ജോലി ചെയ്യാതെ 20 കൊല്ലം ശമ്പളം തന്നു, കമ്പനിക്കെതിരെ പരാതിയുമായി യുവതി

Tuesday 18 June 2024 5:38 PM IST

ഫ്രാൻസ്: ഒരു പണിയും ചെയ്യാതെ ശമ്പളം കിട്ടണമെന്ന് സ്വപ്‌നം കാണുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. യഥാർത്ഥത്തിൽ ഇത് സംഭവിച്ചിരിക്കുകയാണ്. ജോലി ചെയ്യാതെ 20 വർഷമാണ് ഒരു യുവതിക്ക് ശമ്പളം കിട്ടിയത്. എന്നാൽ, ഈ ഭാഗ്യം ലഭിച്ച ലോറൻസ് വാൻ വാസൻഹോവ് അക്കാര്യത്തിൽ അത്ര ഹാപ്പിയല്ല. മാത്രമല്ല, ജോലി ചെയ്യാതെ ശമ്പളം തരുന്ന തന്റെ കമ്പനിയായ ടെലികോം ഭീമൻ ഓറഞ്ചിനെതിരെ അവർ കേസും കൊടുത്തു. ജോലിയിൽ ധാർമ്മിക പീഡനവും വിവേചനവും കാണിച്ചു എന്നാണ് ലോറൻസ് പറയുന്നത്. ‌

ഹെമിപ്ലെജിയ എന്ന അവസ്ഥ ബാധിച്ച ആളാണ് ലോറൻസ്. ശരീരത്തിന്റെ ഒരുഭാ​ഗമോ അല്ലെങ്കിൽ പൂർണമായോ തളർന്നു പോയേക്കാവുന്ന അവസ്ഥയാണിത്. അതിനാൽ തന്നെ എല്ലാ ഓഫീസിലും അവൾക്ക് ജോലി ചെയ്യാനാവില്ല. അവളുടെ ശാരീരികാവസ്ഥയ്ക്ക് യോജിച്ച സ്ഥലത്ത് മാത്രമേ ജോലി ചെയ്യാൻ പറ്റുമായിരുന്നുള്ളൂ. 1993ൽ ഫ്രാൻസ് ടെലികോമിൽ സിവിൽ സർവെന്റായി അവളെ നിയമിച്ചു. അവളുടെ മെഡിക്കൽ ആവശ്യങ്ങൾക്ക് യോജിച്ച സ്ഥാനമാണ് അവൾക്ക് അവർ നൽകിയത്.

2002 വരെ സെക്രട്ടറിയായും എച്ച്ആർ ഡിപ്പാർട്ട്മെന്റിലും അവൾ ജോലി ചെയ്തു. എന്നാൽ, പിന്നീട് കമ്പനി ഓറഞ്ച് ഏറ്റെടുത്തു. അതോടെ ലോറൻസിനോട് ആ ഓഫീസിൽ നിന്നും ഫ്രാൻസിന്റെ മറ്റൊരു ഭാ​ഗത്തേക്കുള്ള ഓഫീസിലേക്ക് മാറാൻ ആവശ്യപ്പെട്ടു. എന്നാൽ, പുതിയ ഓഫീസ് അവളുടെ ശാരീരികാവസ്ഥയ്ക്ക് യോജിച്ച തരത്തിലുള്ളതേ ആയിരുന്നില്ല. അതോടെ അവൾക്ക് ജോലി ചെയ്യാൻ ബുദ്ധിമുട്ടായിത്തുടങ്ങി.

അവളുടെ ആവശ്യങ്ങൾ കമ്പനി പരി​ഗണിച്ചില്ല എന്നും തനിക്ക് പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യാൻ തന്നില്ലയെന്നും അവൾ പറയുന്നു. എന്നാൽ, കമ്പനി കൃത്യമായി ഓരോ മാസവും അവൾക്ക് ശമ്പളം നല്കിയിരുന്നു. എന്നാൽ, തന്നോട് വിവേചനം കാണിച്ചു എന്നും ജോലി ചെയ്യാനുള്ള അവസ്ഥ ഒരുക്കിയില്ലെന്നും കാണിച്ചാണ് യുവതി ഇപ്പോൾ കേസ് കൊടുത്തിരിക്കുന്നത്.

Advertisement
Advertisement