അടുത്ത മേശയിലെ 'ടച്ചിംഗ്‌സ്' എടുത്തു; യുവാക്കൾക്ക് ക്രൂരമർദ്ദനം

Tuesday 18 June 2024 1:52 PM IST

പത്തനംതിട്ട: മദ്യലഹരിയിൽ നടുറോഡിൽ യുവാക്കൾ ഏറ്റുമുട്ടി. പത്തനംതിട്ട കെഎസ്‌ആർിടിസി ബസ് സ്റ്റാൻഡിന് സമീപം ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. മദ്യപാനത്തിനിടെ ടച്ചിംഗ്‌സിനെച്ചൊല്ലിയുള്ള ത‌ർക്കമാണ് അടിപിടിയിൽ കലാശിച്ചത്. രണ്ട് സംഘങ്ങൾ തമ്മിലായിരുന്നു തമ്മിലടിച്ചത്.

മേശ മാറി ടച്ചിംഗ്‌സ് എടുത്തതുമായി ബന്ധപ്പെട്ട ത‌ർക്കം കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു. പത്തനംതിട്ട സ്വദേശികളായ ഷൈജു, അരുൺ, ശ്യാം എന്നിവർക്കാണ് മർദ്ദനമേറ്റത്. നന്നുവക്കാട് സ്വദേശികളായ ഷിജു പി ജോസ്, അഭിലാഷ്, ഷിബു എന്നിവർ ചേർന്ന് ഇവരെ മർദ്ദിക്കുകയായിരുന്നു.

ബാറിനുള്ളിൽ സംഘം അടിപിടിയുണ്ടാക്കിയതോടെ ജീവനക്കാർ ചേർന്ന് ഇവരെ പുറത്താക്കി. തുടർന്ന് നടുറോഡിൽ ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ രണ്ടുപേർ പൊലീസിന്റെ പിടിയിലായി.

പട്ടാപ്പകൽ ഗുണ്ടാ ആക്രമണം

നെടുമങ്ങാട് : പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി കുടുംബാംഗങ്ങൾക്കു നേരെ വധഭീഷണി മുഴക്കി ഗുണ്ടയുടെ പരാക്രമം. പൊതുപ്രവർത്തകനും കേരളകൗമുദി ഏജന്റുമായ മൈലം കൃഷ്ണഭവനിൽ എം.സത്യാനന്ദന്റെ വീട്ടിലാണ് അതിക്രമം നടന്നത്.

മുറ്റത്ത് നിറുത്തിയിരുന്ന സ്‌കൂട്ടർ ചവിട്ടി മറിക്കുകയും ഷട്ടറിൽ ഇടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം അസഭ്യം വിളിക്കുകയും ചെയ്തു. ഹാളിലുണ്ടായിരുന്ന സത്യാനന്ദന്റെ മാതാവിനെയും മകനെയും കൈയേറാനും ശ്രമിച്ചു. തടയാൻ ശ്രമിച്ചപ്പോഴാണ് വധഭീഷണി മുഴക്കിയത്.

കടമ്പ്രക്കുഴി വീട്ടിൽ സുനിൽകുമാറാണ് അക്രമം കാട്ടിയതെന്ന് അരുവിക്കര പൊലീസിൽ നൽകിയ പരാതിയിൽ സത്യാനന്ദൻ പറഞ്ഞു. സ്ഥലവാസിയായ ഗൃഹനാഥനെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച കേസിൽ പ്രതിയാണ്. കേസ് രജിസ്റ്റർ ചെയ്ത് അക്രമിയെ കണ്ടെത്താൻ നടപടി സ്വീകരിച്ചതായി അരുവിക്കര എസ്.എച്ച്.ഒ അറിയിച്ചു. ആർ.ജെ.ഡി നിയോജക മണ്ഡലം സെക്രട്ടറിയും എൻ.എഫ്.പി.ആർ എന്ന മനുഷ്യാവകാശ സംഘടനയുടെ ഭാരവാഹിയുമാണ് സത്യാനന്ദൻ.

Advertisement
Advertisement