ആസാദ് കാശ്‌മീർ ഒഴിവാക്കിയും ചൈനീസ് ആക്രമണം ഉൾപ്പെടുത്തിയും എൻസിഇആർടി; പാഠപുസ്‌തകത്തിൽ വീണ്ടും മാറ്റം

Tuesday 18 June 2024 10:49 AM IST

ന്യൂഡൽഹി: ബാബറി മസ്‌ജിദ് പൊളിച്ചുനീക്കൽ, ഗുജറാത്ത് കലാപം എന്നിവ ഒഴിവാക്കിയതിന് പിന്നാലെ പുതിയമാറ്റങ്ങളുമായി എൻസിഇആർടി പന്ത്രണ്ടാം ക്ലാസ് പാഠപുസ്‌തകം. ആസാദ് കാശ്‌മീർ എന്ന പരാമർശം ഒഴിവാക്കിയും ചൈനീസ് ആക്രമണം ഉൾപ്പെടുത്തിയുമാണ് പന്ത്രണ്ടാം ക്ളാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്‌തകത്തിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

പുസ്‌തകത്തിലെ രണ്ടാം അദ്ധ്യായത്തിലുള്ള "എന്നിരുന്നാലും, ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കത്തെ ചൊല്ലിയുള്ള സൈനിക സംഘർഷം ആ പ്രതീക്ഷയെ തകർത്തു" എന്നുള്ള ഭാഗം ഒഴിവാക്കി 'എന്നിരുന്നാലും, ഇന്ത്യൻ അതിർത്തിയിലെ ചൈനയുടെ ആക്രമണം ആ പ്രതീക്ഷയെ തകർത്തു'- എന്നാണ് മാറ്റിയിരിക്കുന്നത്. 'സമകാലിക ലോക രാഷ്‌‌ട്രീയം' എന്ന പുസ്തകത്തിലാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്.

പന്ത്രണ്ടാം ക്ലാസിന്റെ 'സ്വാതന്ത്ര്യം മുതലുള്ള ഇന്ത്യൻ രാഷ്ട്രീയം' എന്ന പാഠപുസ്തകത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുസ്‌കത്തിലെ ആസാദ് പാകിസ്ഥാൻ എന്ന പദത്തിനുപകരം പാകിസ്ഥാൻ പിടിച്ചടക്കിയ ജമ്മു കാശ്‌മീർ എന്നാണ് പരാമർശിച്ചിരിക്കുന്നത്.

'ഈ പ്രദേശം നിയവിരുദ്ധമായി കയ്യേറിയതാണെന്ന് ഇന്ത്യ അവകാശപ്പെടുന്നു. പാകിസ്ഥാൻ ഈ പ്രദേശത്തെ ആസാദ് പാകിസ്ഥാൻ എന്നാണ് വിശേഷിപ്പിക്കുന്നത്' എന്ന ഭാഗം 'പാകിസ്ഥാന്റെ അനധികൃത അധിനിവേശത്തിന് കീഴിലുള്ള ഇന്ത്യൻ പ്രദേശമാണിത്, പാകിസ്ഥാൻ അധിനിവേശ ജമ്മു കാശ്‌മീർ എന്നാണ് ഈ പ്രദേശം വിളിക്കപ്പെടുന്നത്' എന്നാണ് മാറ്റിയിരിക്കുന്നത്.

ജമ്മു കാശ്‌മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതും പുതിയ പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എൻസിഇആർടി പാഠപുസ്‌കത്തിൽ നിന്ന് ബാബറി മസ്‌ജിദ് പൊളിക്കൽ ഒഴിവാക്കിയത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതിനുകരം രാമക്ഷേത്രനിർമാണവും രാമജന്മഭൂമി പ്രക്ഷോഭവും ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മിനാരങ്ങളുള്ള ഒരു കെട്ടിടമെന്നാണ് പാഠഭാഗങ്ങളിൽ ബാബറി മസ്‌ജിദിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

Advertisement
Advertisement