ജോസേട്ടായി ഇനി അറബി സംസാരിക്കും
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടർബോ എന്ന ചിത്രത്തിന് അറബിക് പതിപ്പും. ഇതിന് മുന്നോടിയായി അറബിക് ടീസർ ഇന്നലെ രാത്രി ഷാർജ സെൻട്രൽ മാളിൽ ഇന്ത്യൻ സമയം 9.15ന് പുറത്തിറങ്ങി. ടർബോയുടെ വിജയാഘോഷ ചടങ്ങിലാണ് ടീസർ റിലീസ് ചെയ്തത്. 11 ദിവസം കൊണ്ട് ആഗോള ബോക്സ് ഒാഫീസിൽ നിന്ന് 70 കോടി ടർബോ നേടി. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ ടർബോ തമിഴ്നാട്ടിലും കർണാടകത്തിലും സൗദി അടക്കമുള്ള വിദേശ മാർക്കറ്റുകളിലും മികച്ച കുതിപ്പാണ് നടത്തിയത്. സൗദിയിൽ ഒരു മലയാള ചിത്രം നേടുന്ന എക്കാലത്തെയും മികച്ച കളക്ഷനാണ് ടർബോ സ്വന്തമാക്കിയത്. കന്നട താരം രാജ് ബി. ഷെട്ടി, തെലുങ്ക് താരം സുനിൽ, തെലുങ്കിലും ബോളിവുഡിലും തിളങ്ങുന്ന കബീർ ദുഹാൻ സിംഗ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചത്. അഞ്ജന ജയപ്രകാശ് , ദിലീഷ് പോത്തൻ, ബിന്ദു പണിക്കർ, ശബരീഷ് വർമ്മ, ജോണി ആന്റണി, നിരഞ്ജന അനൂപ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.മിഥുൻ മാനുവൽ തോമസാണ് രചന. ഛായാഗ്രഹണം വിഷ്ണു ശർമ്മ.