ഉപഭോക്താക്കളുടെ പൾസ് മനസിലാക്കിയില്ല: അടിതെറ്റിയവരിൽ ടാറ്റയും മാരുതിയും

Tuesday 18 June 2024 4:22 PM IST

കൊച്ചി: രാജ്യത്തെ വാഹന വിപണി ചരിത്ര മുന്നേറ്റം വാഴ്ചവെക്കുന്നതിനിടെയിലും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ മുൻ നിര കമ്പനികൾ പ്രതീക്ഷയോടെ വിപണിയിൽ അവതരിപ്പിച്ച പല മോഡലുകൾക്കും അടിതെറ്റി. മാരുതി സുസുക്കി, ടൊയോട്ട കിർലോസ്‌ക്കർ, സ്കോഡ, ടാറ്റ മോട്ടോഴ്സ് എന്നിവ ഏറെ അവകാശവാദങ്ങളോടെ വിപണിയിൽ എത്തിച്ച അഞ്ച് പ്രമുഖ ബ്രാൻഡുകളാണ് നിക്ഷേപകരുടെ മനസ് കീഴടക്കാൻ കഴിയാതെ അടിതെറ്റിയത്.

മാരുതി കിസാഷി

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഏറെ പ്രതീക്ഷയോടെ വിപണിയിൽ അവതരിപ്പിച്ച മോഡലാണ് കിസാഷി. 2011ൽ വലിയ അവകാശവാദങ്ങളുമായി അവതരിപ്പിച്ച കിസാഷി അന്നത്തെ ഏറ്റവും മികച്ച ഡിസൈനിലും സാങ്കേതികവിദ്യയിലുമാണ് പുറത്തിറക്കിയത്. എന്നാൽ ഉപഭോക്താക്കളുടെ മനസ് കീഴടക്കാൻ മോഡലിന് കഴിഞ്ഞില്ല. കാലത്തിന് മുൻപെ വിപണിയിലെത്തിയ കാറെന്നാണ് വാഹന വിദഗ്ദ്ധർ ഈ മോഡലിനെ വിശേഷിപ്പിക്കുന്നത്.

ഇറക്കുമതിയിലൂടെ വിപണിയിലെത്തിച്ച ഈ ബ്രാൻഡിന് ഉയർന്ന തീരുവയാണ് തിരിച്ചടിയായത്. പ്രീമിയം ബ്രാൻഡിൽ 16 ലക്ഷം രൂപയ്ക്കാണ് ഈ കാർ മാരുതി വിപണിയിലെത്തിച്ചത്. എന്നാൽ ഇത്രയും മികച്ച കാർ സ്വന്തമാക്കാൻ കഴിയുന്ന സാമ്പത്തിക ശേഷിയുള്ള ഉപഭോക്താക്കൾ അന്ന് കുറവായതിനാൽ വൻ തിരിച്ചടിയാണ് കിസാഷി വിപണിയിൽ നേരിട്ടത്.

ടൊയോട്ട യാരിസ്

മാരുതി സുസുക്കിയുടെ സിയാസ്, ഹ്യുണ്ടായ് വെർണ എന്നിവയുമായി മത്സരിക്കാൻ ടോയോട്ട മോട്ടോഴ്സ് ഇന്ത്യയിൽ അവതരിപ്പിച്ച യാരിസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. മികച്ച ഡിസൈനും അത്യന്താധുനിക സാങ്കേതികവിദ്യകളുടെ പിന്തുണയും ഉണ്ടായിരുന്നെങ്കിലും യാരിസിനോട് ഉപഭോക്താക്കൾ കാര്യമായ താത്പര്യം പ്രകടിപ്പിച്ചില്ല, പെട്രോൾ ഓപ്ഷനിൽ മാത്രം അവതരിപ്പിച്ചതാണ് പ്രധാനമായും യാരിസിന് തിരിച്ചടി സൃഷ്ടിച്ചത്. വിലയും താരതമ്യേന ഉയർന്ന തലത്തിലായിരുന്നു. ഇന്ത്യയിൽ പരാജയമായിരുന്നെങ്കിലും വിദേശ വിപണികളിൽ യാരിസ് മോഡൽ ടൊയോട്ട ഇപ്പോഴും വിൽക്കുന്നുണ്ട്.

ടൊയോട്ട ഒക്‌ടാവിയ കോമ്പി

എസ്‌റ്റേറ്റ് കാറുകളോട് ഇന്ത്യൻ ഉപഭോക്താക്കൾ പ്രധാനമായും മുഖം തിരിക്കുന്ന പ്രവണതയാണ് ടൊയോട്ട ഒക്‌ടാവിയ കോമ്പിക്കും വിനയായത്. 2002ലാണ് ഒക്ടാവിയ കോമ്പി പ്രമുഖ വാഹന നിർമ്മാതാക്കളായ സ്ക്കോഡ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. യൂറോപ്യൻ നിലവാരത്തിലുള്ള മികച്ച ഡിസൈനും അധിക സാങ്കേതികവിദ്യകളുടെ പിന്തുണയും ഉണ്ടായിരുന്നെങ്കിലും ഒക്ടോവിയ പ്രതീക്ഷിച്ച വിജയം നേടാതെ വിപണിയിൽ നിന്ന് പിൻവലിക്കപ്പെട്ടു. പുതിയ വിപണി സാഹചര്യങ്ങളിൽ ഒക്‌ടാവിയ വീണ്ടും വിപണിയിൽ അവതരിപ്പിക്കാൻ സ്‌ക്കോഡ ഒരുങ്ങുമെന്നാണ് വിലയിരുത്തുന്നത്.

സ്ക്കോഡ യതി

പത്ത് വർഷം മുൻപ് ഇന്ത്യൻ വിപണിക്ക് ആലോചിക്കാൻ കഴിയാത്ത സ്‌പോർട്ട്സ് യൂട്ടിലിറ്റി വാഹനങ്ങളിളുടെ(എസ്.യു.വി) മികച്ച ഡിസൈനിലും യൂറോപ്യൻ നിലവാരത്തിലുമാണ് യതി ജർമ്മനിയിലെ സ്‌ക്കോഡ മോട്ടോഴ്സ് ഇന്ത്യൻ നിരത്തിൽ അവതരിപ്പിച്ചത്. എസ്.യു.വികൾക്ക് ഇന്നത്തെ പോലെ ഉപഭോക്താക്കളുടെ താത്പര്യം ലഭിക്കാത്തതിനാൽ യതി വിപണിയിൽ വലിയ പരാജയം നേരിട്ടു. ടൊയോട്ട ഫോർച്ച്യൂണറിന്റെ വിലയ്ക്ക് അടുത്താണ് യതി ഇന്ത്യയിൽ വില്പനയ്ക്ക് എത്തിച്ചത്. ഇതും പരാജയത്തിന് കാരണമായി,

ടാറ്റ ഹെക്സ

ടാറ്റയുടെ ഇപ്പോഴത്തെ പ്രധാന മോഡലായ ഏരിയയുടെ റേഞ്ചിൽ വിപണിയിൽ അവതരിപ്പിച്ച ഹെക്സ കാലത്തിന് മുന്നേ എത്തിയ വാഹനമെന്നാണ് വിലയിരുത്തുന്നത്. വണ്ടി ഓടിച്ചവരെല്ലാം നല്ല അഭിപ്രായം പറഞ്ഞെങ്കിലും അന്നത്തെ മത്സര സാഹചര്യം എതിരായി. മഹീന്ദ്ര എക്സ്.യു.വി 500. ടൊയോട്ട ക്രിസ്റ്റ എന്നിവയോടാണ് ഹെക്സ മത്സരിച്ചത്. അതിനാൽ ഉപഭോക്താക്കൾ ഈ മോഡലിനോട് വലിയ പ്രതിപത്തി കാണിച്ചില്ല.

Advertisement
Advertisement