തൃശൂർകാർ പോലും ചിന്തിക്കാത്ത വികസനം, സുരേഷ് ഗോപിയുടെ പദ്ധതികൾ

Monday 17 June 2024 11:48 PM IST

തൃശൂരിൽ നിന്ന് ലോക്‌സഭയിലേക്കു ജയിച്ച്,​ കേന്ദ്ര ടൂറിസം, പെട്രോളിയം സഹമന്ത്രിയായശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ സുരേഷ്‌ഗോപിക്ക് സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ളത് നിരവധി ലക്ഷ്യങ്ങൾ. കേരളത്തിന്റെ അനന്തമായ ടൂറിസം സാദ്ധ്യതകളെക്കുറിച്ചും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം കേരളകൗമുദിയോട് മനസു തുറക്കുന്നു:

 കേന്ദ്ര ടൂറിസം സഹമന്ത്രിപദം കേരളത്തിനു നല്കുന്നത് വലിയ പ്രതീക്ഷകളാണ്...

വിനോദസഞ്ചാരസാദ്ധ്യതാ മേഖലകൾ കേരളത്തിൽ ധാരാളമുണ്ട്. ടൂറിസം ഇന്ത്യ എന്നാൽ പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം അത് കേരളമെന്ന് മനസിൽ പതിഞ്ഞുപോയി. അതുകൊണ്ടു തന്നെ വലിയ പ്രാധാന്യമുണ്ട്. അതുപോലെ ശ്രദ്ധേയമാണ് ആയുർവേദവും. ആയുഷ് മന്ത്രാലയവുമായി ചേർന്ന് ഗുരുവായൂർ, ഏങ്ങണ്ടിയൂർ, ചാവക്കാട് പ്രദേശങ്ങളെ ഉൾപ്പെടുത്തി ആയുർവേദ വിനോദസഞ്ചാര പദ്ധതി ആവിഷ്കരിക്കണമെന്ന ലക്ഷ്യം മനസിലുണ്ട്.

ആ തീരദേശത്തെ കണ്ടൽവനങ്ങൾ സംരക്ഷിച്ചും,​ കണ്ടൽവനങ്ങൾ സൃഷ്ടിച്ചും ഒറ്റ ക്ളസ്റ്റർ ആയി വിനോദസഞ്ചാരം സാദ്ധ്യമാക്കാനാകും. അതോടെ ആ മേഖലയിലെ സാധാരണജനങ്ങളുടെ വികസനം തന്നെ സാദ്ധ്യമാകും. കുറേപ്പോർക്ക് തൊഴിൽ ലഭിക്കും. ചെളിവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളാണ് പലതും. നികുതി അടയ്ക്കാൻ വേറെ മാർഗം കണ്ടെത്തണമെന്ന അവസ്ഥ പോലുമുണ്ട്. അവിടെ, കേരള മാംഗ്രൂ- ആയുഷ് ടൂറിസം എന്നൊരു ബ്രാൻഡ് തന്നെ വരികയാണെങ്കിൽ, അതാണ് ലോകം ആവശ്യപ്പെടുന്നതെന്നു വന്നാൽ നമുക്ക് വലിയ നേട്ടമാകും.

 ആയുർവേദത്തെ ടൂറിസത്തിൽ എങ്ങനെ ഗുണപ്രദമാക്കാമെന്നാണ് കരുതുന്നത്?

ആയുർവേദത്തെ സംബന്ധിച്ച് വിശ്വാസ്യത വളരെ പ്രധാനമാണ്. ഔഷധി അടക്കമുളള സ്ഥാപനങ്ങൾക്കെല്ലാം വിശ്വാസ്യതയുണ്ട്. അതിന്റെയെല്ലാം ഓഡിറ്റ് നടത്തി ഗവേഷണത്തിലൂടെ വിശ്വാസ്യത ഉറപ്പുവരുത്തി വേണം മരുന്നുകൾ വിദേശത്തേക്ക് കയറ്റി അയയ്ക്കാൻ. അത് ടൂറിസത്തിന് വലിയ സാദ്ധ്യതയൊരുക്കും. ലാഭം കൂട്ടാൻ എന്തും ചെയ്യാൻ പാടില്ല. അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വാസ്യത നേടിയാൽ അത് വലിയ ഗുണം ചെയ്യും.

ടൂറിസത്തിന് ഇനിയും വിശാലമായ സാദ്ധ്യതകളുണ്ടല്ലോ...

വിനോദസഞ്ചാരത്തിനും ആരോഗ്യമേഖലയ്ക്കും ഏറെ വളക്കൂറുള്ള മണ്ണാണ് ആലപ്പുഴയിലേത്. ഇന്ത്യയിൽ ഇതുവരെ ഉപയോഗപ്പെടുത്താതെ കിടക്കുന്ന വിനോദസഞ്ചാര സാദ്ധ്യതാമേഖലകൾ കണ്ടെത്തേണ്ടതുണ്ട്. കേരളത്തിൽ നല്ല ബീച്ചുകൾ കുറവാണ്. ആലപ്പുഴയിലെ ബീച്ചിനു തന്നെ വിദേശ ബീച്ചുകളുമായി സാമ്യമുണ്ട്. പല ബീച്ചുകളും സുരക്ഷിതമല്ല. ചിലയിടങ്ങളിൽ കടലേറ്റം തടയാൻ പാറക്കെട്ടുകളുണ്ട്. കോവളം പോലും സുരക്ഷിതമല്ല. ഇതെല്ലാം വിദഗ്ദ്ധ സംഘം പഠിക്കും. അവർ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് അനുസരിച്ചാണ് വികസന സാദ്ധ്യതകൾ ഉണ്ടാകുന്നത്. ബീച്ച് ടൂറിസം പോലെ കാർഷിക ടൂറിസവുമുണ്ട്. തൃശൂരിലെ കാർഷിക സർവകലാശാല വലിയ സാദ്ധ്യതയാണ്. പക്ഷേ, വികസനത്തിന്റെ നാമ്പു മുളപ്പിക്കേണ്ടത് ഉദ്യോഗസ്ഥരാണ്. അവർ കണ്ടെത്തലുകൾ നടത്തണം. അതു നടക്കുന്നുണ്ടോ എന്ന് പരിശോധിക്കണം.

ഗുരുവായൂരിന്റെ വികസനം സംബന്ധിച്ചും വിശ്വാസികൾക്ക് പ്രതീക്ഷയുണ്ട്...

ഗുരുവായൂരിന്റെ ഭൗതികസാഹചര്യങ്ങളും ആവശ്യങ്ങളും ആദ്യം അറിയണം. അവിടെ വെള്ളം വേണം? പ്രകൃതിയിൽ നിന്നുളള വെള്ളം ക്രമീകരിക്കുന്നതെങ്ങനെ.... ഇതൊക്കെ അറിയണം. ടിവി ചാനൽ വാർത്തയിൽ ഗുരുവായൂർ ക്ഷേത്രപരിസരം അരയ്ക്കു മുകളിൽ വെള്ളത്തിലാണെന്നു കാണുമ്പോൾ വിദേശത്തുള്ളവർ നമ്മുടെ നാടിനെക്കുറിച്ച് എന്തു വിചാരിക്കും? അത് നമ്മുടെ സാമ്പത്തികവ്യവസ്ഥിതിയെ കൂടിയാണ് ബാധിക്കുന്നത്. ഇതെല്ലാം

എല്ലാവരും കൂടി പ്രവർത്തിച്ചാൽ മാറ്റിയെടുക്കാവുന്നതേയുളളൂ.

കേരളത്തിലെ സ്ഥലപരിമിതി എല്ലാ വികസന പ്രവർത്തനങ്ങളും വലിയ പ്രതിസന്ധി തന്നെയാണ്. ഗുരുവായൂർ തന്നെ വളരെ ഇടുങ്ങിയ നഗരമാണ്. സ്പിരിച്വൽ ടൂറിസം നടപ്പാക്കുമ്പോൾ അത് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചല്ല- ചേരമാൻ മസ്ജിദും ലൂർദ്ദ് പള്ളിയും ബീമാ പള്ളിയും വരെയുണ്ടാകാം. ജർമനിയിൽ നിന്നു വരുന്ന ടൂറിസ്റ്റിന് അയാളുടെ സുരക്ഷയാണ് പ്രധാനം. അതുകൊണ്ടുതന്നെ സുരക്ഷ ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ല. ആരെങ്കിലും ഏറുപടക്കം പൊട്ടിച്ചാലും സ്ഫോടനം നടന്നു എന്ന നിലയിലാണ് കാണുക.

എയിംസ് എന്ന ആവശ്യം വലിയ വിവാദമായല്ലോ...

സംസ്ഥാനത്തിന്റെ തെക്കുള്ള ജില്ലയിൽ എയിംസിന് സ്ഥലം ഏറ്റടുക്കണമെന്ന് മുഖ്യമന്ത്രിയോട് 2016 മുതൽ ആവശ്യപ്പെടുന്നതാണ്. അന്നു പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. അതിൽ രാഷ്ട്രീയമില്ല. വികസനത്തിൽ പ്രാദേശികതാത്പര്യങ്ങളില്ല. എയിംസ് പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്താൻ കേന്ദ്ര ബഡ്ജറ്റിൽ ശ്രമമുണ്ടായെങ്കിലും സംസ്ഥാന സർക്കാരിൽ നിന്ന് വീഴ്ചയുണ്ടായി. ഒരു പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷത കൊണ്ട് നേടിയെടുക്കാവുന്നതെല്ലാം ചെയ്യേണ്ടതുണ്ട്. അതാകണം നമ്മുടെ ലക്ഷ്യം.

 കെ- റെയിൽ കേരളത്തിൽ വേണ്ടെന്നു പറഞ്ഞല്ലോ. അപ്പോൾ കൂടുതൽ വന്ദേഭാരത് വരുമെന്ന് പ്രതീക്ഷിക്കാമാേ?

കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ വരണമെങ്കിൽ കേരളത്തിൽ രണ്ട് ട്രാക്ക് കൂടി വരണം. അല്ലാതെ കൂടുതൽ ട്രെയിൻ ചോദിക്കുന്നതിൽ എന്തു യുക്തിയാണുള്ളത്?​ ചെറിയ തീപിടിത്തം പോലുമുണ്ടായാൽ എല്ലാ സർവീസും തടസപ്പെടും. ഒരു മരക്കൊമ്പ് വീണാലും പ്രശ്നമായി. ആർജവമുണ്ടെങ്കിൽ രണ്ട് ട്രാക്കുകൾ കൂടി കൊണ്ടുവരാൻ സാധിക്കും.

മെട്രാേയ്ക്ക് വലിയ സാദ്ധ്യതയാണുളളത്. ഡൽഹി മെട്രോ യു.പിയിലേക്കും ഹരിയാനയിലേക്കും ആകാമെങ്കിൽ കൊച്ചി മെട്രാേ തൃശൂരും പാലക്കാടും കോയമ്പത്തൂരുമെത്തും. ട്രാക്ക് വികസനം നടന്നില്ലെങ്കിൽ കേരളത്തിലേക്ക് അധിക ട്രെയിനുകൾ കൊണ്ടുവരാനാകില്ലെന്നത് ഉറപ്പാണ്. അതുപോലെ റോഡ് വികസനവും വേണം. റോഡ് വിപുലീകരിക്കുമ്പോൾ കച്ചവടക്കാർ ഒഴിഞ്ഞുപോകും. അത് സ്വാഭാവികമാണ്. അതെല്ലാം പഠിച്ച ശേഷമേ നടപ്പാക്കൂ.

 കേന്ദ്രമന്ത്രിയായ ശേഷം തൃശൂരിലെത്തിയപ്പോൾ...

ബി.ജെ.പിക്ക് തൃശൂരിലെ സുമനസുകൾ നൽകിയ ഏറ്റവും വലിയ ആദരവാണ് തിരഞ്ഞെടുപ്പ് വിജയം. എന്റെ പ്രവർത്തനം തൃശൂരിൽ ഒതുങ്ങില്ല. കേരളത്തിനായി പ്രവർത്തിക്കും. കേരളത്തിനു പുറമേ തമിഴ്‌നാട്ടിലും ശ്രദ്ധയുണ്ടാകും. ഏല്പിച്ച ചുമതല അമിതഭാരമാണ്. ആ ചുമതല കൃത്യമായി നിർവഹിക്കും. ഇനിയും പണിയെടുത്തേ മതിയാകൂ എന്ന് തൃശൂരിലെ പ്രവർത്തകരോട്, അവർ നൽകിയ സ്വീകരണത്തിൽ കൃത്യമായി ഞാൻ പറഞ്ഞിട്ടുണ്ട്. അടുത്ത തിരഞ്ഞെടുപ്പുകളുടെ പ്രചാരണഭാരം വരുമ്പോഴേയ്ക്കും രാഷ്ട്രനിർമ്മാണത്തിനായുള്ള കണ്ടെത്തലുകൾ നടത്തണം. വികസനം ചർച്ചയാകുന്നത് ഇപ്പോഴാണ്. ജില്ലാ അടിസ്ഥാനത്തിലോ മണ്ഡലം അടിസ്ഥാനത്തിലോ ജനപ്രതിനിധികൾക്ക് അവകാശവാദമുന്നയിക്കാം. പക്ഷേ, അവഗണിക്കപ്പെട്ട സ്ഥലങ്ങളിലേക്ക് വികസനം എത്തിക്കുകയാണ്‌ വേണ്ടത്.

Advertisement
Advertisement