എമ്പുരാൻ‌ ഗുജറാത്തിൽ

Wednesday 19 June 2024 12:19 AM IST

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ ഗുജറാത്തിൽ പുരോഗമിക്കുന്നു. എമ്പുരാന്റെ ഏഴാമത്തെ ഷെഡ്യൂളാണ്. മോഹൻലാൽ, ഇന്ദ്രജിത്ത്,പൃഥ്വിരാജ് തുടങ്ങിയ താരങ്ങൾ ഇൗ ഷെഡ്യൂളിലുണ്ട്. എമ്പുരാന്റെ ഏറ്റവും വലിയ ഷെഡ്യൂളാണ് ഗുജറാത്തിൽ നടക്കുന്നത്. എട്ടാം ഷെഡ്യൂൾ അബുദാബിയിലും ഒൻപതാം ഷെഡ്യൂൾ ദുബായിലുമാണ്. ഇൗ ഷെഡ്യൂളുകൾ ആഗസ്റ്റിൽ പൂർത്തിയാക്കാനാണ് ഒരുങ്ങുന്നത്. അടുത്ത വർഷമേ എമ്പുരാന്റെ റിലീസ് ഉണ്ടാകുവെന്നാണ് വിവരം.

2019 ലെ ബ്ളോക്ക് ബസ്റ്ററായ ലൂസിഫറിനുശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗമായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയിൽ ഖുറേഷി അബ്റാം ആയി മോഹൻലാൽ വീണ്ടും എത്തുന്നു. മഞ്ജുവാര്യർ, ടൊവിനോ തോമസ്, സായ് കുമാർ, ബൈജു സന്തോഷ്, സാനിയ അയ്യപ്പൻ, സച്ചിൻ ഖേദക്കർ തുടങ്ങിയവർ തുടർച്ചയായി തങ്ങളുടെ വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്,ഷറഫുദ്ദീൻ , ഷൈൻ ടോം ചാക്കോ എന്നിവരും താരനിരയിലുണ്ട്. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിലാണ് എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് മുരളിഗോപി രചന നിർവഹിക്കുന്നു. സുജിത് വാസുദേവ് ആണ് ഛായാഗ്രഹണം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും രാജ്യത്തെ പ്രമുഖ നിർമ്മാതാക്കളായ ലെയ്‌ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം.

Advertisement
Advertisement