നടുറോഡിൽ മുൻ കാമുകിയെ യുവാവ് സ്‌പാനർ ഉപയോഗിച്ച് അടിച്ചുകൊന്നു; കാഴ്ചക്കാരായി നാട്ടുകാർ

Tuesday 18 June 2024 4:41 PM IST

മുംബയ്: നടുറോഡിൽ സ്‌പാനർ ഉപയോഗിച്ച് മുൻ കാമുകിയെ അടിച്ചുക്കൊന്ന 20കാരൻ പിടിയിൽ. മുംബയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. രോഹിത് യാദവ് എന്ന യുവാവാണ് തന്റെ മുൻ കാമുകി ആരതി യാദവിനെ കൊലപ്പെടുത്തിയത്. ആരതിയ്ക്ക് വേറെ ബന്ധം ഉണ്ടെന്ന് സംശയിച്ചാണ് പ്രതി യുവതിയെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആരതി യാദവ് ജോലിക്ക് പോകുമ്പോൾ രാവിലെ എട്ടരയോടെ ഈസ്റ്റ് ചിഞ്ച്പാഡ ഏരിയയിൽ വച്ചാണ് ആക്രമിച്ചത്. സംഭവസമയത്ത് റോഡിൽ ആളുകൾ ഉണ്ടായിരുന്നുവെങ്കിലും പ്രതിയെ തടഞ്ഞില്ലെന്നും ആരോപണമുണ്ട്. 15 തവണയാണ് പ്രതി യുവതിയുടെ തലയിൽ സ്‌പാനർ കൊണ്ട് അടിച്ചത്. ഒരാൾ പ്രതിയെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും അയാളെയും യുവാവ് ഭീഷണിപ്പെടുത്തി.

സംഭവസ്ഥലത്തുണ്ടായിരുന്നവർ സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബെെൽ ഫോണിൽ ഷൂട്ട് ചെയ്തതിരുന്നു. ദൃശ്യങ്ങളിൽ ​രോഹിത് കെെയിൽ ചോര പുരട്ട സ്‌പാനറുമായി നിൽക്കുന്നതും യുവതി റോഡിൽ കിടക്കുന്നതും കാണാം. യുവതിയുടെ മുഖം പിടിച്ച് നീ എന്തിനാണ് എന്നോട് ഇത് ചെയ്തതെന്ന് യുവാവ് ചോദിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ ഉണ്ട്. ആരതിയുടെ മരണം ഉറപ്പാക്കിയ പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. രോഹിത് യാദവിനെ അറസ്റ്റ് ചെയ്തതായും കൊലപാതകക്കുറ്റം ചുമത്തിയതായും പൊലീസ് അറിയിച്ചു. ആരതിയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം പ്രതി അസ്വസ്ഥനായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Advertisement
Advertisement