഷിക്കേണ്ട രീതി

sbi.co.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച ശേഷം ഹോംപേജിൽ, "എസ്‌സിഒയ്ക്കുള്ള റിക്രൂട്ട്‌മെന്റ്" എന്ന ഓപ്‌ഷൻ ഉണ്ടാവും. അതിൽ ക്ലിക് ചെയ്‌ത് ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക. തുടർന്ന് രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം. ശേഷം അപേക്ഷാ ഫോം പൂരിപ്പിക്കുക. ആവശ്യമായ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്ത് ഫീസ് അടയ്ക്കുക.

ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിൽപ്പെട്ട അപേക്ഷകർ 750 രൂപ ഫീസ് അടയ്‌ക്കേണ്ടതുണ്ട്. അതേസമയം എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Advertisement
Advertisement