പാകിസ്ഥാനല്ല, ഇന്ത്യ തന്നെ മുന്നിൽ; ആണവായുധ ശേഖരത്തിന്റെ റിപ്പോർട്ട് പുറത്ത്

Tuesday 18 June 2024 11:20 AM IST

ന്യൂഡൽഹി: പാകിസ്ഥാനേക്കാൾ കൂടുതൽ ആണവായുധങ്ങൾ കൈവശം വയ്ക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് റിപ്പോർട്ട്. 2023 ജനുവരി മുതൽ 2024 ജനുവരി വരെ ചൈന ആണവായുധ ശേഖരം 410ൽ നിന്ന് 500 ആയി വർദ്ധിപ്പിച്ചെന്നും സ്വീഡിഷ് തിങ്ക്-ടാങ്ക് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ലോകം രണ്ട് യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച സാഹചര്യത്തിൽ, സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് നടത്തിയ വിശകലനത്തിൽ ഇന്ത്യ, പാകിസ്ഥാൻ, ചൈന എന്നിവയുൾപ്പെടെ ഒമ്പത് ആണവായുധ രാജ്യങ്ങൾ തങ്ങളുടെ ആണവായുധങ്ങൾ നവീകരിക്കുന്നത് തുടരുന്നതായി കണ്ടെത്തി.

യുഎസ്, റഷ്യ, യുകെ, ഫ്രാൻസ്, നോർത്ത് കൊറിയ, ഇസ്രയേൽ എന്നിവയാണ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള മറ്റ് രാജ്യങ്ങൾ. ആണവായുധങ്ങളുടെ 90 ശതമാനവും റഷ്യയും യുഎസും ചേർന്നാണ് കൈവശം വച്ചിരിക്കുന്നത്. കൂടാതെ നിരവധി രാജ്യങ്ങൾ 2023 ൽ പുതിയ ആണവ ശേഷിയുള്ള ആയുധ സംവിധാനങ്ങൾ വിന്യസിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. 2100ഓളം ആയുധശേഖരങ്ങൾ കൈവശം വച്ചിരിക്കുന്നത് യുഎസും റഷ്യയും ചേർന്നാണ്. ആധുനിക സംവിധാനമുള്ള ബാലിസ്റ്റിക് മിസൈലാണ് കൂടുതലുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ കൈവശം 172 ആയുധശേഖരമാണുള്ളത്. ഇവ പാകിസ്ഥാനേക്കാൾ രണ്ടെണ്ണം കൂടുതലാണ്. 2023ൽ ആണ് ഇന്ത്യ ആണവായുധ ശേഖരത്തിൽ വർദ്ധനവുണ്ടായിക്കിയത്. ഇരു രാജ്യങ്ങളും 2023ൽ കൂടുതൽ ന്യൂക്ലിയർ ആയുധനങ്ങൾ വികസിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ബാലിസ്റ്റിക് മിസൈലുകളിൽ ഒന്നിലധികം പോർമുനകൾ വിന്യസിക്കാൻ ഇന്ത്യയും പാകിസ്ഥാനും ഉത്തരകൊറിയയും റഷ്യയുടെയും യുഎസിന്റെയും പാത പിന്തുടരുകയാണെന്നും സ്വീഡിഷ് തിങ്ക്-ടാങ്ക് റിപ്പോർട്ടിൽ പറയുന്നു.