'രാഹുൽ കേരള ജനതയെ വഞ്ചിച്ചു, പ്രിയങ്ക ഗാന്ധിക്ക് വയനാടുമായി എന്ത് ബന്ധമാണുള്ളത്?'; വി മുരളീധരൻ

Tuesday 18 June 2024 3:54 PM IST

തിരുവനന്തപുരം: നെഹ്രു കുടുംബം വയനാടും കുടുംബസ്വത്താക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ. കേരളത്തിൽ കോൺഗ്രസ് നേതാക്കളില്ലാഞ്ഞിട്ടാണോ പ്രിയങ്കയെ ഇറക്കുന്നതെന്നും പ്രിയങ്ക ഗാന്ധിക്ക് വയനാടുമായി എന്ത് ബന്ധമാണുള്ളതെന്നും വി മുരളീധരൻ ചോദിച്ചു. വയനാടിനെ അമേഠിയും റായ്ബറേലിയെയും പോലെ കുടുംബസ്വത്താക്കാനുള്ള ശ്രമം ജനങ്ങൾ തിരിച്ചറിയണം. അമ്മയും രണ്ടുമക്കളും പാർലമെന്റംഗങ്ങളായി നികുതിപ്പണം ഉപയോഗിച്ച് ജീവിക്കാനാണ് ശ്രമമെന്ന് മുരളീധരൻ കുറ്റപ്പെടുത്തി.

വയനാട് വിടില്ല എന്ന പ്രതീതി സൃഷ്ടിച്ച് രാഹുൽ ഗാന്ധി കേരളജനതയെ വഞ്ചിച്ചു. പോളിംഗ് കഴിഞ്ഞ ശേഷമാണ് റായ്ബറേലിയിലെ സ്ഥാനാർത്ഥിത്വത്തിലെ തീരുമാനം പുറത്തുവിടുന്നത്. ജനാധിപത്യ മര്യാദയോ നീതിയോ കാണിച്ചില്ലെന്നും വി.മുരളീധരൻ പറഞ്ഞു. അഞ്ചുവർഷം എംപിയായിരുന്ന രാഹുൽ ഗാന്ധി മണ്ഡലത്തിനായി ഒന്നും ചെയ്തില്ലെന്നും ജനാധിപത്യ അവകാശം ഉപയോഗിച്ച് വയനാട്ടിലെ ജനത ഇതിന് മറുപടി നൽകണമെന്നും വി മുരളീധരൻ പറഞ്ഞു.

പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ അളിയൻ റോബർട്ട് വദ്രയ്ക്ക് പാലക്കാട് സീറ്റ് കൂടി നൽകിയാൽ കോൺഗ്രസിന്റെ കുടുംബാധിപത്യം പൂർണമാവുമെന്നാണ് സുരേന്ദ്രൻ പറഞ്ഞത്. വയനാട്ടിലുള്ളവർ തന്റെ കുടുംബമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞതിന്റെ പൊരുൾ ഇപ്പോഴാണ് എല്ലാവർക്കും മനസിലായതെന്നും വെങ്ങാനൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

വയനാട് എന്റെ കുടുംബത്തിനുള്ളതാണെന്നാണ് രാഹുൽ ഗാന്ധി ഉദ്ദേശിച്ചത്. എന്റെ സഹോദരിയെ ഇവിടെ മത്സരിപ്പിക്കാമെന്നാണ് രാഹുൽ പറഞ്ഞിരുന്നത്. ഇത്രയും കുടുംബാധിപത്യമുള്ളതും ഒരു കുടുംബത്തിന് വേണ്ടി പ്രവർത്തിക്കുന്നതുമായ പാർട്ടി ഭൂലോകത്ത് വേറെയില്ല. മുസ്ലിം സംഘടനകൾ വയനാട്ടിൽ മുസ്ലിം സ്ഥാനാർത്ഥി വേണമെന്ന് പറഞ്ഞിരുന്നു. എന്നാൽ കുടുംബത്തിന്റെ കാര്യം വന്നപ്പോൾ കോൺഗ്രസിന് മറ്റെല്ലാ പരിഗണനകളും ഒഴിവാക്കേണ്ടി വന്നു.

ദേശീയ അദ്ധ്യക്ഷന് പോലും കാര്യങ്ങൾ തീരുമാനിക്കാനാവാത്ത പാർട്ടിയാണ് കോൺഗ്രസ്. അവിടെ എല്ലാം തീരുമാനിക്കുന്നത് ഒരു കുടുംബമാണ്. അങ്ങനെയുള്ള പാർട്ടിയിൽ കേരളത്തിലുള്ള നേതാക്കൾക്ക് എന്ത് വിലയാണുള്ളതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു. ഇൻഡി സഖ്യത്തിന്റെ നേതാവായ പ്രിയങ്കാ ഗാന്ധിക്കെതിരെ ഇടതുപക്ഷം മത്സരിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്. ജനങ്ങളെ കബളിപ്പിക്കാതെ എൽഡിഎഫ് മത്സരത്തിൽ നിന്നും മാറിനിൽക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു

Advertisement
Advertisement