രാജ്യസഭാ തിരഞ്ഞെടുപ്പ്: കേരളത്തിലെ മൂന്ന് പേരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

Tuesday 18 June 2024 6:45 PM IST

തിരുവനന്തപുരം: കേരളത്തില്‍ ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫില്‍ നിന്ന് പി.പി സുനീര്‍, ജോസ് കെ മാണി എന്നിവരും യുഡിഎഫില്‍ നിന്ന് ഹാരിസ് ബീരാനുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. നാമനിര്‍ദേശപകത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് അവസാനിക്കുന്നത് വരെ മറ്റാരും പത്രിക സമര്‍പ്പിക്കാതിരുന്നതോടെയാണ് തിരഞ്ഞെടുപ്പില്ലാതെ മൂന്ന് പേരും രാജ്യസഭയിലേക്ക് പോകുന്നത്.

സുപ്രീംകോടതി അഭിഭാഷകനും ഡല്‍ഹി കെ.എം.സിസി പ്രസിഡന്റുമായ ഹാരിസ് ബീരാനാണ് പൗരത്വനിയമ ഭേദഗതി ഉള്‍പ്പെടെ മുസ്ലിം ലീഗ് നടത്തിയ നിയമപോരാട്ടങ്ങള്‍ ഏകോപിപ്പിക്കുന്നത്. എറണാകുളം ആലുവ സ്വദേശിയാണ്. ലീഗിന്റെ രാജ്യസഭാ സീറ്റില്‍ പി.കെ ഫിറോസിനേയും പരിഗണിച്ചിരുന്നു.

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനാണ് ജോസ് കെ മാണി. അതേസമയം പൊന്നാനി സ്വദേശിയായ സുനീര്‍, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ്. നിലവില്‍ ഹൗസിങ് ബോര്‍ഡ് വൈസ് ചെയര്‍മാനാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ചിരുന്നു.

എല്‍ഡിഎഫില്‍ രാജ്യസഭാ സീറ്റ് വിഭജനം വന്നപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് രണ്ട് സീറ്റുകളും ഘടകകക്ഷികള്‍ക്ക് നല്‍കാന്‍ സിപിഎം തയ്യാറാകുകയായിരുന്നു. മുന്നണിയുടെ കെട്ടുറപ്പ് നിലനിര്‍ത്തേണ്ട ആവശ്യകത മനസ്സിലാക്കിയാണ് സിപിഎം തീരുമാനം.

Advertisement
Advertisement