'റെയിൽവെയും കേന്ദ്രസർക്കാരും ഒരു തെറ്റ് ചെയ്യുന്നു, തിരുത്തിയില്ലെങ്കിൽ..'; വന്ദേഭാരതിന്റെ സ്രഷ്ടാവിന് പറയാനുള്ളത്
ചെന്നൈ: സാധാരണക്കാരുടെ യാത്രാ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്ത കേന്ദ്രസർക്കാരിന് തെറ്റുപറ്റിയെന്ന് വന്ദേ ഭാരത് എക്സ്പ്രസിന്റെ സൃഷ്ടിക്ക് പിന്നിൽ പ്രവർത്തിച്ച മുൻ റെയിൽവേ ഉദ്യോഗസ്ഥൻ സുധാംശു മണി പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി റെയിൽവെ മന്ത്രാലയവും കേന്ദ്ര സർക്കാരും വന്ദേഭാരത് എക്സ്പ്രസ് പോലുള്ള പ്രീമിയം ട്രെയിനുകൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും എസി യാത്ര താങ്ങാൻ കഴിയാത്ത സാധാരണക്കാരായ യാത്രക്കാരുടെ ആവശ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
2016 ഓഗസ്റ്റ് മുതൽ 2018 ഡിസംബർ വരെ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയുടെ ജനറൽ മാനേജരായി പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ് സുധാംശു മണി. കൂടുതൽ സൗകര്യത്തിനായി അധികം പണം മുടക്കുന്ന പ്രീമിയം ക്ലാസ് യാത്രക്കാർക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് വന്ദേഭാരതെന്ന് അദ്ദേഹം പറയുന്നു. എന്നിരുന്നാലും, സാധാരണക്കാർക്ക് ഇത് സുഖസൗകര്യങ്ങൾ മാത്രമല്ല, അന്തസ്സും കൂടിയാണ്. അവർക്ക് വേണ്ട ക്രമീകരണങ്ങൾ കൂടി ചെയ്യേണ്ടതുണ്ട്. മുമ്പ് അത് ഇല്ലായിരുന്നു. ഇന്ന് അത് മോശമായിക്കൊണ്ടിരിക്കുകയാണ്'- സുധാംശു മണി പറഞ്ഞു.
അടുത്തിടെ സാധാരണക്കാരായ യാത്രക്കാർ എസി ട്രെയിനുകളിലും സ്ലീപ്പർ കോച്ചുകളിലും കയറി യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഉത്തർ പ്രദേശിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസിൽ ജനറൽ ടിക്കറ്റെടുത്ത് യാത്രക്കാർ കയറിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ റെയിൽവെയ്ക്ക് എതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം കേരളത്തിലൂടെ സർവീസ് നടത്തുന്ന നേത്രാവതി എക്സ്പ്രസിലെ സ്ലീപ്പർ കോച്ചുകളിൽ ജനറൽ ടിക്കറ്റെടുത്ത് യാത്രക്കാർ കയറിയതിന് പിന്നാലെ സംഘർഷം ഉടലെടുത്തിരുന്നു.
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സ്റ്റേഷനുകളുടെ പുനർവികസനം നടത്താനുമുള്ള ദൗത്യം ഏറ്റെടുത്ത റെയിൽവേ, റിസർവ് ചെയ്യാത്ത കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്ക് വേണ്ടത്ര ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്. ഈ സാഹചര്യങ്ങളൊക്കെ കണക്കിലെടുത്ത് കൂടിയാണ് മുൻ റെയിൽവെ ഉദ്യോഗസ്ഥന്റെ പ്രതികരണം. ഒരു കാലത്ത് തൊഴിലാളികളും വിദ്യാർത്ഥികളും പലപ്പോഴും ടിക്കറ്റില്ലാതെ റിസർവ് ചെയ്ത കമ്പാർട്ടുമെന്റുകളിൽ യാത്ര ചെയ്തിരുന്നു. എന്നാൽ ആ സ്ഥിതി ഇപ്പോൾ കൂടുതൽ വഷളായെന്ന് അദ്ദേഹം പറഞ്ഞു.
'മുമ്പ്, ചില സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് ബീഹാർ, ഒഡീഷ, യുപി എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറുന്ന തൊഴിലാളികളോ പരീക്ഷയ്ക്ക് യാത്ര ചെയ്യുന്ന വിദ്യാർത്ഥികളോ ടിക്കറ്റില്ലാതെ റിസർവ് ചെയ്ത കമ്പാർട്ടുമെന്റുകളിൽ കയറുമായിരുന്നു. ഞാൻ നിരവധി വീഡിയോകൾ കണ്ടിട്ടുണ്ട്, മുമ്പത്തെ അപേക്ഷിച്ച് സ്ഥിതിഗതികൾ ഇന്ന് വഷളായതായി ഞാൻ വിശ്വസിക്കുന്നു. ഇപ്പോൾ റെയിൽവെ കൂടുതൽ പ്രധാന്യം കൊടുക്കുന്നത് എസി കോച്ചുകളുടെ നിർമ്മാണത്തിനാണ്. നോൺ എസി കോച്ചുകളുടെ നിർമ്മാണം ക്രമേണ കുറയ്ക്കുകയാണ്'- സുധാംശു മണി പറഞ്ഞു.
'റെയിൽവെ പല ട്രെയിനുകളിലും എസി കോച്ചുകൾ വർദ്ധിപ്പിച്ചത് കൊണ്ട് സ്ലീപ്പർ കോച്ചുകളുടെയും ജനറൽ കോച്ചുകളുടെയും എണ്ണം കുറഞ്ഞു. അപ്പോൾ ആ യാത്രക്കാർ ഏങ്ങോട്ടു പോകും? അവർക്കും യാത്ര ചെയ്യണം. അതുകൊണ്ടാണ് എസി കോച്ചുകളിലേക്കും സ്ലീപ്പർ കോച്ചുകളിലേക്കും അതിക്രമിച്ചു കയറി യാത്ര ചെയ്യുന്നത്. ഇന്ന് ഈ പ്രതിഭാസം വർദ്ധിച്ചു. അതിൽ സംശയമില്ല'- അദ്ദേഹം പറഞ്ഞു.
'ഇപ്പോൾ റെയിൽവെയുടെ ശ്രദ്ധ വന്ദേഭാരത് എക്സ്പ്രസുകളിലേക്കാണ്. അത് വലിയ അഭിനന്ദനവും കരഘോഷവും നേടിക്കൊടുത്തു. എന്നാൽ സാധാരണക്കാരുടെ ആവശ്യങ്ങൾ നിന്ന് ശ്രദ്ധ തിരിച്ചു. തിരഞ്ഞെടുപ്പിൽ പ്രതിപക്ഷവും ഇത് ഏറ്റുപിടിച്ചു. പ്രീമിയം യാത്രക്കാർക്ക് മാത്രമാണ് റെയിൽവെ പ്രാധാന്യം നൽകുന്നത് സാധാരണക്കാരെ സർക്കാർ തിരിഞ്ഞുനോക്കുന്നില്ലെന്ന വിമർശനമാണ് അവർ ഉയർത്തിയത്. സോഷ്യൽ മീഡിയയിലും ഈ വിഷയത്തിൽ വിമർശനം ഉയർന്നിരുന്നു. ഈ തെറ്റ് തിരുത്താൻ റെയിൽവെ ചെയ്യേണ്ടത് ഒന്നു മാത്രമാണ്. എസി കോച്ചുകളുടെ നിർമ്മാണം കുറച്ച് നോൺ എസി കോച്ചുകളുടെ നിർമ്മാണം വർദ്ധിപ്പിക്കുക'- സുധാംശു മണി പറഞ്ഞു.