സോഷ്യൽ മീഡിയയിലൂടെ പരിചയം, യുവാവിനെ ഹോട്ടൽ മുറിയിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; ഒടുവിൽ ആത്മഹത്യ

Tuesday 18 June 2024 10:38 AM IST

ലക്‌നൗ: ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ ഇരുപത്തിമൂന്നുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. നാല് പുരുഷന്മാർ യുവാവിനെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് ആത്മഹത്യ ചെയ്തതെന്നും പൊലീസ് പറഞ്ഞു.

പ്രതികളിലൊരാളായ കരണുമായി (അശ്‌തോഷ് മിശ്ര) യുവാവിന് സോഷ്യൽ മീഡിയയിലൂടെ സൗഹൃദമുണ്ടായിരുന്നു. ഒരു മാസം മുമ്പായിരുന്നു ഇരുവരും പരിചയപ്പെട്ടത്. കരൺ യുവാവിനെ ചിലുവത്തലിലെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് (നോർത്ത്) ജിതേന്ദ്ര കുമാർ ശ്രീവാസ്തവ പറഞ്ഞു.

വീട്ടിലെത്തിയ യുവാവിനെയും കൊണ്ട് കരണും സുഹൃത്തുക്കളും വിഹാറിലെ ഒരു ഹോട്ടലിലേക്ക് പോയി. തുടർന്ന് നാലുപേരും യുവാവിനെ കെട്ടിയിട്ട് ലൈംഗിക പീഡനത്തിനിരയാക്കി. ബെൽറ്റ് കൊണ്ട് മർദിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി.

പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. യുവാവിന്റെ ഫോണിലെ യു പി ഐ വഴി പണം അയച്ചു. ബിയർ വാങ്ങിയതും ഈ അക്കൗണ്ട് ഉപയോഗിച്ചായിരുന്നു. തുടർന്ന് യുവാവ് പൊലീസിൽ പരാതി നൽകിയിരുന്നു.

അന്ന് രാത്രി യുവാവ് തന്റെ ബന്ധുവിനോട് സംസാരിക്കുകയും ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് പറയുകയും ചെയ്തു. രാവിലെയോടെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കരണിനെ കൂടാതെ ദേവേശ് രാജ്നാഥ് (24), അംഗത് കുമാർ (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ മോഹൻ പ്രജാപതി (20) യ്‌ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.