ജെ.സി.ബിയിൽ നിന്ന് ഡീസൽ മോഷ്ടിച്ചു, ഉടമയുടെ ബൈക്കുമായി പ്രതിയുടെ കാർ പാഞ്ഞത് 3 കി.മീ

Wednesday 19 June 2024 3:54 AM IST

ഒടുവിൽ മറ്റൊരു ബൈക്കുമായി രക്ഷപ്പെട്ടു

കാട്ടാക്കട: കുറ്രിച്ചൽ പരുത്തിപ്പള്ളിയിൽ മോഷ്ടാവ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ 4.15നായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മോഷണസാധനങ്ങളുമായി കാറിലെത്തിയ പ്രതി പരുത്തിപ്പള്ളിയിൽ എത്തിയപ്പോൾ ഡീസൽ തീർന്നു. തുടർന്ന് കുറ്റിച്ചൽ കള്ളിക്കാട് റോഡിൽ നിറുത്തിയിട്ടിരുന്ന ജെ.സി.ബിയിൽ നിന്ന് ഡീസൽ മോഷ്ടിച്ചു. ജെ.സി.ബി ഒതുക്കിയിട്ടിരുന്നതിന് സമീപമുണ്ടായിരുന്ന ടോറസിന്റെ ഉടമയായ വിജീഷ് പുലർച്ചെ യാദൃശ്ചികമായി മൊബൈലിലെ സി.സി ടിവി ദൃശ്യം പരിശോധിച്ചപ്പോൾ ഇതു കാണുകയും ഉടൻ ജെ.സി.ബി ഉടമ പ്രഷോഭിനെ വിവരമറിയിക്കുകയും ചെയ്തു. സമീപത്ത് താമസിക്കുന്ന പ്രഷോഭ് സ്ഥലത്തെത്തി കാറിന് കുറുകെ സ്കൂട്ടർ നിറുത്തി. ഇതുകണ്ട പ്രതി കാർ മുന്നോട്ടെടുത്തു. പ്രഷോഭ് രക്ഷപ്പെട്ടെങ്കിലും കാറിന്റെ മുൻഭാഗത്ത് കുരുങ്ങിയ സ്കൂട്ടറുമായി മൂന്നു കിലോമീറ്ററോളം പ്രതി സഞ്ചരിച്ചു. പേഴുംമൂട് ക്ഷേത്രത്തിനു സമീപത്തെ മുഹമ്മദ് അർഷാദ് എന്നയാളുടെ വീടിനു മുന്നിലെത്തിയപ്പോൾ കാർ നിറുത്തി. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ മോഷ്ടാവ് കാറിൽ നിന്ന് ഇറങ്ങിയോടി അടുത്ത വീട്ടിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുമായി രക്ഷപ്പെടുകയായിരുന്നു. നാദിർഷ എന്നയാളുടെ KL 21 L 2399 നമ്പർ വാഹനത്തിലാണ് ഇയാൾ മുങ്ങിയത്. മതിലിന് വെളിയിൽ വച്ചിരിക്കുകയായിരുന്നു ബൈക്ക്. പേയാട് സ്വദേശിയായ നാദിർഷയും കുടുംബവും രണ്ടു മാസമായി പേഴുംമൂട് റോസ് ലെയിനിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇയാൾ പൊലീസിൽ പരാതി നൽകി.

കാറിൽ നിന്ന് മോഷ്ടാവിന്റേതെന്നു കരുതുന്ന പഴ്സ്, ഡ്രൈവിംഗ് ലൈസൻസ്, മൊബൈൽ ഫോൺ എന്നിവയും ദേവീക്ഷേത്രങ്ങളിൽ കാണിക്കയായി ലഭിക്കുന്ന സ്വർണ പൊട്ടുകൾ, സ്വർണത്താലി തുടങ്ങിയവയും സ്വർണാഭരണങ്ങളും ചാക്കുകളിൽ സൂക്ഷിച്ചിരുന്ന നിരവധി പിച്ചള വെങ്കല പാത്രങ്ങളും വിളക്കുകളും ചെറിയ കുടങ്ങൾ ഉൾപ്പെടെയുള്ളവയും കണ്ടെത്തി. മോഷണത്തിന് ഉപയോഗിക്കുന്ന കമ്പിപ്പാര ഉൾപ്പെടെയുള്ള ആയുധങ്ങളും കാറിലുണ്ടായിരുന്നു.

Advertisement
Advertisement