ജയിൽമുറ്റം ഇനി പൂപ്പാടം, പുഷ്പവാടി .02ന് തുടക്കം

Wednesday 19 June 2024 12:00 AM IST

തൃശൂർ: ഓണവിപണി ലക്ഷ്യമിട്ട് ജയിൽമുറ്റം പൂപ്പാടമാക്കാൻ ഒരുക്കം തുടങ്ങി. വിയ്യൂ‌ർ ജയിലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച പൂക്കൃഷിക്ക് ഇക്കുറി പേര് 'പുഷ്പവാടി .02' എന്നാണ്. കഴിഞ്ഞവർഷം കാലാവസ്ഥാവ്യതിയാനം മൂലം അൽപ്പം പാളിയെങ്കിലും നഷ്ടമല്ല, ലാഭം തന്നെയാണ് മിച്ചം. സംസ്ഥാനത്തെ ഒരു ജയിലിൽ ആദ്യമായാണ് പുഷ്പക്കൃഷിയിറക്കിയതും വിളവെടുപ്പ് നടന്നതും.

പൂക്കൃഷിയിലൂടെ 18,500 രൂപയാണ് സർക്കാർ ഖജനാവിലേക്ക് ലഭിച്ചത്. മുന്നൂറോളം പേരെ പാർപ്പിക്കുന്ന രണ്ട് ഇരുനില ബ്ലോക്കുകളുടെ നടമുറ്റത്താണ് പുഷ്പക്കൃഷി നടത്തുന്നത്. അന്തേവാസികൾക്ക് മനപരിവർത്തനങ്ങൾക്ക് ഉൾപ്രേരകമാകാൻ പൂന്തോട്ടക്കണിയും ഉപകരിക്കുമെന്നാണ് ജയിൽ അധികൃതരുടെ പ്രതീക്ഷ.

എ.എം.എച്ച്.എ സ്ഥാപക ഡയറക്ടർ ഡോ. പി. ഭാനുമതി പുഷ്പവാടി .02ന്റെ ഉദ്ഘാടനം നിർവഹിച്ചു. ജയിൽ സൂപ്രണ്ട് കെ. അനിൽ കുമാർ അദ്ധ്യക്ഷനായി. കൃഷി ഓഫീസർ ചിത്ര ഗംഗാധരൻ, അഡ്വ. വിനീത് സേവ്യർ, അസി. സൂപ്രണ്ട് പി.ടി. ശശികുമാർ എന്നിവർ സംസാരിച്ചു.


ആയിരത്തോളം ചെണ്ടുമല്ലി

പുഷ്പക്കൃഷിയുടെ ഭാഗമായി ജയിൽ അങ്കണത്തിൽ ആയിരത്തോളം ഹൈബ്രിഡ് ചെണ്ടുമല്ലി ഇന്നലെ നട്ടു. വിൽവട്ടം കൃഷി ഓഫീസർ ചിത്ര ഗംഗാധരന്റെ നേതൃത്വത്തിലാണ് തൈകൾ എത്തിച്ചത്. 45 - 50 ദിവസം കൊണ്ട് പൂവിട്ട ശേഷം 60-ാം ദിവസം മുതൽ വിളവെടുക്കാം. ഒരു ചെടിയിൽ നിന്നും 1.5 മുതൽ 2 കിലോ പൂക്കൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ സുധീറിന്റെ നേതൃത്വത്തിൽ നടക്കുന്ന കൃഷിയുടെ പരിപാലനച്ചുമതല എട്ട് അന്തേവാസികൾക്കാണ്. തടവുകാരുടെ പൊതുകുളിസ്ഥലത്തെ ഉപയോഗ ശേഷള്ള ജലം കനാൽ വഴി പൂപ്പാടത്തേക്ക് എത്തിച്ച് ജലസേചന സൗകര്യമൊരുക്കും. വിയ്യൂർ സെൻട്രൽ ജയിൽ അധികൃതരുടെ നേതൃത്വത്തിൽ പത്ത് ലക്ഷം രൂപ വരുമാനം പ്രതീക്ഷിക്കുന്ന വാഴക്കൃഷി, പച്ചക്കറിക്കൃഷി എന്നിവയ്ക്കും തുടക്കം കുറിച്ചിട്ടുണ്ട്. വേനൽ രൂക്ഷമായിട്ടും ഫെബ്രുവരി, മാർച്ച് ഏപ്രിൽ, മേയ് മാസങ്ങളിലായി അഞ്ച് ടൺ പച്ചക്കറിയാണ് ഉത്പാദിപ്പിച്ചത്.

Advertisement
Advertisement