പോരാളി ഷാജിമാർ; പഞ്ചകർമ്മ ചികിത്സയും

Wednesday 19 June 2024 12:56 AM IST

ആരെടാ പോരാളി ഷാജി?ഒളിച്ചിരിക്കാതെ ധൈര്യമുണ്ടെങ്കിൽ ഇറങ്ങി വാടാ... - കണ്ണൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റേതാണ് വെല്ലുവിളി. ഇതെന്തു പറ്റി? ഇതുവരെ

ഒക്കത്തേറ്റി കൊണ്ടുനടന്ന ചാപ്പനെ, ഒടുവിൽ തിരിഞ്ഞു കുത്തിയപ്പോൾ കൊല്ലിക്കാനോ? ആരാന്റെ അമ്മയ്ക്ക് ഭ്രാന്തു വന്നാൽ കാണാൻ നല്ല ചേലായിരുന്നു അല്ലേ? ഇങ്ങനെ പോകുന്നു,​ സമൂഹ മാദ്ധ്യമങ്ങളിലെ ചോദ്യങ്ങൾ.

എതിരാളികളെ അപവാദ പ്രചാരണങ്ങളാൽ അധിക്ഷേപിക്കാനും താടറിക്കാനും പാർട്ടിക്കു വേണ്ടി പോരാളി ഷാജിമാർ

ഏറെ വിയർപ്പൊഴുക്കിയപ്പോൾ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നല്ലോ സഖാക്കൾ ഇതു വരെ. ക്രൂരമായ അശ്ലീല അധിക്ഷേപത്തിന് പൊതുരംഗത്തെ നിരവധി സ്ത്രീകൾ ഇരകളായിട്ടും പൊലീസും പാർട്ടിയും വനിതാ സഖാക്കളും പോലും മൗനം പൂണ്ടു! പക്ഷേ, പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജനങ്ങൾ സ്വന്തം പക്ഷത്തെ തിരസ്കരിച്ചതോടെ കളത്തിനു പുറത്തായിരുന്ന ഷാജിമാരുടെ പോരാട്ടം ആശാന്റെ നെഞ്ചത്തായി.

പോരാളി ഷാജിയെന്ന സമൂഹ മാദ്ധ്യമ കൂട്ടായ്മയുടെ അഡ്മിൻ, നാട്ടിൽ ഇടതുപക്ഷ ആശയം പ്രചരിപ്പിക്കണമെന്ന കാഴ്ചപ്പാടുള്ള ആളാണെങ്കിൽ ധൈര്യമായി പുറത്തു വരണമെന്നാണ് ജയരാജൻ സഖാവിന്റെ ആവശ്യം. എത്ര പേരാണ് പോരാളി ഷാജിയെന്ന പേരിൽ! നമ്മുടെ കൂട്ടത്തിലുള്ള ഷാജിമാരോണോ ഇവരെല്ലാം?ആവില്ല. ആയിരുന്നെങ്കിൽ ഇവന്മാർ നമുക്കിട്ടു തന്നെ പണിയുമോ?സഖാവിന് സംശയം. ഒടുവിൽ ഉത്തരം കണ്ടെത്തി. ഇടതുപക്ഷമെന്ന് കരുതുന്ന പല പോരാളി ഷാജിമാരെയും തിരഞ്ഞെടുപ്പു സമയത്ത് രാഷ്ട്രീയ എതിരാളികൾ വിലയ്ക്കെടുത്തു കളഞ്ഞു. ചക്കിനു വച്ചത് കൊക്കിനു കൊണ്ടു.

പരമശിവൻ പണ്ട് ഭസ്മാസുരന് വരം കൊടുത്തതു പോലെയായി കാര്യങ്ങൾ. വരം കിട്ടിയ ഭസ്മാസുരൻ ആദ്യം അതിന്റെ ഫലസിദ്ധി പരീക്ഷിച്ചു നോക്കിയത് വരദാതാവിനു നേർക്ക്! അതു പോലെ ഭസ്മാസുരനാവുകയാണ് പോരാളി ഷാജിയും. ഒടുവിൽ ഭസ്മാസുരൻ തന്നെ ഭസ്മമായതു കൂടി ഓർക്കുക. തിരിച്ചൊരു കൊട്ടു കൊടുത്തപ്പോൾ പോരാളി ഷാജി പ്രതികരിച്ചതു കേട്ടില്ലേ? ജനങ്ങൾക്കൊപ്പം നിൽക്കാൻ പറ്റുന്നില്ലെങ്കിൽ ചോരകൊണ്ട് ചുവപ്പിച്ച ചെങ്കൊടി താഴെ വച്ച് നേതാക്കൾ വല്ല ജോലിയും ചെയ്ത് ജീവിക്കണമെന്ന്! ഇതിനു പിന്നിൽ മറ്റവന്മാർ (കോൺഗ്രസുകാർ) തന്നെയെന്ന്; ഉറപ്പ്. ക്യാപ്സൂൾ വീരന്മാർ ജാഗ്രതെ!

 

ആയുർവേദ പഞ്ചകർമ്മ ചികിത്സയിലെ ആദ്യ ഘട്ടമാണ് വിരേചനം അഥവാ വയറിളക്കൽ. വമനം (ഛർദ്ദിപ്പിക്കൽ),

തിരുമ്മൽ, കിഴി, പിഴിച്ചിൽ, ധാര.... അങ്ങനെ പോകുന്നു,​ ചികിത്സാ ഘട്ടങ്ങൾ. ഈ ചികിത്സകൊണ്ട് ശരീരത്തിലെ ദുഷ്ടുകളും ദുർമേദസും കളഞ്ഞ് ഓജസും തേജസും വീണ്ടെടുക്കാനാവുമെന്നാണ് വൈദ്യ കല്പന. സി,പി.എമ്മിന്റെ തലപ്പത്ത് പഞ്ചകർമ്മ ചികിത്സയ്ക്ക് (അഞ്ചുദിവസത്തെ സംസ്ഥാന നേതൃയോഗം) നടക്കുകയാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിലെ ഭീമമായ തിരിച്ചടിയിൽ നിന്ന് കരകയറണം. പഴയ ആരോഗ്യം വീണ്ടെടുക്കണം.

അതിന് ഏതു തരത്തിലുള്ള ചികിത്സയും അനിവാര്യമെന്ന് നേതൃത്വത്തിലെ ഒരു കൂട്ടർ. അത്ര കടുത്ത ചികിത്സ വേണ്ട, എണ്ണയും തൈലവും പുരട്ടിയുള്ള 'സുഖ ചികിത്സ" മതിയെന്ന് മറ്റൊരു കൂട്ടർ.സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ജനങ്ങൾ അനുഭവിക്കുന്നുണ്ടെന്നും, കേന്ദ്രത്തിൽ വീണ്ടും മോദി സർക്കാർ വരാതിരിക്കാൻ കോൺഗ്രസിന് വോട്ട് ചെയ്ത ജനങ്ങൾ വീണ്ടും വരുത്തിയ 'കൈപ്പിഴ"യാണ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് തോൽവിയെന്നുമാണ് അവരുടെ പക്ഷം. പഞ്ചകർമ്മ ചികിത്സ ഫലിക്കുമോ?കാത്തിരുന്നു കാണാം.

അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും. ക്ഷേമ പെൻഷനുകൾ മുടങ്ങിയവരും ആനുകൂല്യങ്ങൾ കിട്ടാതെ പോയ സർക്കാർ ജീവനക്കാരും പെൻഷൻകാരും തിരിച്ചു കുത്തിയതും, മാവേലി സ്റ്റോറുകൾ കാലിയായതും, സർക്കാർ

ആശുപത്രികളിൽ മരുന്നില്ലാത്തതുമൊക്കെയാണ് വോട്ടെടുപ്പിലെ തിരിച്ചടിക്കു കാരണമെന്ന് സി.പി.എം, സി.പി.ഐ സംസ്ഥാന സെക്രട്ടറിമാർക്ക് ഒടുവിൽ ബോധോദയം! ജനങ്ങൾ അത് നേരത്തേ പറഞ്ഞതല്ലേ?താത്വിക അവലോകനത്തിലൂടെ സത്യം കണ്ടെത്താൻ സമയമെടുക്കും. അതു ചിലപ്പോൾ തിരിച്ചടി നേരിട്ടതിനു ശേഷമാവും! പാർട്ടി കേന്ദ്രങ്ങളിലെ വോട്ടുകൾ പോലും ബി.ജെ.പിയിലേക്ക് എങ്ങനെ മറിഞ്ഞു? വളരെ സൂക്ഷിക്കണം. അതിനാണ് അഞ്ചു ദിവസത്തെ താത്വിക അവലോകനം.

 

മഴ പെയ്തൊഴിഞ്ഞിട്ടും മരം പെയ്തു തീർന്നില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശൂരിൽ ദയനീയമായി മൂന്നാം സ്ഥാനത്ത്

എത്തിയതിന്റെ മനോവേദനയിൽ കോഴിക്കോട്ടെ വീട്ടിൽ മുറിയടച്ചിരുന്ന് പാർട്ടിക്കാരോട് പ്രതിഷേധിച്ച കെ. മുരളീധരൻ, ഇനി കുറേനാൾ പൊതു പ്രവർത്തനത്തിനില്ലെന്ന് പറഞ്ഞു കളഞ്ഞു. അന്നു തുടങ്ങിയതാണ് മുരളിക്കു വേണ്ടി അനുയായികളുടെ പോസ്റ്റർ പ്രചാരണം. മുരളീധരൻ മുമ്പ് പാർലമെന്റ് അംഗമായിരുന്ന കോഴിക്കോട് മണ്ഡലത്തിലാണ് പോസ്റ്ററുകൾ ഏറെയും.

ഏകാന്തവാസം കഴിഞ്ഞ് നേതാവ് ഡൽഹിക്ക് വണ്ടി കയറി. തൃശൂരിലെ തോൽവിയുടെ പേരിൽ ഡി.സി.സി

പ്രസിഡന്റിന്റെയും യു.ഡി.എഫ് ജില്ലാ കൺവീനറുടെയും തലകൾ ഉരുണ്ടുകഴിഞ്ഞു. എന്നിട്ടും അനുയായികൾ വിടുന്ന

മട്ടില്ല. 'നായകൻ വരൂ,​ കേരളത്തെ രക്ഷിക്കൂ" എന്നാണ് പല പോസ്റ്ററുകളിലും. ഇതു കേട്ടാൽ, കേരളം എന്തോ വലിയ

അപകടത്തിൽപ്പെട്ടിരിക്കുകയാണെന്ന് തോന്നും. ഇനി, അവർ കേരളത്തിലെ കോൺഗ്രസിനെയാണോ ഉദ്ദേശിക്കുന്നതെന്ന് അറിയില്ല. അവിടെയും കാര്യമായ അപകടത്തിന് വഴി കാണുന്നില്ല. പാർട്ടി മത്സരിച്ച 16 സീറ്റിൽ 14- ലും വിജയിച്ചു.

നായകനു വേണ്ടി അവർ മനസിൽവയ്ക്കുന്നത് വയനാട സീറ്റോ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനമോ എന്നറിയില്ല. എന്തായാലും, വയനാട് സീറ്റ് നോക്കി ഇനി വെള്ളമിറക്കിയിട്ട് കാര്യമില്ല. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനമാണെങ്കിൽ അതിന്റെയും, കണ്ണൂരിലെ എം.പി സ്ഥാനത്തിന്റെയും ഭാരം ഒരുമിച്ച് എങ്ങനെ കൊണ്ടുനടക്കുമെന്ന ആശങ്കയിലാണ് കെ.സുധാകരൻ. പഴയതു പോലെ രണ്ടും ചുമന്നു നടക്കാൻ ആരോഗ്യം അനുവദിക്കുന്നില്ല. പ്രസിഡന്റ് സ്ഥാനം മുരളീധരനു കൈമാറാൻ തയ്യാറാണെന്ന് കോഴിക്കോട്ടെ വീട്ടിൽ മുരളിയെ സാന്ത്വനിപ്പിക്കാനെത്തിയ വേളയിൽ കെ.സുധാകരൻ. എന്നാൽ, സുധാകരൻ തന്നെ തുടർന്നും ആ പദവി വഹിക്കണമെന്നായിരുന്നു മുരളീധരന്റെ മറുപടി. മുരളിയെ കൂളാക്കാൻ മറ്റെന്തു വഴി?പക്ഷേ, ഇതൊന്നും കണ്ട് പദ്മജ ചിരിക്കണ്ട.

നുറുങ്ങ്:

 നിയമസഭ ചേരുന്നതിനാൽ പൊലീസുകാർ ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഡി.ജി.പിയുടെ സർക്കുലർ.

# നിയമസഭ എന്നും ചേർന്നിരുന്നെങ്കിൽ നമ്മുടെ പൊലീസ് എത്ര നന്നായിപ്പോയേനെ!

(വിദുരരുടെ ഫോൺ: 99461 08221)

Advertisement
Advertisement